സ്വയം ഓടുന്ന ഇന്ത്യൻ കാറുമായി എ ആർ എ ഐ

Representative Image

സ്വയം ഓടുന്ന കാറിന്റെ മാതൃക പുണെ ആസ്ഥാനമായ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) ആഭ്യന്തരമായി വികസിപ്പിച്ചു. സോഫ്റ്റ്വെയർ മേഖലയിലെ പ്രമുഖരായ കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് കോർപറേഷ(സി ടി എസ്)ന്റെ സഹകരണത്തോടെയാണ് എ ആർ എ ഐയുടെ സ്വയം ഓടുന്ന കാർ പദ്ധതി പുരോഗമിക്കുന്നത്. രാജ്യാന്തര ഓട്ടമോട്ടീവ് സാങ്കേതികവിദ്യ സംബന്ധിച്ച സിംപോസിയത്തിന്റെ സമാപനദിനത്തിലാണ് എ ആർ എ ഐ സ്വയം വികസിപ്പിച്ച, ഡ്രൈവർ ഇല്ലാത്ത കാറിന്റെ മാതൃക പ്രദർശിപ്പിച്ചത്. ടെസ്റ്റ് ട്രാക്കിലെ ഓട്ടത്തിനിടെ നിർത്തിയിട്ടിരിക്കുന്ന വാഹനത്തെ മറികടക്കാനും നേർ രേഖയിൽ സഞ്ചരിക്കാനും ഇടത്തോട്ടും വലത്തോട്ടും തിരിയാനുമൊക്കെ ഈ സ്വയം ഓടുന്ന കാറിനു കഴിയുന്നുണ്ട്. എ ആർ എ ഐയിൽനിന്നും കോഗ്നിസന്റിൽ നിന്നുമുള്ള 20 അംഗ സംഘമാണു സ്വയം ഓടുന്ന കാറിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.

അതേസമയം അച്ചടക്കമില്ലാത്ത ഡ്രൈവിങ് സാഹചര്യം നിരത്തുവാഴുന്ന ഇന്ത്യൻ സാഹചര്യങ്ങളിൽ സ്വയം ഓടുന്ന കാർ പോലുള്ള സാങ്കേതികവിദ്യ എത്രത്തോളം പ്രായോഗികമാണെന്നതു മുമ്പേ തർക്കവിഷയമാണ്. റോഡുകളിലെ അരാജകത്വം കണക്കിലെടുത്ത് സ്വയം ഓടുന്ന കാറുകൾ ഇന്ത്യയിൽ വിജയിക്കില്ലെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ സി ഭാർഗവ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പരിമിതികളെപ്പറ്റി തർക്കമില്ലെങ്കിലും സ്വയം ഓടുന്ന കാർ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയിൽ സാധ്യതയുണ്ടെന്നാണ് എ ആർ എ ഐ അധികൃതരുടെ വിലയിരുത്തൽ. തിരഞ്ഞെടുത്ത മേഖലകളിലും രാത്രികാല ഡ്രൈവിങ്ങിലുമൊക്കെ ഈ സാങ്കേതികവിദ്യ നടപാക്കുന്നത് റോഡ് അപകടങ്ങളും അതുവഴിയുള്ള മരണങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്നാണ് എ ആർ എ ഐയുടെ പക്ഷം.

ഈ പുതിയ സാങ്കേതികവിദ്യ പക്വത കൈവരിക്കുന്നതോടെ ഇന്ത്യൻ നിരത്തുകൾ കൂടുതൽ സുരക്ഷിതമാവുമെന്ന് എ ആർ എ ഐ ഡപ്യൂട്ടി ഡയറക്ടർ മംഗേഷ് സരഫ് കരുതുന്നു. മനുഷ്യ നേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി 360 ഡിഗ്രിയിലുള്ള കാഴ്ചകൾ കാണാനും മുൻകരുതൽ സ്വീകരിക്കാനും കാറിലെ സെൻസറുകൾക്കു കഴിയുമെന്നതാണു പ്രധാന നേട്ടം. സ്വയം ഓടുന്ന കാർ എന്നാൽ ഡ്രൈവർ ആവശ്യമില്ലാത്ത കാർ മാത്രമല്ലെന്നും സരഫ് വിശദീകരിക്കുന്നു; കൂടുതൽ ബുദ്ധിശക്തിയും മെച്ചപ്പെട്ട പ്രതികരണശേഷിയുമൊക്കെയായി വാഹനം ഓടിക്കുന്ന ഡ്രൈവർക്കു പിന്തുണയേകുന്ന ഇത്തരം നൂതന സാങ്കേതികവിദ്യയെയും ഈ വിഭാഗത്തിൽപെടുത്താമെന്ന് അദ്ദേഹം വാദിക്കുന്നു. കൂടുതൽ മാതൃകകൾ നിർമിച്ചു യഥാർഥ റോഡ് സാഹചര്യങ്ങളിൽ സ്വയം ഓടുന്ന കാര്യക്ഷമത വിലയിരുത്താനാണ് എ ആർ എ ഐയുടെ നീക്കം.