ഇസൂസു വാഹനങ്ങൾക്ക് ആന്ധ്രയിൽ നികുതി ഇളവ്

Isuzu D-Max V-Cross

സംസ്ഥാനത്ത് നിർമിക്കുന്ന ഇസൂസു വാഹനങ്ങൾക്ക് ആന്ധ്ര പ്രദേശ് സർക്കാർ വാഹന നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു. ആന്ധ്ര പ്രദേശിൽ നവംബർ 18നും 2021 മാർച്ച് 31നുമിടയ്ക്ക് വിൽക്കുന്ന ഇസൂസു വാഹനങ്ങൾക്കാണു മോട്ടോർ വാഹന നികുതിയിൽ ഇളവ് ലഭിക്കുക. ചിറ്റൂർ ജില്ലയിലെ ശ്രീ സിറ്റിയിൽ ഇസൂസു മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ചു വിൽക്കുന്ന വാഹനങ്ങൾക്കാണു മോട്ടോർ വാഹന നികുതിയിൽ ഇളവു ലഭിക്കുകയെന്ന് ആന്ധ്ര പ്രദേശ് സർക്കാർ വ്യക്തമാക്കുന്നു. യാത്രാവാഹനങ്ങൾക്കുള്ള ആയുഷ്കാല നികുതിയും(വിലയുടെ 14% നികുതി) വാണിജ്യ പിക് അപ് ട്രക്കുകൾക്കുള്ള ത്രൈമാസ നികുതി(മൂന്നു മാസത്തേക്ക് 800 രൂപ)യുമാണു സർക്കാർ ഇസൂസുവിന് ഒഴിവാക്കി നൽകിയത്.

ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിൽ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യ വാഹന നിർമാതാക്കളാണ് ജപ്പാനിൽ നിന്നുള്ള ഇസൂസു മോട്ടോഴ്സ്. പ്രതിവർഷം 50,000 യൂണിറ്റാണു ശാലയുടെ ഉൽപ്പാദനശേഷി; ഭാവിയിൽ വാർഷിക ഉൽപ്പാദനം 1.20 ലക്ഷം യൂണിറ്റ് വരെയായി ഉയർത്താൻ കഴിയുംവിധമാണു ശാലയുടെ രൂപകൽപ്പന. ‘ഡി മാക്സ്’ ശ്രേണിയിലെ പിക് അപ് ട്രക്കുകളാണു കമ്പനി ശ്രീസിറ്റി ശാലയിൽ നിർമിക്കുന്നത്. രാജ്യത്തെ ആദ്യ അഡ്വഞ്ചർ യൂട്ടിലിറ്റി വാഹനമായ ‘വി ക്രോസ്’, വാണിജ്യ വാഹന മോഡലുകളായ ‘ഡി മാക്സ് എസ് കാബ്’ തുടങ്ങിയവയാണു കമ്പനി ഇവിടെ നിർമിക്കുന്നത്.

സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ ആന്ധ്രയിൽ വിൽക്കുന്ന ഇസൂസു ‘ഡി മാക്സ്’ ശ്രേണിക്കാണു മോട്ടോർ വാഹന നികുതിയിൽ ഇളവ് ലഭിക്കും. ‘ഡി മാക്സ് വി ക്രോസി’നും ഭാവിയിൽ നിരത്തിലെത്തുന്ന യാത്രാവാഹന വകഭേദങ്ങൾക്കുമാണ് ആയുഷ്കാല നികുതിയിൽ ഇളവ് ലഭിക്കുക. ഇസൂസുവിൽ നിന്നുള്ള വാണിജ്യ വാഹനങ്ങളെയെല്ലാം ത്രൈമാസ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആന്ധ്ര പ്രദേശിൽ മൂന്നു ഡീലർഷിപ്പുകളാണു നിലവിൽ ഇസൂസുവിനുള്ളത്: വിശാഖപട്ടണം, രാജമുന്ദ്രി, തിരുപ്പതി.