ബൈഡുവിന്റെ സ്വയം ഓടുന്ന കാർ 5 വർഷത്തിനകം

അഞ്ചു വർഷത്തിനകം സ്വയം ഓടുന്ന കാറുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാൻ പദ്ധതിയുണ്ടെന്നു സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിയായ ബൈഡു. ഡ്രൈവറുടെ സഹായമില്ലാതെ ഓടുന്ന കാറുകളുടെ വികസനത്തിൽ യു എസ് കമ്പനികളായ ഗൂഗിളിനെയും ടെസ്ല മോട്ടോഴ്സിനെയുമൊക്കെ പിന്തള്ളാനാണു ബൈഡുവിന്റെ മോഹം. ചൈനയിലെ 10 പ്രധാന നഗരങ്ങളിൽ ബൈഡുവിന്റെ സ്വയം ഓടുന്ന കാർ പരീക്ഷണ ഓട്ടം നടത്തുമെന്നു കമ്പനി പ്രസിഡന്റ് ഹാങ് യാക്വിൻ അറിയിച്ചു. മൂന്നു വർഷത്തിനുള്ളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനത്തിനുള്ള സാങ്കേതികവിദ്യ സാങ്കേതികവിദ്യ വികസിപ്പിക്കാനും അഞ്ചു വർഷത്തിനകം വൻതോതിൽ സ്വയം ഓടുന്ന കാറുകൾ നിർമിക്കാനുമാണു ബെയ്ജിങ് ആസ്ഥാനമായ കമ്പനി ലക്ഷ്യമിടുന്നത്.

സ്വയം ഓടുന്ന കാറുകളുടെ നിർമാണത്തിൽ ഗൂഗിളിനെ പിന്തള്ളാൻ സാധ്യമായതെല്ലാം ചെയ്യാനും ബൈഡു ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി അധിക വിഭവ സമാഹരണത്തിനും കമ്പനി നടപടി തുടങ്ങിയിട്ടുണ്ട്.‘ബൈഡു കാർ ബ്രെയിൻ’ എന്നു പേരിട്ട കൃത്രിമ ബുദ്ധിയാണു സ്വയം ഓടുന്ന കാറിന്റെ കേന്ദ്ര സാങ്കേതികവിദ്യയെന്നു ടിയാൻജിനിൽ ചേർന്ന വാർഷിക പൊതുയോഗത്തിനിടെ ഹാങ് വെളിപ്പെടുത്തി. കൃത്യതയേറിയ ഇലക്ട്രോണിക് മാപ്പിങ്ങിന്റെയും സ്ഥാന നിർണയത്തിന്റെയും തിരിച്ചറിയലിന്റെയും പിൻബലത്തിൽ അതിവേഗം തീരുമാനമെടുക്കാനുള്ള നിയന്ത്രണ സംവിധാനമാണു ‘ബൈഡു കാർ ബ്രെയിൻ’.

സമ്മിശ്ര റോഡ് സാഹചര്യങ്ങളിൽ സ്വയം ഓടുന്ന കാറിന്റെ ആദ്യ പരീക്ഷണ ഓട്ടം ബൈഡു പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയിൽ 10 ചൈനീസ് നഗരങ്ങളിലായി വ്യത്യസ്ത കാലാവസ്ഥയിലും വിഭിന്ന റോഡ്, ഗതാഗത സാഹചര്യങ്ങളിലും ഈ കാറിന്റെ പരീക്ഷണ ഓട്ടം സംഘടിപ്പിക്കാനാണു കമ്പനി ഒരുങ്ങുന്നത്. ഇന്റർനെറ്റ് മേഖലയിലെ പ്രമുഖരായ ഗൂഗിളിനും വൈദ്യുത കാർ നിർമാണത്തിൽ വൈദഗ്ധ്യമുള്ള ടെസ്ല മോട്ടോഴ്സിനും വെല്ലുവിളി ഉയർത്താനായി 2013ലാണു ബൈഡു സ്വയം ഓടുന്ന കാർ നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. നിലവിൽ ഡ്രൈവർ രഹിത കാർ നിർമാണത്തിനുളള അത്യാധുനിക സാങ്കേതികവിദ്യ ബൈഡുവിനു സ്വന്തമാണെന്നു ഹാങ് അവകാശപ്പെട്ടു.