വിമാനത്തിൽ പതിയിരിക്കുന്ന അപകടം

നിരവധി സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചതിനു ശേഷം മാത്രമേ വിമാനം പറന്നുയരാൻ സാധിക്കുകയുള്ളു. എന്നാൽ നിർഭാഗ്യകരമായ അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നത്. സിഗ്നൽ ലഭിച്ചു എന്ന തെറ്റിധാരണയിൽ എൻജിൻ പ്രവർത്തിപ്പിച്ചപ്പോൾ ഉണ്ടായ അപകടത്തിൽ എഞ്ചിനിയർ രവി സുബ്രഹ്മണ്യം എഞ്ചിന്റെ അകത്തേയ്ക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു.

വിമാനത്തിന് പിന്നോട്ടെടുക്കാൻ ആവാത്തതിനാലാണ് ടോ-വാൻ ഉപയോഗിച്ച് റൺവേയിലേയ്ക്ക് വിമാനത്തെ എത്തിക്കുന്നത്. യാത്രക്കാരെ കയറ്റിയ ശേഷം വാതിൽ അടച്ചു വിമാനം റൺ‌വേയിലേക്ക് ട്രാക്ടറിനു സമാനമായ ടോ-വാൻ ഉപയോഗിച്ച് മുന്നിൽനിന്ന് പിന്നിലേക്കു തള്ളിനീക്കുകയാണു ചെയ്യുക. പോകേണ്ട ദിശയിലേക്കു വിമാനത്തിന്റെ മുൻഭാഗം തള്ളിനീക്കിവച്ച ശേഷം ടോ വാനും വിമാനവും തമ്മിലുള്ള ബന്ധം വേർപെടുത്തും. തുടർന്ന് സർവീസ് എഞ്ചിനിയർ പൈലറ്റിനു സിഗ്‌നൽ നൽകിയാലേ പുറപ്പെടാനാകൂ.

രവി സുബ്രഹ്മണ്യന്റെ നിർദേശപ്രകാരം ടെക്നീഷ്യൻ ടോ വാനിന്റെ ബന്ധം വേർപെടുത്തിയെങ്കിലും പൈലറ്റിന് അന്തിമ സിഗ്‌നൽ നൽകും മുൻപേ, സിഗ്‌നൽ ലഭിച്ചെന്നു തെറ്റിദ്ധരിച്ച സഹ പൈലറ്റ് ‘ഓൾ ക്ലിയർ’ സന്ദേശം നൽകുകയായിരുന്നു; പൈലറ്റ് എഞ്ചിന്‍ സ്റ്റാർട്ട് ചെയ്തു – ഉടൻ വിമാനം തെന്നിനീങ്ങുകയും രവി എഞ്ചിനകത്തേക്കു വലിച്ചെടുക്കപ്പെടുകയും ചെയ്തു.

വിമാന എഞ്ചിന്റെ പ്രവർ‌ത്തനം

വിമാനത്തിന് ഭൂമിയിൽ നിന്ന് പറന്നുയരാൻ വളരെയധികം കരുത്ത് അവശ്യമുണ്ട്. ഇത് ഉത്പാദിപ്പിക്കുന്നത് ഈ എഞ്ചിനുകളില്‍ നിന്നാണ്. എകദേശം 9 അടി നീളമുള്ള പ്രൊപ്പലർ ബ്ലെയ്ഡുകളാണ് എഞ്ചിനില്‍ പ്രവർ‌ത്തിക്കുന്നത്. മിനിട്ടിൽ 2800 പ്രാവശ്യംവരെ കറങ്ങുന്ന ഇവയുടെ മുന്നിൽ പെടുന്ന എന്തിനേയും വലിച്ചെടുക്കും, എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിന് മുമ്പേ പൊടിയാക്കുകയും ചെയ്യും.

വിമാനം പറക്കണമെങ്കിൽ അതിന് പുഷിങ് സോഴ്സ് അല്ലെങ്കിൽ ത്രസ്റ്റ് ആവശ്യമാണ്. എഞ്ചിനിലൂടെ വായു കടത്തിവിട്ടാണ് ആ ത്രസ്റ്റ് ഉണ്ടാക്കുന്നത്. മുന്നിലെ ഫാൻ ഉപയോഗിച്ചാണ് വായു അകത്തേയ്ക്ക് വലിക്കുന്നത്. എഞ്ചിന്റെ കരുത്തിന്റെ 80 ശതമാനവും എഞ്ചിനിലൂടെ കടത്തിവിടുന്ന വായുവിന്റെ സഹായത്തോടെ ഉത്പാദിപ്പിക്കുന്നതാണ്. ഏകദേശം 450 ഡിഗ്രി സെൽഷ്യസ് മുതൽ 1700 ഡിഗ്രി സെൽഷ്യസ് വരെയാണ് എഞ്ചിന്റെ അകത്തെ ചൂട്. സിഎഫ്എം ഇന്റർനാഷണൽ നിർമ്മിക്കുന്ന എഞ്ചിന് 23,500 എൽബിഎഫ് (105 കിലോന്യൂട്ടൺ) ത്രസ്റ്റുണ്ട്. 2270 കിലോഗ്രാമാണ് ഭാരം.