13 ലക്ഷം പിന്നിട്ട് ഹ്യുണ്ടേയ് ഐ 20 വിൽപ്പന

Elite i20

ഹാച്ച്ബാക്കായ ‘ഐ ട്വന്റി’യുടെ ആഗോള വിൽപ്പന 13 ലക്ഷം യൂണിറ്റ് പിന്നിട്ടതായി ദക്ഷിണ കൈറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം  ഐ  എൽ). ദശാബ്ദത്തിലേറെ കാലം മുമ്പായിരുന്നു ‘ഐ 20’ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്.  ആഗോളതലത്തിൽ ഇതുവരെയുള്ള ‘ഐ 20’ വിൽപ്പന 13 ലക്ഷം യൂണിറ്റിലെത്തിയതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് എച്ച് എം ഐ എൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് — നാഷനൽ(സെയിൽസ്) വികാസ് ജെയിൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെും ആഗോളതലത്തിലെയും ഉപയോക്താക്കളുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതിനാലാണ് ഈ നേട്ടം സാധ്യമായതെന്നും അദ്ദേഹം വിലയിരുത്തി.

ഇന്ത്യയിൽ പ്രീമിയം കോംപാക്ട് എന്ന വിഭാഗംസൃഷ്ടിച്ചത് ‘ഐ 20’ ആയിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം ഹ്യുണ്ടേയിക്ക് ആധുനിക, പ്രീമിയം ബ്രാൻഡെന്ന പ്രതിച്ഛായ നേടിക്കൊടുക്കുന്നതിലും ‘ഐ 20’ നിർണായക പങ്കു വഹിച്ചു. വർഷങ്ങൾക്കിപ്പുറവും കാഴ്ചപ്പകിട്ടിന്റെയും മികച്ച പ്രകടനത്തിന്റെയും പിൻബലത്തിൽ പ്രീമിയം കോംപാക്ട് വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാവാൻ ‘ഐ ട്വന്റി’ക്കു സാധിക്കുന്നുണ്ടെന്നും ജെയിൻ വ്യക്തമാക്കി.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അരങ്ങേറിയ ‘ന്യൂ 2018 എലീറ്റ് ഐ ട്വന്റി’യിലൂടെ യുവാക്കളെ ആകർഷിക്കാനാണു ഹ്യുണ്ടേയ് ലക്ഷ്യമിട്ടത്. യുവതലമുറയുടെ ഹൃദയം കവർന്നു മുന്നേറുന്ന ‘എലീറ്റ് ഐ 20’ പ്രതിമാസം പതിനായിരത്തിലേറെ യൂണിറ്റ് വിൽപ്പന നേടുന്നുണ്ടെന്നും ജെയിൻ വെളിപ്പെടുത്തി.

പത്തു വർഷം മുമ്പ് 2008ലായിരുന്നു ‘ഐ ട്വന്റി’യുടെ ഇന്ത്യൻ അരങ്ങേറ്റം. അടുത്ത വർഷം യൂറോ എൻ സി എ പി പരിശോധനയിൽ പഞ്ചനക്ഷത്ര റേറ്റിങ് നേടാനും കാറിനായി. 2015ൽ ബെസ്റ്റ് പ്രീമിയം കാർ ഇൻ ഇനീഷ്യൽ ക്വാളിറ്റി, മോസ്റ്റ് അപ്പീലിങ് പ്രീമിയം കോംപാക്ട് കാർ വിഭാഗങ്ങളിലെ ജെ ഡി പവർ ബഹുമതികളും കാർ സ്വന്തമാക്കി. അക്കൊല്ലം ഒരു ലക്ഷം യൂണിറ്റിന്റെ വാർഷിക വിൽപ്പന നേടാനും ‘ഐ ട്വന്റി’ക്കായി; 2016ലാവട്ടെ ‘ഐ ട്വന്റി’യുടെ മൊത്തം വിൽപ്പന 10 ലക്ഷം യൂണിറ്റും തികഞ്ഞു.