ഹൈബ്രിഡിൽ ചരിത്രം കുറിച്ച് ടൊയോട്ട

ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടൊയോട്ട ഹൈബ്രിഡ് കാറുകളുടെ വിൽപ്പനയിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ലോകത്താദ്യമായി ഹൈബ്രിഡ് പ്രൊഡക്ഷൻ കാർ നിർമ്മിച്ച ടൊയോട്ട എട്ട് ദശലക്ഷം ഹൈബ്രിഡ് കാറുകളാണ് ലോകത്താകെമാനം വിറ്റിരിക്കുന്നത്. 1997 ൽ ജപ്പാനിൽ പുറത്തിറങ്ങിയ ടൊയോട്ട പ്രിയസ് 2000 ലാണ് മറ്റ് രാജ്യങ്ങളിലും ലഭിച്ചുതുടങ്ങിയത്. തുടക്കത്തിൽ വിൽപ്പന വളരെ കുറവായിരുന്നെങ്കിലും ഹൈബ്രിഡിനെ ടൊയോട്ട കൈവിട്ടില്ല. 

ആദ്യ പത്ത് വർഷത്തിൽ പത്ത് ലക്ഷം മാത്രം  വിറ്റ ഹ്രൈബ്രിഡ് കാറുകൾ പിന്നത്തെ എട്ട് വർഷം കൊണ്ടാണ് 70 ലക്ഷം വിറ്റത്. കഴിഞ്ഞ ദിവസം ടൊയോട്ട പുറത്തുവിട്ട കണക്കുകൾ പ്രകാരം. 39 ലക്ഷം ഹൈബ്രിഡ് കാറുകൾ ജപ്പാനിലും 28 ലക്ഷം കാറുകൾ നോർത്ത് അമേരിക്കയിലും, 9.3 ലക്ഷം കാറുകൾ യൂറോപ്പിലും 4.4 ലക്ഷം കാറുകൾ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും വിറ്റു. ആദ്യകാറായ പ്രിയസ് തന്നെയാണ് ഏറ്റവും അധികം വിറ്റ കാർ 35 ലക്ഷം പ്രിയസുകളാണ് ലോകത്താകെമാനം ടൊയോട്ട വിറ്റിരിക്കുന്നത്. 

ലോകത്ത് ഏറ്റവും കൂടുതൽ ഹൈബ്രിഡ് വാഹനങ്ങളുള്ള വാഹന നിർമ്മാതാക്കളിലൊന്നാണ് ടൊയോട്ട. വരും വർഷങ്ങളിൽ കൂടുതൽ ഹൈബ്രിഡ് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കുകയാണെന്ന് നേരത്തെ അറിയിച്ചിട്ടുള്ള ടൊയോട്ട നിലവിൽ ലോകത്തിലെ 90 ൽ അധികം രാജ്യങ്ങളിൽ ഹൈബ്രിഡ് കാറുകൾ വിൽക്കുന്നുണ്ട്.