സി ഇ ഒ അരവിന്ദ് മാത്യു മഹീന്ദ്ര രേവ വിടുന്നു

വൈദ്യുത വാഹന നിർമാതാക്കളായ മഹീന്ദ്ര രേവയുടെ സാരഥ്യം കൈമാറാൻ അരവിന്ദ് മാത്യു ഒരുങ്ങുന്നു. കമ്പനി സ്ഥാപകനായ ചേതൻ മെയ്നിയിൽ നിന്ന് 2015 മേയ് ഒന്നിനായിരുന്നു മാത്യു മഹീന്ദ്ര രേവയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സി ഇ ഒ) സ്ഥാനം ഏറ്റെടുത്തത്. അതിനു മുമ്പ് യു എസ് നിർമാതാക്കളായ ഫോഡിന്റെ ഇന്ത്യൻ ഉപസ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി ഓഫ് മിചിഗനിൽ നിന്ന് എം ബി എയും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും നേടിയ അരവിന്ദ് മാത്യു രണ്ടു പതിറ്റാണ്ടിലേറെ ഫോഡ് മോട്ടോർ കമ്പനിയിലായിരുന്നു. ഫോഡ് ഇന്ത്യയ്ക്കായി പുതിയ വാഹനങ്ങളും പവർ ട്രെയ്നും വികസിപ്പിക്കുന്നതിൽ നിർണായക സംഭാവന നൽകിയ അരവിന്ദ് മാത്യു, 2005ൽ കമ്പനിയുടെ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായി. ടാറ്റ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തു നിന്നാണ് അദ്ദേഹം മഹീന്ദ്ര രേവയുടെ സാരഥ്യത്തിലെത്തുന്നത്.

നിലവിൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സി ഒ ഒ) ആയ മഹേഷ് ബാബുവാകും മഹീന്ദ്ര രേവയിൽ മാത്യുവിന്റെ പിൻഗാമിയാണെന്നാണു സൂചന. മഹീന്ദ്ര റിസർച് വാലിയിൽ പ്രോഡക്ട് ഡവലപ്മെന്റ് ചുമതലയുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണു ബാബു മഹീന്ദ്ര രേവയുടെ സി ഒ ഒ ആയി എത്തിയത്. വിൽപ്പന വിജയം നേടിയ ‘എക്സ് യു വി’യുടെ പ്രധാന ശിൽപ്പികളിലൊരാളും അദ്ദേഹമായിരുന്നു. പിലാനിയിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും കാർനെയ്ൻ മെല്ലൊൻ സർവകലാശാലയിലെ ടെപ്പെർ സ്കൂൾ ഓഫ് ബിസിനസിലുമായി പഠനം പൂർത്തിയാക്കിയ ബാബു, വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്ലൻഡിൽ സീനിയർ ഡവലപ്മെന്റ് എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടു മാസം മുമ്പാണു മഹീന്ദ്ര രേവ സെഡാനായ ‘വെരിറ്റൊ’യുടെ ഇ പതിപ്പായ ‘ഇ വെരിറ്റൊ’ പുറത്തിറക്കിയത്; ഡൽഹി ഷോറൂമിൽ 9.5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയായിരുന്നു കാറിനു വില. ഒന്നേ മുക്കാൽ മണിക്കൂറിനകം പൂർണമായും ചാർജ് ചെയ്യാവുന്ന ബാറ്ററിയാണു കാറിലുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 110 കിലോമീറ്റർ വരെ ഓടാൻ ‘ഇ വെരിറ്റൊ’യ്ക്കാവും.