ഒരു കാറിനും ഈ അവസ്ഥ വരുത്തരുത്

ഏകദേശം മൂന്നു കോടി രൂപ വിലയുള്ള സൂപ്പർ ലക്ഷ്വറി കാറാണ് റോൾസ് റോയ്സ് ഗോസ്റ്റ്. അത്യാഡംബര സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമുള്ള ഗോസ്റ്റിനെ കോട്വീശ്വരന്മാർ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നു. ഗ്യാരേജിൽ പ്രഥമ സ്ഥാനം നൽകി മഴയിലും വെയിലിലും പരിപൂർണ സംരക്ഷണം ഓരോരുത്തരും ഉറപ്പു വരുത്തുമ്പോൾ ഇവിടെ ഒരു ഗോസ്റ്റിന്റെ ദുർഗതി കണ്ട് വാഹന പ്രേമികളുടെ ഇടനെഞ്ച് തകരുകയാണ്.

ബെംഗളൂരു ശിവാജിനഗറിലുള്ള പോലീസ് സ്റ്റേഷന്റെ മുറ്റത്താണ് പൊടികൊണ്ടു മൂടി, ആകെ അലങ്കോലമായ നിലയിൽ ഗോസ്റ്റ് കിടക്കുന്നത്. ഏകദേശം മൂന്നു വർഷമായി ഈ ഗോസ്റ്റ് ഇവിടെയുണ്ട്. മൂന്നു വർഷത്തെ മഴയും വെയിലും വാഹനലോകത്തെ ഈ മിന്നും താരത്തിന്റെ തെളിമ കുറച്ചിട്ടുണ്ട്. നികുതി അടയ്ക്കാത്തതുകൊണ്ട് കർണാടക സർക്കാർ പിടിച്ചെടുത്താണ് ഈ വാഹനം. 2010 ൽ മുംബൈയിൽ റജിസ്റ്റർ ചെയ്ത വാഹനം കർണാടക റജിസ്ട്രേഷനിലേയ്ക്ക് മാറ്റിയെങ്കിലും നികുതി അടച്ചിരുന്നില്ല.

ഉടമസ്ഥൻ നികുതി അടച്ച് കാർ വീണ്ടെടുക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ് വാഹനം മൂന്നാം വർഷവും പൊലീസ് സ്റ്റേഷൻ വളപ്പിൽ തന്നെ തുടരുന്നത്. Manish.Asrani (Car n Bike Clicks) എന്ന ഫെയ്സ്ബുക്ക് പേജിലാണ് വാഹനത്തിന്റെ ചിത്രവും വിഡിയോയുമുള്ളത്.