പുതുവർഷത്തിൽ ഡൽഹിയിലേക്ക് 4,000 ബസ് കൂടി

രാജ്യതലസ്ഥാനത്തെ പൊതുഗതാഗത സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുവർഷത്തിൽ 4,000 ബസ്സുകൾ കൂടി മഹാനഗരത്തിൽ സർവീസ് നടത്താനെത്തും. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനായി ജനുവരി ഒന്നു മുതൽ ഒന്നിടവിട്ട ദിനങ്ങളിൽ ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന റജിസ്ട്രേഷൻ നമ്പറുള്ള സ്വകാര്യ വാഹനങ്ങൾ വിലക്കുന്നതിന്റെ ഭാഗമായാണു കൂടുതൽ ബസ്സുകൾ നിരത്തിലിറക്കുന്നത്. കൂടുതൽ ബസ്സുകൾ നിരത്തിലിറക്കാൻ ഡൽഹി സർക്കാരും സംസ്ഥാനത്തെ കോൺട്രാക്ട് കാരിയേജ് — ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരുടെ കേന്ദ്ര സംഘടനയായ ഡൽഹി കോൺട്രാക്ട് ബസ് അസോസിയഷനു(ഡി സി ബി എ)യുമായി ധാരണയിലെത്തി.

സമ്മർദിത പ്രകൃതി വാതക(സി എൻ ജി)ത്തിൽ ഓടുന്ന നാലായിരത്തോളം ബസ്സുകളാണ് ജനുവരി ഒന്നിനു 15നുമിടയ്ക്കു ഡൽഹി നിരത്തിലിറങ്ങുകയെന്നു സംസ്ഥാന ഗതാഗത മന്ത്രി ഗോപാൽ റായ് അറിയിച്ചു. ഡൽഹി ട്രാൻസ്പോർട് കോർപറേഷൻ(ഡി ടി സി) മുഖേന സർവീസ് നടത്തുന്ന ഈ ബസ്സുകളുടെ ഓട്ടം സംബന്ധിച്ച തീരുമാനങ്ങളെുക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ഇതിനു പുറമെ ഡൽഹിയിലെ സ്കൂളുകളുടെ ഉടമസ്ഥതയിലുള്ള ബസ്സുകളെയും പൊതുഗതാഗതത്തിന് ഉപയോഗിക്കാനുള്ള സാധ്യത സർക്കാർ പരിഗണിക്കുന്നുണ്ടെന്നു റായ് അറിയിച്ചു. ഈ ലക്ഷ്യത്തോടെ സ്കൂൾ മേധാവികളുമായി ചർച്ച നടത്താനും ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളോടു ഡൽഹി നിവാസികൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

നഗരവീഥികളിൽ സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ‘ഒറ്റ — ഇരട്ട അക്ക പദ്ധതി’ ജനുവരി ഒന്നിന് പ്രാബല്യത്തിലെത്തും. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണു ഗതാഗത നിയന്ത്രണം; തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന റജിസ്ട്രേഷനുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും ഉപയോഗിക്കാനാണ് അനുമതി. അവധി ദിനമായ ഞായറാഴ്ച വാഹന നിയന്ത്രണം ഉണ്ടാവില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കിയുള്ള ഈ ഗതാഗത നിയന്ത്രണം സംബന്ധിച്ചു വിദഗ്ധർക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കാനായി ക്രിസ്മസിനു മുമ്പായി വിശദ പദ്ധതി രേഖ പുറത്തിറക്കുമെന്നും റായ് അറിയിച്ചു.