ഡീസൽഗേറ്റ്: 36,500 കാർ തിരിച്ചുവിളിച്ച് ഔഡി ഇന്ത്യ

‘ഡീസൽഗേറ്റ്’ വിവാദ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വിറ്റ 36,500 കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര വാഹന നിർമാതാക്കളായ ഔഡി തീരുമാനിച്ചു. പുതിയ അപ്ഡേറ്റ് ലഭ്യമാക്കി ‘ഇ എ 189’ എൻജിനിൽ നിലവിലുള്ള സോഫ്റ്റ്വെയറിന്റെ അപാകത പരിഹരിക്കാനാണു കമ്പനിയുടെ നീക്കം.  യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയാണു ഫോക്സ്‌വാഗൻ ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങിയത്. ഗ്രൂപ്പിലെ വിവിധ കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന ‘ഇ എ 189’ ഡീസൽ എൻജിനിൽ തിരിമറി നടത്തിയെന്നായിരുന്നു ഫോക്സ്‌വാഗന്റെ കുറ്റസമ്മതം. തുടർന്ന് ഇന്ത്യയിൽ ഈ എൻജിൻ ഘടിപ്പിച്ച 3,23,700 കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഫോക്സ്‌വാഗൻ ഇന്ത്യ അഞ്ചു മാസം മുമ്പേ തീരുമാനിച്ചിരുന്നു. സോഫ്റ്റ്‌വെയർ പരിഷ്കാരത്തിനായി ‘ഇ എ 189’ എൻജിനുള്ള കാറുകൾ തിരിച്ചുവിളിക്കുന്ന കാര്യം ഔഡി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാനായി സോഫ്റ്റ്‌വെയറിൽ വരുത്തിയ തിരിമറിയുടെ ഫലമായി ആഗോളതലത്തിൽ 21 ലക്ഷം കാറുകളാണ് ഔഡി തിരിച്ചു വിളിക്കേണ്ടി വന്നത്. ഇതിന്റെ ഭാഗമായാണ് കമ്പനി ഇന്ത്യയിലും 36,500 കാറുകൾ തിരിച്ചുവിളിച്ചു സോഫ്റ്റ്‌വെയർ പരിഷ്കരിച്ചു നൽകാൻ നടപടി സ്വീകരിച്ചത്.  ഔഡി തന്നെ 1999ൽ വികസിപ്പിച്ച പ്രത്യേക സോഫ്റ്റ്‌വെയറാണ് ഇപ്പോൾ ‘ചീറ്റ് ഡിവൈസ്’ എന്ന പേരുദോഷം സൃഷ്ടിച്ചു കമ്പനിക്കു തന്നെ തലവേദന സൃഷ്ടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഉപകരണത്തിലുപരി സവിശേഷമായ സോഫ്റ്റ്വെയറാണു ‘ചീറ്റ് ഡിവൈസ്’; മലിനീകരണ നിയന്ത്രണ പരിശോധന നടക്കുന്ന വേളയിൽ എൻജിനിന്റെ ചില മേഖലകൾ പ്രവർത്തനരഹിതമാക്കി തെറ്റായ വിവരം നൽകി പരീക്ഷ വിജയിപ്പിക്കുകയായിരുന്നു ഈ സോഫ്റ്റ്വെയറിന്റെ ദൗത്യം. അതേസമയം സാധാരണ നിലയിൽ കാർ ഉപയോഗിക്കുമ്പോൾ ഈ സോഫ്റ്റ്വെയർ പ്രവർത്തനരഹിതമാവുകയും എൻജിൻ സ്വാഭാവികമായ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുകയും ചെയ്യും.

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട കമ്പനികൾ ഈ സോഫ്റ്റ്‌വെയർ വ്യാപകമായി ഉപയോഗിച്ചതിനാൽ ഔഡിക്കു പുറമെ ഫോക്സ്‌വാഗൻ, സ്കോഡ ബ്രാൻഡുകളിൽപെട്ട മോഡലുകൾക്കും പരിശോധന ആവശ്യമായി. 2008നും 2015 ഡിസംബറിനുമിടയ്ക്കു നിർമിച്ചതും ‘ഇ എ 189’ എൻജിൻ ഘടിപ്പിച്ചതുമായ 1,98,500 കാറുകൾ ഫോക്സ്‌വാഗനും 88,700 കാറുകൾ സ്കോഡയും തിരിച്ചുവിളിച്ചു പരിശോധിച്ചു കഴിഞ്ഞു. വ്യത്യസ്ത ശേഷിയുള്ള എൻജിനുകളാണ് ‘ഇ എ 189’ ശ്രേണിയിലുള്ളത്; 1.2 ലീറ്റർ, 1.5 ലീറ്റർ, 1.6 ലീറ്റർ, രണ്ടു ലീറ്റർ ശേഷികളിൽ ഈ എൻജിൻ ലഭ്യമാണ്. ഫോക്സ്‌വാഗൻ ‘പോളോ’, ‘വെന്റോ’, ‘ജെറ്റ’, ‘പസറ്റ്’, സ്കോഡയുടെ ‘ഫാബിയ’, ‘റാപിഡ്’, ‘യെതി’, ‘സുപർബ്’, ‘ലോറ’, ‘ഒക്ടേവിയ’, ഔഡി ‘എ ത്രീ’, ‘ക്യു ത്രീ’, ‘എ ഫോർ’, ‘ക്യു ഫൈവ്’ എന്നിവയ്ക്കൊക്കെ കരുത്തേകുന്നത് ഇത്തരം എൻജിനുകളാണ്.