സ്കാനിയ ‘ഡയമണ്ട് ക്ലാസു’മായി കർണാടക ആർ ടി സി

കർണാടക ആർ ടി സിക്കൊപ്പം സ്വീഡിഷ് ബസ് നിർമാതാക്കളായ സ്കാനിയ ഇന്ത്യൻ പൊതുഗതാഗത മേഖലയിലും അരങ്ങേറ്റം കുറിച്ചു. ബെംഗളൂരുവിൽ നിന്ന് എറണാകുളം, ചെന്നൈ, ഹൈദരബാദ്, തിരുപ്പതി, നെല്ലൂർ റൂട്ടുകളിലായി 10 സ്കാനിയ ബസ്സുകളാണു കർണാടക ആർ ടി സിക്കായി സർവീസ് തുടങ്ങിയത്. വിവിധ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ നേരത്തെ തന്നെ സ്കാനിയയുടെ ബസ്സുകൾ ഉപയോഗിച്ചച്ച് ദീർഘദൂര സർവീസ് നടത്തുന്നുണ്ട്.

കർണാടകത്തിലെ പൊതു മേഖല സംരംഭമായ കെ എസ് ആർ ടി സി ഏതാനും വർഷമായി വോൾവോ, മെഴ്സീഡിസ് ബെൻസ് ബസ്സുകളാണു ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്നത്. പുതുതായി 35 സ്കാനിയ ബസ്സുകൾ വാങ്ങി ‘ഐരാവത് ഡയമണ്ട് ക്ലാസ്’ എന്ന പുതിയ ബ്രാൻഡിൽ സർവീസ് നടത്താനാണു കർണാടകത്തിലെ കെ എസ് ആർ ടി സിയുടെ പദ്ധതി. ഇതിൽപെട്ട ആദ്യ 10 ബസ്സുകളാണ് ഇപ്പോൾ ഓട്ടം തുടങ്ങിയത്.

സ്കാനിയയുടെ ഇരട്ട ആക്സിൽ, ആഡംബര ബസ്സുകൾക്ക് 91 ലക്ഷം രൂപയാണു വില. കർണാടക കെ എസ് ആർ ടി സിക്കുള്ള അവശേഷിക്കുന്ന 25 ബസ്സുകൾ വരും ദിവസങ്ങളിൽ നിർമിച്ചു നൽകുമെന്നു സ്കാനിയ അറിയിച്ചിട്ടുണ്ട്. കർണാടകത്തിലെ കോലാർ ജില്ലയിലുള്ള നരസാപുരയിലാണു സ്കാനിയയുടെ ബസ് നിർമാണശാല പ്രവർത്തിക്കുന്നത്.

വിമാനങ്ങളോടു കിട പിടിക്കുന്ന സുഖസൗകര്യങ്ങളോടെയാണ് ‘ഐരാവത് ഡയമണ്ട് ക്ലാസ്’ ബസ്സുകൾ എത്തുന്നതെന്നാണ് കെ എസ് ആർ ടി സിയുടെയും സ്കാനിയയുടെയും അവകാശവാദം. വിമാനങ്ങളിലെ പോലെ ബസ് യാത്രയുടെ തുടക്കത്തിലും സുരക്ഷാസംബന്ധമായ വിഡിയോ പ്രദർശിപ്പിക്കും; കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ പിന്തുടരേണ്ട നടപടികളെക്കുറിച്ചുള്ള ലഘുലേഖ ബസ്സിന്റെ സീറ്റ് പോക്കറ്റിൽ സൂക്ഷിച്ചിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളിൽ അഗ്നിബാധ ചെറുക്കുന്ന സാമഗ്രികൾ ഉപയോഗിച്ചും ഓരോ സീറ്റിലും സീറ്റ് ബെൽറ്റ് ഘടിപ്പിച്ചും വിമാനത്തിനു സമാനമായ ബ്ലാക്ക് ബോക്സ് ലഭ്യമാക്കിയുമൊക്കെ ബസ് കൂടുതൽ സുരക്ഷിതമാക്കാൻ സ്കാനിയ ശ്രമിച്ചിട്ടുണ്ട്.

യാത്രയ്ക്കിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും മോഷണവുമൊക്കെ തടയാൻ ബസ്സിനുള്ളിൽ കാമറകളും സ്കാനിയ ഘടിപ്പിച്ചിക്കുന്നുണ്ട്. എന്നാൽ കേന്ദ്രീകൃത സംവിധാനത്തിൽ മേൽനോട്ടം സാധ്യമാക്കുന്ന ഈ സംവിധാനം തുടക്കത്തിൽ കെ എസ് ആർ ടി സി നടപ്പാക്കുന്നില്ലെന്നാണു സൂചന.

അതിനിടെ കേരളത്തിലെ കെ എസ് ആർ ടി സിക്കൊപ്പം പരീക്ഷണ ഓട്ടത്തിനായി സ്കാനിയയുടെ ആഡംബര ബസ് തലസ്ഥാനത്തെത്തിയിരുന്നു. ദേശീയ പാതയ്ക്കു പുറമെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലും കുമരകത്തും ഈ ബസ് എത്തിയിരുന്നു.