റെനഗേഡ്, ചെറു എസ്‌യുവി, 7 സീറ്റർ, രണ്ടും കൽപ്പിച്ച് ജീപ്പ്

Jeep

ഇന്ത്യൻ യുവി സെഗ്‌മെന്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ജീപ്പ്. ചെറു എസ്‌യു‌വിയും ഏഴു സീറ്റുള്ള എസ്‌യുവിയും ജീപ്പ് ഇന്ത്യയിലെത്തിക്കും. ഇന്ത്യയ്ക്കായി നിർമിക്കുന്ന നാലു മീറ്ററിൽ താഴെ നീളമുള്ള ചെറു എസ്‌യുവി 2020ലും തുടർന്ന് ഏഴു സീറ്റുള്ള എസ്‌യുവി 2021 ലുമായിരിക്കും ഇന്ത്യയിലെത്തുക.

ജീപ്പ് ലൈനപ്പിലെ ഏറ്റവും ചെറിയ എസ്‌യുവി റെനഗേഡിനെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ 2021ൽ വിപണിയിലെത്തുന്ന ഏഴു സീറ്റ് എസ്‌യുവിയെ പുറത്തിറക്കിയതിന് ശേഷമായിരിക്കും റെനേഗേഡിനെ എത്തിക്കാൻ സാധ്യത. വാർത്തകൾ ജീപ്പ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ 2020ൽ തന്നെ ചെറു വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ജീപ്പ് 526 എന്ന കോ‍ഡു നാമത്തിൽ അറിയപ്പെടുന്ന വാഹനം, പുതുതലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീൽഡ്രൈവുമായി എത്തുന്ന മോ‍ഡലുമായിരിക്കും ചെറു ജീപ്പ്. ജീപ്പിന്റെ ‍അടിസ്ഥാന സ്വഭാവങ്ങൾ പിന്തുടരുന്ന ചെറു എസ്‌യുവി സെഗ്മെന്റിലെ മറ്റുവാഹനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായിരിക്കും.

ചൈനീസ് വിപണിയിലുള്ള ‌എസ്‌യുവി ഗ്രാൻഡ് കമാൻഡറെ അടിസ്ഥാനപ്പെടുത്തിയുള്ള രൂപമായിരിക്കും ഇന്ത്യയിലെത്തുന്ന 7 സീറ്റർ വാഹനത്തിന്. 2 ലീറ്റർ പെട്രോൾ എൻജിനാണ്. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും 4873 എംഎം നീളവും 1892 എംഎം വീതിയും 1738 എംഎം ഉയരവും 2800 എംഎം വീൽബെയ്സുമുണ്ട്.