പറക്കാം എയർ ഇന്ത്യയിൽ 1499 രൂപയ്ക്ക്

ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിൽ കനത്ത മൽസരമാണു നടക്കുന്നത്. സ്വകാര്യ വിമാനകമ്പനികൾ നിരക്കുകുറച്ച് കടുത്ത മൽസരം കാഴ്ചവെയ്ക്കുമ്പോൾ നിരക്കു കുറച്ച് അവർ‌ക്കെതിരെ മൽസരത്തിനായി എയർ ഇന്ത്യയും എത്തുന്നു. 1499 രൂപയ്ക്ക് ആഭ്യന്തര ടിക്കറ്റാണ് എയർഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. സൂപ്പര്‍ സെയില്‍ സ്‌കീമിലാണ് എല്ലാ ചിലവുകളും അടക്കം ചുരുങ്ങിയ തുകയ്ക്ക് ആഭ്യന്തര വിമാന യാത്രാ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്.

മെയ് 21 മുതൽ 25 വരെ ബുക്കുചെയ്യുന്നവർക്കു മാത്രമാണ് ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കുക. ജൂലൈ മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ മെയ് 25 വരെ ബുക്ക് ചെയ്യാമെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജൂലൈ-സെപ്തംബര്‍, ജനുവരി-മാര്‍ച്ച് സീസണ്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്ന കാലമാണ് ഇതു കണക്കിലെടുത്താണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക ഓഫര്‍ നല്‍കുന്നത്.

നേരത്തെ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ എന്നീ സ്വകാര്യ വിമാനക്കമ്പനികള്‍ തങ്ങളുടെ ആഭ്യന്തര യാത്രാനിരക്ക് കുറച്ചിരുന്നു. സ്‌പൈസ് ജെറ്റ് 511 രൂപയുടെയും ഇന്‍ഡിഗോ 800 രൂപയുടെയും ഓഫറുകളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതേ തുടർന്നാണ് എയർഇന്ത്യയും നിരക്കുകൾ കുറച്ചിരിക്കുന്നത്.