ആനവണ്ടിയുടെ കൊണ്ടോടി സ്റ്റൈൽ

kondody-autocraft-4
SHARE

കുന്നും മലയും താണ്ടി ഇഴഞ്ഞിഴഞ്ഞ് ആടിയുലഞ്ഞ് നീങ്ങിയ ആനവണ്ടികൾ ഒരു കാലഘട്ടത്തിന്റെ ഓർമകളാണ്. മീൻവിൽപ്പനക്കാരും കോൽ ഐസുകാരനും മാത്രമുണ്ടായിരുന്ന ‘പോം’ എന്ന ഹോണും മുഴക്കി മലയോര ഗ്രാമങ്ങളിലെ കപ്പയും കാച്ചിലും ചേമ്പും ചേനയുമെല്ലാമായി, വലിയ സ്വപ്നങ്ങളും പേറി ആ ചുവപ്പു നിറക്കാരൻ പതിയെ മൂളിമുരണ്ട് കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി യാത്ര ചെയ്ത ഒരു കാലമുണ്ടായിരുന്നു. കണ്ണും കണ്ണും ഒടുവിൽ ഹൃദയവും കൈമറിയ ബസിലെ നിത്യയാത്രക്കാർ ഇന്ന് ജീവിതയാത്രയും ഒരുമിച്ചാക്കിയ നിരവധി കഥകളും കെഎസ്ആർടിസി ബസുകൾക്ക് പറയാനുണ്ടാകും. കാലം മാറി... കഥകൾ മാറി... രൂപവും ഭാവവും മാറി... മുപ്പതു പിന്നിട്ടവരുടെ ഗൃഹാതുരസ്മരണകളിലെ നിറ സാന്നിധ്യമായ ആ ചുവപ്പൻ കെഎസ്ആർടിസി ബസുകളിൽ ചിലതിന് ഇന്ന് പച്ചയും വെള്ളയും ഒാറഞ്ചും നിറങ്ങളായെങ്കിലും കെഎസ്ആർടിസി എന്നും മലയാളികളുടെ ആനവണ്ടിയാണ്.

KSRTC in Kondody Style

മോഹൻലാലിനെ പോലെ ഒരു വശം ചരിഞ്ഞെത്തുന്ന ഓർഡിനറിയും കുതിച്ചു പായുന്ന സൂപ്പർഫാസ്റ്റും ഇടിമിന്നലായി എത്തുന്ന ലൈറ്റ്നിങ് എക്സ്പ്രെസുമെല്ലാം ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് കാലമേറേയായി. കട്ടിയുള്ള തകരംകൊണ്ട് നിർമിച്ച ബോഡിയും ബോക്സ് രൂപവുമായിരുന്നു കെഎസ്ആർടിയുടെ മുഖ മുദ്ര. എന്നാല്‍ ഇനി ആനവണ്ടിയിൽ കയറുന്നവർ ഒന്നു ഞെട്ടും. കാരണം പ്രൈവറ്റ് ബസിനെ തോൽപ്പിക്കുന്ന സ്റ്റൈലാണ് കെഎസ്ആർടിസികൾക്ക്. ആനവണ്ടിയുടെ മുഖം മാറ്റുന്നതോ കോട്ടയത്തിന്റെ സ്വന്തം കൊണ്ടോടി ഓട്ടോക്രാഫ്റ്റും.

kondody-autocraft-2
Kondody Autocraft

കെഎസ്ആർടിസി ബസിന്റെ കൊണ്ടോടി സ്റ്റൈൽ

പുതിയ ബസുകൾ വാങ്ങാനുള്ള കരാറിനൊപ്പം ബോഡി നിർമാണവും ഉൾപ്പെടുത്തിയതു ഫലപ്രദമാണെന്നു കെഎസ്ആർടിസി വിലയിരുത്തലിനെ തുടർന്നായിരുന്നു ഭാവിയിൽ പുതിയ ബസുകൾ ബോഡി സഹിതം വാങ്ങിയാൽ മതിയെന്നാണു തീരുമാനിച്ചത്. തുടർന്ന് പരീക്ഷണാർഥം പുറംകരാർ നൽകാൻ തീരുമാനിച്ചു. ഒരു വർഷത്തിനകം 80 ഫാസ്റ്റ് പാസഞ്ചർ ബസുകളും 20 സൂപ്പർഫാസ്റ്റ് ബസുകളും നിർമിക്കാനാണ് കരാർ നൽകിയത്. കരാർ നേടിയ അശോക് ലെയ്‌ലൻഡ് കമ്പനി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ടിന്റെ അംഗീകാരമുള്ള കോട്ടയത്തെ സ്വകാര്യ ഏജൻസിയായ കൊണ്ടോടി ട്രാൻസ്പോർട്ടിനെ ബോഡി നിർമാണത്തിനു ചുമതലപ്പെടുത്തുകയായിരുന്നു.

kondody-autocraft-7
Kondody Autocraft

കെഎസ്ആർടിസിയുടെ ആവശ്യങ്ങൾ അനുസരിച്ച് നിർമിച്ചു നൽകാൻ അലോക് ലെയ്‌ലൻഡിന് ആവാതെ വന്നതിനെ തുടർന്നാണ് കോണ്ടോടിയെ സമീപിച്ചത്. കേന്ദ്രസർക്കാരിന്റെ ബസ് ബോഡി കോഡിന്റെ അടിസ്ഥാനത്തിലുള്ള ബോഡി നിർമിക്കുന്ന കേരളത്തിലെ ഏക ബോഡി നിർമാണശാല എന്ന കാര്യവും കൊണ്ടോടിക്ക് ഗുണമായി വന്നു.

ബസ് ബോഡി കോഡ്

ഇന്ത്യൻ നിരത്തിലോടുന്ന കാറുകൾക്കും മറ്റ് ചെറുകിട വാഹനങ്ങൾക്കും സുരക്ഷാമാനദണ്ഡങ്ങൾ പലതുണ്ടെങ്കിലും സാധാരണക്കാർ ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന ബസുകളിൽ സുരക്ഷയ്ക്ക് യാതൊരു മാനദണ്ഡങ്ങൾ‌ ഇല്ലായിരുന്നു. ബസുകളിലെ യാത്രക്കാരുടേയും സുരക്ഷയ്ക്ക് വേണ്ടിയാണ് സർക്കാർ ബസ് ബോഡി കോഡ് ഉണ്ടാക്കിയത്. അതിൽ തന്നെ ഫെയ്സ് 1, ഫെയ്സ് 2 സുരക്ഷാമാനദണ്ഡ പ്രകാരം കേരളത്തിൽ ബസ് ബോഡി നിർമിക്കാൻ പറ്റുന്ന ഒരേ ഒരു സ്ഥാപനമാണ് കോണ്ടോടി.

kondody-autocraft-6
Kondody Autocraft

ബസ് കോഡ് പ്രകാരം  ബസിനു 11.9 മീറ്റർ നീളം, 2.5 മീറ്റർ വീതിയുണ്ടായിരിക്കണം. മൂന്നു വശങ്ങളിൽ റൂട്ട് പ്രദർശിപ്പിക്കുന്ന ബോർഡുകൾ വേണം, മുന്നിലും പിന്നിലും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, സുരക്ഷയ്ക്കുൾപ്പെടെ അഞ്ചു വാതിലുകൾ എന്നിവയുണ്ടായിരിക്കണം കൂടാതെ ബസിൽ പരമാവധി സീറ്റുകൾ. സീറ്റുകൾ തമ്മിൽ 75 സെമി അകലം, സീറ്റുകൾ നിർമിക്കുന്ന മെറ്റീരിയലുകൾ എന്നിവയെ പറ്റി പ്രതിപാദിക്കുന്നു.

kondody-autocraft-5
Kondody Autocraft

ഫെയ്സ് 2 ലാണ് ബസിന്റെ ചട്ടകൂടിന്റെ സുരക്ഷ പറയുന്നത്. അപകടം നടന്നാൽ ബസിനടിയിലേയ്ക്ക് വാഹനം ഇടിച്ചു കറയാതെയുള്ള ബാറുകൾ മുന്നിലും പിന്നിലും വശങ്ങളിലുമുണ്ടായിരിക്കണം. ബസ് തലകുത്തനെ മറിഞ്ഞാലും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം. ഇതിനായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ടിന്റെ കീഴിലുള്ള വിവിധ തരം ടെസ്റ്റുകൾ പാസായാൽ മാത്രമേ ബസ് നിർമിക്കാനുള്ള അംഗീകാരം ലഭിക്കുകയുള്ളൂ, അതെല്ലാം നേടിയ കേരളത്തിലെ ഒരേ ഒരു സ്ഥാപനമാണ് കൊണ്ടോടി. 

kondody-autocraft-3
Kondody Autocraft

വശങ്ങളിൽ മാത്രമല്ല, മുകളിലും വാതിൽ

പുതിയ ബസുകളിൽ സുരക്ഷയ്ക്കാണു മുൻഗണന. സുരക്ഷയ്ക്കായി അഞ്ചു വാതിലുകളാണുള്ളത്. ബസിന്റെ മുകളിലെ എയർ ഹോൾ സംവിധാനവും അത്യാവശ്യഘട്ടത്തിൽ വാതിലായി ഉപയോഗിക്കാം. സെൻസർ ഉള്ളതിനാൽ വാതിലുകളിൽ യാത്രക്കാർ നിന്നാൽ അടയുകയില്ല. വാതിൽ അടഞ്ഞു വരുന്ന സമയത്തു യാത്രക്കാർ ഫുട്ബോർഡിൽ ഉണ്ടെങ്കിൽ ഇവരുടെ ദേഹത്തു മുട്ടിയശേഷം വാതിൽ അടയാതെ തിരിച്ചുപോകും. ഡ്രൈവറുടെ അടുത്തു മാത്രം വാതിലിന്റെ സ്വിച്ച് ഉള്ള രീതിയും മാറി. യാത്രക്കാർക്കും ഉപയോഗിക്കാവുന്ന വിധം എമർജൻസി സ്വിച്ച് വാതിലിന്റെ ഉള്ളിലും പുറത്തും ഘടിപ്പിച്ചിട്ടുണ്ട്. തീപിടിത്തമുണ്ടായാൽ ആളിക്കത്താത്ത സീറ്റുകളും പ്രത്യേകതയാണ്. ബസിന്റെ മുന്നിലും പിന്നിലും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളാണ്.

kondody-autocraft-1
Kondody Autocraft

ഒരു മാസം 50 ബസ് 

കോട്ടയം അയർക്കുന്നം പ്ലാന്റിൽ ഒരു മാസം 50 ബസുകൾ വരെ നിർമിക്കാൻ സംവിധാനമുണ്ട്. 300 തൊഴിലാളികളുണ്ട്. ഒരു ബസിന്റെ ബോഡി നിർമിക്കാൻ 20 ദിവസം മതി. ടൈപ്പ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ നാലു രീതികളിലാണു ബോഡി നിർമാണം.കെഎസ്ആർടിസിയുടെ ബോഡി ടൈപ്പ് രണ്ട് വിഭാഗത്തിൽപെട്ടതാണ്. സിറ്റി ബസുകളാണു ടൈപ്പ് ഒന്ന്. ലക്ഷ്വറി ബസുകൾ ടൈപ്പ് മൂന്ന്. സ്കൂൾ ബസുകൾ, സ്ലീപ്പർ കോച്ചുകൾ എന്നിവ ടൈപ്പ് നാല് വിഭാഗത്തിൽപെടുന്നു.

rahul-kondody-autocraft
Rahul Tom, Kondody Autocraft

കൊണ്ടോടി ഓട്ടോക്രാഫ്റ്റ്

മധ്യ കേരളത്തിലെ ബസ് ബോഡി നിർമാണത്തിന് പുതിയ മാനങ്ങൾ നൽകിയ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് സ്ഥാപിക്കുന്നത് 1974 ലാണ്. ടോം ജോസിന്റെ നേതൃത്വത്തിൽ കോട്ടയത്തെ കോടിമാതയിലായിരുന്നു ആദ്യത്തെ വർക്ക്ക്ഷോപ്പ്. തുടർന്ന് 2008 ൽ കോട്ടയത്ത് നിന്ന് അയർക്കുന്നം ഗ്രാമത്തിലേയ്ക്ക് ബോഡി ബിൽഡിങ് മാറ്റുകയായിരുന്നു. ഒരു മാസം ഏകദേശം 50 ബസുകൾ‌ വരെ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് നിർമിക്കുന്നുണ്ട്. നിലവിൽ ടോം ജോസിന്റെ മകൻ രാഹുലാണ് കൊണ്ടോടിയുടെ പ്രവർത്തനങ്ങൾ നോക്കി നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA