അസംബ്ലി പ്ലാന്റുമായി അശോക് ലേയ്‌ലൻഡ് കെനിയയിലേക്ക്

ആഫ്രിക്കൻ വിപണിയിലെ സാന്നിധ്യം വർധിപ്പിക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിനു പദ്ധതി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ അസംബ്ലി ശാല സ്ഥാപിക്കാൻ കെനിയയെയും കമ്പനി തിരഞ്ഞെടുത്തിട്ടുണ്ട്. തുടക്കമെന്ന നിലയിൽ കെനിയയിൽ പുതിയ കമ്പനി രൂപീകരിച്ചതായി അശോക് ലേയ്‌ലൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഗോപാൽ മഹാദേവൻ അറിയിച്ചു. കെനിയയിലെ നിർദിഷ്ട അസംബ്ലി പ്ലാന്റിനായി പ്രാദേശിക പങ്കാളിയെ തേടുന്നുണ്ട്; അനുയോജ്യ പങ്കാളിയെ ലഭിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ കമ്പനി ശാല തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ശാലയ്ക്കു സ്ഥലം കണ്ടെത്താനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്. അടുത്ത എട്ടോ ഒൻപതോ മാസത്തിനകം ശാല പ്രവർത്തനക്ഷമമാക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

വാണിജ്യ വാഹന വിാഗത്തെ സംബന്ധിച്ചിടത്തോളം ഏറെ വളർച്ചാസാധ്യതയുള്ള വിപണിയാണു കെനിയ. പ്രതിവർഷം നാലായിരത്തോളം വാണിജ്യ വാഹനങ്ങാണു നിലവിലെ വിൽപ്പന; പോരെങ്കിൽ വരുംവർഷങ്ങളിൽ ഈ വിൽപ്പന ഇരട്ടിയോളമായി വർധിക്കാനും സാധ്യതയുണ്ട്.
കെനിയയിലെ അസംബ്ലിങ് യൂണിറ്റിനായി തുടക്കത്തിൽ 40 — 50 ലക്ഷം ഡോളർ (26.83 — 33.54 കോടി രൂപ) നിക്ഷേപിക്കാനാണ് അശോക് ലേയ്‌ലൻഡിന്റെ പദ്ധതി. പ്രാദേശിക വിപണിക്കായി ബസ്സും ട്രക്കും നിർമിക്കാവുന്ന ശാലയ്ക്കായി മൊത്തം ഒരു കോടി ഡോളറി(ഏകദേശം 67.07 കോടി രൂപ)ന്റെ നിക്ഷേപമാണു പരിഗണനയിലുള്ളത്.നിലവിൽ ചൈനീസ് നിർമിത കമ്പനികളാണ് ആഫ്രിക്കൻ വാണിജ്യ വാഹന വിപണികൾ അടക്കിവാഴുന്നതെന്നു മഹാദേവൻ വെളിപ്പെടുത്തി. അതിനാൽ മത്സരക്ഷമമായ വിലയ്ക്കു ലഭിക്കുന്ന ട്രക്കുകളും ബസ്സുകളും അവതരിപ്പിച്ച് ഈ വിപണിയിൽ നിർണായക സ്വാധീനം കൈവരിക്കാനാവുമെന്നാണു കമ്പനിയുട കണക്കുകൂട്ടൽ.

ഇതിനു പുറമെ അയൽരാജ്യമായ ബംഗ്ലദേശിലും പുതിയ അസംബ്ലി യൂണിറ്റ് തുടങ്ങാൻ അശോക് ലേയ്‌ലൻഡിനു പദ്ധതിയുണ്ട്. പ്രാദേശിക പങ്കാളിയുടെ സഹകരണത്തോടെ മൂന്നു നാലു മാസത്തിനകം ഈ ശാല പ്രവർത്തനക്ഷമമാക്കാനാണു കമ്പനിയുടെ ശ്രമം. അശോക് ലേയ്‌ലൻഡിനെ സംബന്ധിച്ചിടത്തോളം പ്രധാന കയറ്റുമതി വിപണിയാണു ബംഗ്ലാദേശ്.  പ്രധാന വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി അനുബന്ധ മേഖലകളോടു വിട പറയാനും അശോക് ലേയ്‌ലൻഡ് തീരുമാനിച്ചിട്ടുണ്ട്. സംയുക്ത സംരംഭമായ അശോക് ലേയ്‌ലൻഡ് ജോൺ ഡീയറിൽ കമ്പനിക്കുണ്ടായിരുന്ന ഓഹരികൾ 2015 — 16ൽ 233 കോടി രൂപ നഷ്ടത്തിൽ വിറ്റൊഴിഞ്ഞതും ഈ തീരുമാനത്തിന്റെ ഭാഗമായാണ്.