സ്വന്തം നിലയിൽ എൽ സി വി വിപണി പിടിക്കാൻ അശോക് ലേയ്‌ലൻഡ്

ജാപ്പനീസ് പങ്കാളിയായ നിസ്സാനുമായി വഴി പിരിഞ്ഞതോടെ ലഘുവാണിജ്യ വാഹന(എൽ സി വി) വിപണിയിൽ സ്വന്തം നിലയിൽ പ്രവർത്തനം ഊർജിതമാക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്ലൻഡ് തയാറെടുക്കുന്നു. അടുത്ത രണ്ടു മൂന്നു വർഷത്തിനുള്ളിൽ 400 കോടി രൂപ ചെലവിൽ ഈ വിഭാഗത്തിൽ എട്ടു മുതൽ 10 വരെ പുതിയ മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി. എൽ സി വി വിഭാഗത്തിൽ പൂർണ ശ്രേണി തന്നെ ലഭ്യമാക്കാനാണ് അശോക് ലേയ്‌ലൻഡ് ലക്ഷ്യമിടുന്നത്. ഇതിനായി പുത്തൻ അവതരണങ്ങൾക്കൊപ്പം നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളും കമ്പനി പുറത്തിറക്കും. എൽ സി വി വിപണിയിൽ സ്വന്തം നിലയിലുള്ള പോരാട്ടത്തിനാണു കമ്പനി ഒരുങ്ങുന്നതെന്ന് അശോക് ലേയ്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി അറിയിച്ചു. രണ്ടോ മൂന്നോ വർഷത്തിനകം എൽ സി വി വിഭാഗത്തിൽ സമ്പൂർണ ശ്രേണി അവതരിപ്പിക്കുകയാണു ലക്ഷ്യം. ഇതിനായി ഒട്ടേറെ പുതിയ മോഡൽ അവതരണങ്ങൾ നടത്താൻ കമ്പനി തയാറെടുക്കുന്നുണ്ടെന്നു ദാസരി വെളിപ്പെടുത്തി.

പുതിയ മോഡലുകൾക്കൊപ്പം ധാരാളം പുതുവകഭേദങ്ങളം കമ്പനി പുറത്തിറക്കും. മൊത്തത്തിൽ എട്ടു മുതൽ 10 വരെ പുതിയ മോഡലുകൾ വിപണിയിലിറക്കാനാണ് കമ്പനിയുടെ തീരുമാനമെന്നും ദാസരി അറിയിച്ചു. ഇതിനായി 300 — 400 കോടി രൂപ വരെ ചെലവഴിക്കാനാണു കമ്പനിയുടെ നീക്കം. അടുത്ത ആറു മാസത്തിനുള്ളിൽ തന്നെ എൽ സി വി വിഭാഗത്തിൽ അശോക് ലേയ്‌ലൻഡ് ആദ്യ പുതിയ മോഡൽ അവതരിപ്പിക്കുമെന്നാണു സൂചന. നിസ്സാനിൽ നിന്നുള്ള സാങ്കേതികവിദ്യയോടെ അവതരിപ്പിച്ച മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളും കമ്പനി പുറത്തിറക്കും. അതേസമയം ഭാവിയിൽ അശോക് ലേയ്‌ലൻഡ് അവതരിപ്പിക്കുന്ന എൽ സി വികളെല്ലാം ആഭ്യന്തരമായി വികസിപ്പിച്ചവയാവുമെന്നും ദാസരി വ്യക്തമാക്കി. പുത്തൻ മോഡലുകളുടെ സാങ്കേതികവിദ്യ മാത്രമല്ല വികസനവും കമ്പനി സ്വയം പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

നിസ്സാന്റെ രൂപകൽപ്പനയും എൻജിനീയറിങ്ങും സാങ്കേതികവിദ്യയുമായി ‘ദോസ്ത്’, ‘പാർട്ണർ’ എന്നീ എൽ സി വികളാണ് അശോക് ലേയ്‌ലൻഡ് നിലവിൽ വിൽക്കുന്നത്. എന്നാൽ നിസ്സാൻ മോട്ടോറും അശോക് ലേയ്ലൻഡുമായി എട്ടു വർഷക്കാലമായി തുടരുന്ന പങ്കാളിത്തം അവസാനിപ്പിക്കാൻ കഴിഞ്ഞ മാസം ഇരുകമ്പനികളും തീരുമാനിച്ചിരുന്നു. ഇരുവരും ചേർന്നു രൂപീകരിച്ച മൂന്നു സംയുക്ത സംരംഭങ്ങളിലെ ഓഹരികൾ ഇന്ത്യൻ പങ്കാളിക്കു കൈമാറാനും നിസ്സാൻ സമ്മതിച്ചു. ഒപ്പം ‘ദോസ്തി’ന്റെയും ‘പാർട്ണറി’ന്റെയും നിർമാണം ലൈസൻസ് വ്യവസ്ഥയിൽ അശോക് ലേയ്‌ലൻഡിനു തുടരാമെന്നും ധാരണയായി. വാഹന നിർമാണത്തിന് അശോക് ലേയ്‌ലൻഡ് നിസ്സാൻ വെഹിക്കിൾസ്(എ എൽ എൻ വി എൽ), പവർ ട്രെയ്നുകൾക്കായി നിസ്സാൻ അശോക് ലേയ്‌ലൻഡ് പവർ ട്രെയ്ൻ(എൻ എ എൽ പി ടി), സാങ്കേതികവിദ്യയ്ക്കായി നിസ്സാൻ അശോക് ലേയ്‌ലൻഡ് ടെക്നോളജീസ്(എൻ എ എൽ ടി) എന്നീ മൂന്നു കമ്പനികളാണ് 2008 മേയിൽ അശോക് ലേയ്ലൻഡും നിസ്സാനും ചേർന്നു രൂപീകരിച്ചത്.