കേരളം എന്ന ഓട്ടമാറ്റിക് സംസ്ഥാനം

അമേരിക്കയിൽ ഒരു ചൊല്ലുണ്ട്. കാർ മോഷണം പോകാതിരിക്കണമെങ്കിൽ മാനുവൽ മോഡൽ വാങ്ങുക. ശരാശരി അമേരിക്കക്കാരന് ഓട്ടമാറ്റിക് കാറേ ഓടിക്കാനറിയൂ. ഓടിക്കാനറിയാമെങ്കിലല്ലേ മോഷ്ടിക്കാനാവൂ. വൈകാതെ ഈ ചൊല്ലിൽ കേരളത്തിലും പതിരില്ലാതെയാകും. കാരണം ഓട്ടമാറ്റിക് ഗീയർഷിഫ്റ്റ് കാറുകൾ കേരളത്തിൽ തരംഗമാവുകയാണ്. മാനുവൽ മോഡലുകൾ അനതിവിദൂരഭാവിയിൽ അന്യം നിന്നേക്കാം.

പരമ്പരാഗത ഓട്ടമാറ്റിക് കാറുകളിൽ നിന്നു വ്യത്യസ്തമായി എ എം ടി എന്നറിയപ്പെടുന്ന ഓട്ടമാറ്റിക് മാനുവൽ ഗീയർ മോഡലുകളാണ് കേരളത്തിൽ പ്രചാരം നേടുന്നത്. മാരുതിയുടെ എ എം ടി മോഡലുകൾ രാജ്യത്ത് ഏറ്റവുമധികം വിൽക്കുന്നത് കേരളത്തിലാണ്. ഇന്ത്യയിലെ പ്രഥമ ഓട്ടമാറ്റിക് ഗീയർഷിഫ്റ്റ് മോഡലായ സെലേറിയയുടെ വിൽപനയിൽ 60 ശതമാനവും ഓട്ടമാറ്റിക് മോഡലുകളത്രെ.

Wagon R AMT

ക്ലച്ചും ഗിയറുമില്ലാത്ത കാർ. അതാണല്ലോ ഓട്ടമാറ്റിക്. എന്നാൽ എ എം ടി ഓട്ടമാറ്റിക്കല്ല. മാനുവൽ ഗിയർ ബോക്്സ് ഓട്ടമാറ്റിക്കായി മാറ്റിയിരിക്കയാണ്. ഗുണങ്ങൾ. ഒന്ന്: മികച്ച ഇന്ധനക്ഷമത. മാനുവൽ ഗീയർ പോലെ തന്നെ. ഇന്ത്യയിൽ ഒരു ഓട്ടമാറ്റിക്കും നൽകാത്ത മൈലേജ് ഈ കാറുകൾക്കു കിട്ടും. രണ്ട്: കുറഞ്ഞ അറ്റകുറ്റപ്പണി. ഓട്ടമാറ്റിക്കുകൾ കേടായാൽ തെല്ലു കഷ്ടപ്പെടും. എന്നാൽ ഓട്ടമാറ്റിക്കായി രൂപാന്തരം പ്രാപിച്ച ഗീയർബോക്സാകട്ടെ മാനുവൽ ഗിയർബോക്സ് പോലെ ലളിതം. 1.60 ലക്ഷം കി മിയാണ് ഓയിൽമാറ്റത്തിന്റെ ഇടവേള. ശരാശരി ഉപയോഗത്തിൽ അറ്റകുറ്റപ്പണിയേ വരില്ലെന്നർത്ഥം. മൂന്ന്: വിലക്കൂടുതൽ. മാനുവൽ ഗീയർബോക്സിൽ നിന്നു നേരിയ വില വ്യത്യാസമേയുള്ളൂ ഇവിടെ.

ജനപ്രീതിയുള്ള നാലു മാരുതി കാറുകൾക്ക് ഓട്ടമാറ്റിക് ഗീയർഷിഫ്റ്റുണ്ട്. നാലു ലക്ഷത്തിൽ തെല്ലു മുകളിൽ വിലയുള്ള ഓൾട്ടൊ കെ 10, 4.68 ലക്ഷത്തിൻറെ സെലേറിയോ, 4.95 ലക്ഷം വിലയുള്ള വാഗൻ ആർ, ഏറ്റവും മുകളിൽ 8.80 ലക്ഷത്തിന് ഡിസയർ. ഇതിൽ ഡിസയർ മാത്രം ഡീസൽ ബാക്കിയൊക്കെ പെട്രോൾ. മൈലേജ് കൂടി അറിയുമ്പോൾ മാനുവലിൻറെ കഥ കഴിയും. ഡിസയർ 26.59, വാഗൻ ആർ 20.51, സെലേറിയോ 23.1, ഓൾട്ടൊ 24.07. പരമ്പരാഗത ഓട്ടമാറ്റിക് ഓടിക്കുന്നവർ തലയിൽ കൈ വച്ച് ഒരു ലീറ്ററിനു തന്നെയോ എന്നു ചോദിച്ചാൽ അത്ഭുതപ്പെടേണ്ട. 10 കി മിയിൽത്താഴെയാണ് ഏതാണ്ടെല്ലാ യഥാർത്ഥ ഓട്ടമാറ്റിക്കുകൾക്കും മൈലേജ്.

Celerio

മാനുവൽ ഗീയർ ബോക്സിനെ ഓട്ടമാറ്റിക്കാക്കാൻ കഴിഞ്ഞ ഏതാനും കൊല്ലമായി ജപ്പാനിലെ സുസുക്കി എൻജിനിയർമാർ ഭഗീരഥപ്രവർത്തനത്തിലായിരുന്നു. ഇന്ത്യയിലെ മാരുതി എൻജിനിയർമാരും ഈ ശ്രമത്തിൽ ഭാഗമായി. വലിയ സാങ്കേതികതയാണെങ്കിലും മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ സംഭവം ഇത്രയേയുള്ളൂ. മാനുവൽ ഗീയർബോക്സിനു മുകളിലിരുന്നു മനുഷ്യ കരം നിർവഹിക്കുന്ന ഗീയർഷിഫ്റ്റിങ് ഇപ്പോൾ സെൻസറുകളും കംപ്യൂട്ടറും ഹൈഡ്രോളിക് നിയന്ത്രണങ്ങളുമാണ് നിയന്ത്രിക്കുന്നത്. വേഗവും ആർ പി എമ്മും മറ്റും സെൻസു ചെയ്ത് ക്ലച്ചു കൊടുത്ത് കാർ തനിയെ ആ കാര്യങ്ങളൊക്കെ സ്വയമങ്ങു ചെയ്തു കൊള്ളും.

പ്രാഥമികമായി ചെയ്യേണ്ടത്. ഇടതു കാൽ മാറ്റി വയ്ക്കുക, അല്ലെങ്കിൽ ഇല്ലെന്നു തന്നെ വച്ചേക്കുക. എന്തു സംഭവിച്ചാലും ആ കാൽ അനക്കരുത്. ആക്സിലറേറ്ററിനും ബ്രേക്കിനും വലതു കാൽ മാത്രം മതി. ഇനി വണ്ടി സ്റ്റാർട്ടു ചെയ്യുക. ന്യൂട്രലിൽ നിന്നു ഡ്രൈവിലേക്കു മാറ്റുക. ആക്സിലറേറ്റർ കൊടുക്കുക. ഗീയറിൽ നിന്നു ഗീയറിലേക്ക് പോകുന്നതു നമുക്ക് അനുഭവിച്ചറിയാം. കൺസോളിൽ ഏതു ഗീയറെന്നു കാട്ടിത്തരികയും ചെയ്യും. അൽപം പരുവപ്പെട്ടുകഴിഞ്ഞാൽ സംഭവം ലളിതമാണ്. സുഖകരവുമാണ്. ഇനി ശക്തി സ്വയം നിയന്ത്രിക്കണമെന്നു നിർബന്ധമുള്ളവർ ഗീയർ നോബ് ഇടത്തേക്കു തട്ടിയാൽ മാനുവൽ മോഡിലെത്തും. പേടിക്കേണ്ട, ഇവിടെയും ക്ലച്ചു വേണ്ട. ഗീയർ മുകളിലേക്ക് കൊണ്ടു പോരാം താഴ്ക്കുകയുമാകാം.

Alto K10

അഞ്ചാം ഗീയറിൽ കിടക്കുമ്പോൾ വേഗം കുറഞ്ഞാൽ വണ്ടി സ്വയം താഴേക്കു പോരും. എന്നാൽ താഴ്ന്ന ഗീയറിൽ നിന്നു മുകളിലേക്കു പോകില്ല. അതു കൊണ്ടു തന്നെ ഓവർ ടേക്കിങ്ങിനും മറ്റും ബുദ്ധിമുട്ടില്ല. എന്തുകൊണ്ടും കൊള്ളാം.ചിലപ്പോഴൊക്കെ ശക്തി പോരാ എന്നു തോന്നുമ്പോൾ മടിക്കരുത് ആക്സിലറേറ്റർ ചവുട്ടി താഴ്തുക, കാർ പെട്ടെന്നു പ്രതികരിച്ചു തുടങ്ങും. ഇതൊരു ശീലമാകണമെന്നു മാത്രം. പ്രത്യേകിച്ചും ലൈറ്റ് പെഡലിങ് കൊടുക്കുന്നവർക്ക്.