Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയിലും വെള്ളത്തിലും ഓടും നമ്മുടെ കെഎസ്ആർടിസി! - വിഡിയോ

ksrtc Screengrab

കേരളത്തിലെ മൺസൂൺ തകർത്തു പെയ്യുകയാണ്. പുഴകളും ആറുകളുമെല്ലാം കരകവിഞ്ഞ് ഒഴുകുന്നു. കനത്ത മഴയെത്തുടർന്ന് കേരളത്തിന്റെ പല മേഖലകളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമാണ്. റോഡേത് തോടേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. കനത്ത മഴയിൽ വെള്ളം പൊങ്ങിയ റോ‍ഡിലൂടെ കൂളായി കടന്നുപോകുന്നൊരു കെഎസ്ആർടിസി ബസിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങള്‍ വൈറലാകുന്നത്.

Ksrtc In Flooded Road

‌കെഎസ്ആർടിസി ബസിന്റെ പകുതിയും വെള്ളത്തിൽ മുങ്ങിയെങ്കിലും നിർത്താതെ ഒാടിപ്പോകുന്നതും അതേ സ്ഥലത്ത് വെള്ളത്തിൽ ഒരു ലോറി കുടുങ്ങിക്കിടക്കുന്നതും വിഡിയോയിൽ കാണാം. കോഴിക്കോട് വയനാട് റൂട്ടിലാണ് സംഭവം. നാട്ടുകാരിലാരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വെള്ളക്കെട്ടിൽ നിന്നും കൂളായി കയറിപോകുന്നുണ്ടെങ്കിലും അൽപ്പദൂരം ചെന്നതിന് ശേഷം പുകതുപ്പുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേ സ്ഥലത്തുകൂടി പോകുന്ന  കെഎസ്ആർടിസി ബസ് അടക്കമുള്ള മിക്ക വലിയ വാഹനങ്ങളും നിന്നു പോകുമ്പോഴായിരുന്നു ഈ ബസ് വെള്ളക്കെട്ട് താണ്ടിയത്.

കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെ പല മേഖലകളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമാണ്. പല റോഡുകളും ഒഴുകിപോയി. മഴ തകർത്ത റോഡുകൾ

വാഹനം വെള്ളത്തിലായാൽ

വെള്ളക്കെട്ടുണ്ടെങ്കിലും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും അത്തരം സ്ഥലങ്ങളിലൂടെ ചെറിയ വാഹനവുമായിട്ട് പോകാതിരിക്കുക.വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തായിപ്പോയ വാഹനം സ്റ്റാർട്ട് ചെയ്യാതിരിക്കുക. വാഹനം സ്റ്റാർട്ട് ചെയ്യാതെ വെള്ളക്കെട്ടിൽനിന്നു നീക്കം ചെയ്യുക. വാഹനം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വിഭാഗത്തിൽപ്പെട്ടതാണെങ്കിൽ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചുവേണം വലിക്കാൻ. ഇത് സാധ്യമല്ലെങ്കിൽ മുൻ വീലുകൾ അല്ലെങ്കിൽ ഡ്രൈവിങ് വീലുകൾ ഗ്രൗണ്ടിൽനിന്നുയർത്തി വേണം വലിക്കാൻ അല്ലെങ്കിൽ എടി ഗിയർ ബോക്‌സ് തകരാറിലാകും. 

മറ്റ് വാഹനങ്ങൾ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് നിങ്ങളും അതിനു ശ്രമിക്കരുത്. ഓരോ വാഹനത്തിലെയും ഫിൽറ്റർ/സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാൽ എൻജിൻ ഓഫാകും. വെള്ളക്കെട്ട് ഭാഗത്ത് വാഹനം ഓഫായാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഗാരേജിന്റെ സഹായം തേടുക, ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക. വാഹനത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ കൂടുതൽ നഷ്ടമുണ്ടാകാതിരിക്കാൻ ഉടനെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക. ഏറ്റവും അടുത്ത വർക്‌ഷോപ്പിലും ഉടൻ വിവരം അറിയിക്കണം. ഇൻഷുറൻസ് കമ്പനിയിൽ നിന്നുതന്നെ വർക‌്ഷോപ്പുകളുടെ ലിസ്റ്റ് ലഭിക്കും.