കാണാം പുതിയ ഇന്നോവ

മാറ്റങ്ങളില്ല എന്ന ആരാധകരുടെ പ്രധാന പരാതികൾക്ക് പരിഹാരമായി പുതിയ ഇന്നോവ എത്തുന്നു. ഇന്തോനേഷ്യയിൽ പുറത്തിറങ്ങുന്ന ഇന്നോവയുടെ ചിത്രങ്ങൾ ടൊയോട്ട ഇന്തോനേഷ്യ പുറത്തുവിട്ടു. നവംബര്‍ 22 ന് ജക്കാര്‍ത്ത മോട്ടോര്‍ഷോയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന ഇന്നോവ 2016 ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയിലായിരിക്കും ആദ്യം അവതരിപ്പിക്കപ്പെടുക.

മാറ്റങ്ങളുള്ള പിൻഭാഗം

പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന ഇന്നോവ അപ്പ്മാർക്കറ്റ് ലുക്ക് കൊടുക്കാനാണ് ടൊയോട്ട ശ്രമിച്ചിരിക്കുന്നത്. ഇന്റീരിയറിലും കാതലായ മാറ്റങ്ങളുണ്ട്. പുതിയ സ്റ്റിയറിംഗ് വീൽ, മൾട്ടി മിഡിയ സിസ്റ്റം, മീറ്റർ കൺസോള്‍ എന്നിവ ഇന്നോവ 2016 ന്റെ പ്രത്യേകതയാണ്.

പുതിയ ഇന്റീരിയർ

പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ഇന്നോവ നിർമ്മിക്കുക എന്നാണ് അറിയുന്നത്. മേജർ മോഡൽ ചേഞ്ച്(എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് നേരത്തെ കമ്പനി വിശദീകരിക്കുന്നു. പുതു മോഡലുകളുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരന്നതിനു സമാനമായ സമീപനമാവും ടി കെ എമ്മും സ്വീകരിക്കുക; ടാക്സി വിഭാഗത്തിൽ പുതിയ ‘ഇന്നോവ’ വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്.

മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലെയോടു കൂടിയ മീറ്റർ കൺസോൾ

പകരം വ്യക്തിഗത ഉപയോഗത്തിനാവുമത്രെ ടൊയോട്ട മുൻഗണന നൽകുക. ഒപ്പം ട്രാവൽ/ടൂറിസം മേഖലയ്ക്കായി പഴയ ‘ഇന്നോവ’ നിലനിർത്താനുള്ള സാധ്യതയാണു ടൊയോട്ട പരിഗണിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ വില്‍പ്പനയ്ക്കുണ്ടെങ്കിലും ഇന്ത്യയിൽ‌ ഡീസലിനായിരിക്കും കൂടുതൽ സാധ്യത.

ടച്ച് സ്ക്രീൻ ഇൻഫോടൈന്‍മെന്റ് സിസ്റ്റം

വ്യക്തിഗത ഉപയോഗത്തിനുള്ള എം പി വികൾക്കുള്ള ആവശ്യം ഗണ്യമായി ഉയരുന്നതു മുൻനിർത്തിയാണു ടി കെ എമ്മിന്റെ നിലപാട് മാറ്റമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. നഗരങ്ങൾക്കിടയിലെ യാത്രകളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ക്രമമായി ഉയരുന്നുണ്ട്. ടി കെ എമ്മിന്റെ അവതരണ മോഡലും എം പി വിയുമായിരുന്ന ‘ക്വാളിസ്’ പിൻവലിച്ച വേളയിൽ 2005ലാണ് ‘ഇന്നോവ’ ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുള്ള ദശാബ്ദത്തിനിടെ 5.43 ലക്ഷത്തോളം ‘ഇന്നോവ’കളാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷമാവട്ടെ ടി കെ എമ്മിന്റെ മൊത്തം വാഹന വിൽപ്പനയിൽ 45 ശതമാനവും ‘ഇന്നോവ’യായിരുന്നു.

സുരക്ഷയ്ക്കായി വ്യത്യസ്ത തരം എയർബാഗുകൾ

വിപണിയിൽ ശരിയായ സ്ഥാനം ഉറപ്പാക്കാനായി ‘ഇന്നോവ’ വകഭേദങ്ങളുടെയും വിലയുടെയും കാര്യത്തിൽ ആദ്യകാലത്ത് ടൊയോട്ട നിരന്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ പന്ത്രണ്ടോളം വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘ഇന്നോവ’യ്ക്ക് 11 മുതൽ 17 ലക്ഷം രൂപ വരെയാണു വില.