21 ലക്ഷം കാറിൽ ‘പുകമറ സോഫ്റ്റ്​വെയർ’ പിടിപ്പിച്ചെന്ന് ഔഡി

മലിനീകരണ നിയന്ത്രണ പരിശോധനകളെ കബളിപ്പിക്കാനുള്ള പ്രത്യേക സോഫ്റ്റ്​വെയർ ഘടിപ്പിച്ച 21 ലക്ഷത്തോളം കാറുകൾ വിറ്റിട്ടുണ്ടെന്ന് ഫോക്സ്​വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. ഇവയിൽ 14.20 ലക്ഷത്തോളം കാറുകൾ പശ്ചിമ യൂറോപ്പിലും ഇതിൽതന്നെ 5.77 ലക്ഷത്തോളം കാറുകൾ ജർമനിയിലുമാണു വിറ്റതൈന്നും കമ്പനി വ്യക്തമാക്കി. ഇത്തരത്തിൽപെട്ട 13,000 കാറുകൾ യു എസിൽ വിറ്റതായും ഔഡി അറിയിച്ചു.

മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയതായും 1.10 കോടിയോളം കാറുകളിൽ ഇതിനുള്ള പ്രത്യേക സോഫ്റ്റ്​വെയർ ഘടിപ്പിച്ചതായും ഔഡിയുടെ മാതൃസ്ഥാപനമായ ഫോക്സ്​വാഗൻ ഗ്രൂപ് നേരത്തെ സമ്മതിച്ചിരുന്നു. പ്രധാനമായും ഡീസൽ എൻജിനുള്ള ഫോക്സ്​വാഗൻ കാറുകളിൽ നടത്തിയ തട്ടിപ്പ് യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ)യാണു വെളിച്ചത്തു കൊണ്ടുവന്നത്. കാറുകളിൽ പ്രത്യേക സോഫ്റ്റ്​വെയർ ഘടിപ്പിക്കുക വഴി ഫോക്സ്​വാഗൻ ക്ലീൻ എയർ ആക്ട് ലംഘിച്ചെന്നാണ് ഇ പി എയുടെ വിലയിരുത്തൽ.

‘ഡിഫീറ്റ് ഡിവൈസ്’ എന്നാണു ഫോക്സ്​വാഗന്റെ ‘പുകമറ സോഫ്റ്റ്​വെയറി’ന് ഇ പി എ നൽകിയിരിക്കുന്ന പേര്. പരിശോധനാ വേളയിൽ മലിനീകരണ നിയന്ത്രണ സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാക്കി നിശ്ചിത യോഗ്യത കൈവരിക്കാൻ സഹായിക്കുകയാണ് ‘ഡിഫീറ്റ് ഡിവൈസി’ന്റെ ദൗത്യം. എന്നാൽ യഥാർഥ ഡ്രൈവിങ് സാഹചര്യങ്ങളിൽ അനുവദനീയമായതിലും 40 ഇരട്ടി വരെയാവും കാറിൽ നിന്നുള്ള നൈട്രജൻ ഓക്സൈഡ് മലിനീകരണമെന്ന് ഇ പി എ ആരോപിക്കുന്നു.