ലണ്ടനിലെ സൂപ്പർ കാറുകൾക്ക് പിടിവീഴുന്നു

ലണ്ടനിൽ അവധി ആഘോഷിക്കാനെത്തുന്ന അറബി കോടീശ്വരന്മാരുടെ സൂപ്പർക്കാറുകളാണ് ഇപ്പോൾ ലണ്ടനിലെ ലക്ഷ്വറി റെസിഡൻഷ്യൽ ഏരിയയിലെ നിവാസികളുടെ ഉറക്കം കെടുത്തുന്നത്. അവയുണ്ടാക്കുന്ന പുകിൽ വളരെ വലുതാണെന്നാണ് തദ്ദേശവാസികൾ പറയുന്നത്. രാത്രി വളരെ വൈകി കൂടിയ വേഗതയിൽ പോകുന്ന കാറുകൾ ആളുകളുടെ ഉറക്കം കെടുത്തുക മാത്രമല്ല മറ്റ് യാത്രക്കാർക്ക് ഭീഷണിയുമാകുന്നുണ്ടെന്നാണ് ലക്ഷ്വറി റെസിഡൻഷ്യൽ ഏറിയിയെ നിവാസികളുടെ പരാതി. 

എല്ലാ വേനൽക്കാലത്തും എത്തുന്ന അറബി കോടീശ്വരന്മാരുടെ ദുബൈ റെജിസ്‌ട്രേഷനുള്ള സൂപ്പർ സ്‌പോർട്‌സ് കാറുകളുണ്ടാക്കുന്ന ശബ്ദ മലിനീകരണം വളരെ വലുതാണെന്ന് കാട്ടി നഗര നിവാസികൾ പരാതി നൽകിയതിനെത്തുടർന്നാണ് ശബ്ദം കൂടുതലുള്ള കാറുകൾക്ക് പിഴ ചുമത്താൻ പോലീസ് തയ്യാറാകുന്നത്. 100 യൂറോ (ഏകദേശം 7000 രൂപ) പിഴ സൂപ്പർകാറുകളിൽ നിന്ന് ഈടാക്കാനാണ് ലണ്ടൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. 

ശബ്ദമലീനകരണം മാത്രമല്ല മെഫയർ പോലുള്ള തിരക്കുള്ള വീഥികളിൽ ഇവയുണ്ടാക്കുന്ന ട്രാഫിക്ക് ബ്ലോക്കുകളും കൂടുതലാണെന്നാണ് സമീപവാസികളുടെ പരാതികൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവധി ആഘോഷിക്കാൻ വരുന്ന അറബികൾ ഇത്തരത്തിലൂള്ള സൂപ്പർ ലക്ഷ്വറികാറുകളുമായിട്ടാണ് എത്തുന്നത് എന്നാണ് ലണ്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഡിഫിക്കേഷൻ നടത്തിയതും അല്ലാത്തതുമായ ലംബോർഗ്‌നിയും, ഫെരാരിയും, ബെന്റലിയും, ബുഗാട്ടിയുമെല്ലാം ലണ്ടനിലെ തെരുവുകളിലെ സാന്നിധ്യമാണെന്നാണ് ലണ്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.