കയറ്റുമതി വരുമാനം വർധിപ്പിക്കാൻ അശോക് ലേയ്‌ലൻഡ്

മൂന്നിലൊന്നു വരുമാനം കയറ്റുമതിയിൽ നിന്നു നേടാൻ ലക്ഷ്യമിട്ട് ഹിന്ദൂജ ഗ്രൂപ്പിലെ അശോക് ലേയ്‌ലൻഡ് വിദേശത്തു പ്രവർത്തനം വ്യാപിപ്പിക്കുന്നു. കെനിയയിൽ അസംബ്ലി പ്ലാന്റ് തുറന്നും പ്രാദേശിക പങ്കാളിയുടെ സഹകരണത്തോടെ ബംഗ്ലദേശിൽ നിർമാണശാല ആരംഭിച്ചും യു എ ഇയിലെ ശാല വികസിപ്പിച്ചുമൊക്കെയാണു കമ്പനി വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതെന്ന് അശോക് ലേയ്‌ലൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഗോപാൽ മഹാദേവൻ അറിയിച്ചു. പ്രതിവർഷം 3,000 യൂണിറ്റ് ശേഷിയുള്ള അസംബ്ലി ശാലയാണു കെനിയയിൽ പരിഗണിക്കുന്നത്. മൊത്തം 50 ലക്ഷം ഡോളറി(ഏകദേശം 33.58 കോടി രൂപ)ന്റെ നിക്ഷേപമാണു കെനിയയിൽ ലക്ഷ്യമിടുന്നതെന്നും മഹാദേവൻ സൂചിപ്പിച്ചു. അടുത്ത എട്ടു മുതൽ 12 മാസത്തിനകം ബസ്സുകൾക്കൊപ്പം ട്രക്കുകളും അസംബ്ൾ ചെയ്യുന്ന ഈ ശാല പ്രവർത്തനക്ഷമമാക്കാനാണു കമ്പനിയുടെ പദ്ധതി.

അതേസമയം ബംഗ്ലദേശിലെ നിർദിഷ്ട ശാലയിൽ ട്രക്കുകൾ മാത്രമാവും അശോക് ലേയ്‌ലൻഡ് നിർമിക്കുക. നാലോ അഞ്ചോ മാസത്തിനകം പ്രവർത്തനക്ഷമമാവുമെന്നു കരുതുന്ന ഈ ശാലയ്ക്കുള്ള നിക്ഷേപം പ്രാദേശിക പങ്കാളിയാണു നടത്തുകയെന്നും മഹാദേവൻ വിശദീകരിച്ചു. യു എ ഇയിൽ റാസൽഖൈമയിലുള്ള ശാലയുടെ ശേഷി 6,000 യൂണിറ്റായി ഉയർത്താനാണു കമ്പനി ഒരുങ്ങുന്നത്. തുടക്കത്തിൽ പ്രതിവർഷം 2,000 യൂണിറ്റായിരുന്ന ഉൽപ്പാദനം കമ്പനി പിന്നീട് 4,000 യൂണിറ്റാക്കി ഉയർത്തിയിരുന്നു. അടുത്ത ഘട്ടമെന്ന നിലയിലാണ് ഉൽപ്പാദനശേഷി 6,000 ആക്കുന്നത്.

കെനിയയ്ക്കു പിന്നാലെ ആഫ്രിക്കയിൽ ശ്രദ്ധയൂന്നാനും അശോക് ലേയ്‌ൻഡ് ആലോചിക്കുന്നുണ്ട്. ഐവറി കോസ്റ്റിൽ നിന്നു ലഭിച്ച ഓർഡറുകൾ ഇക്കൊല്ലം തന്നെ പൂർത്തിയാക്കുമെന്നും മഹാദേവൻ അറിയിച്ചു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ കയറ്റുമതിയിൽ ഇടിവു നേരിട്ടതായും അദ്ദേഹം വെളിപ്പെടുത്തി. മൊത്തം വരുമാനത്തിന്റെ ഏഴു ശതമാനം മാത്രമായിരുന്നു കയറ്റുമതിയിൽ നിന്നുള്ള വിഹിതം. എന്നാൽ ഇടക്കാല ലക്ഷ്യമെന്നനിലയിൽ അഞ്ചു വർഷത്തിനകം കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്ന് കയറ്റുമതിയിൽ നിന്നു നേടാനാണ് അശോക് ലേയ്‌ലൻഡ് ശ്രമിക്കുന്നതെന്നും മഹാദേവൻ വിശദീകരിച്ചു.