വിപണി വിഹിതത്തിൽ 5% വളർച്ച മോഹിച്ചു ബജാജ് ഓട്ടോ

സ്പോർട്സ്, ഇടത്തരം വിഭാഗങ്ങളിലെ പുത്തൻ അവതരണങ്ങൾ വഴി മോട്ടോർ സൈക്കിൾ വിഭാഗത്തിലെ വിപണി വിഹിതത്തിൽ അഞ്ചു ശതമാനത്തോളം വർധന കൈവരിക്കാനാവുമെന്ന് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിനു പ്രതീക്ഷ. നടപ്പു സാമ്പത്തിക വർഷാവസാനത്തോടെ മോട്ടോർ സൈക്കിളുകളിലെ വിപണി വിഹിതം 23 ശതമാനത്തിലെത്തിക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. ‘പൾസർ’, ‘ഡിസ്കവർ’, ‘പ്ലാറ്റിന’ ശ്രേണികൾ വിൽപ്പനയ്ക്കെത്തിക്കുന്ന കമ്പനിയുടെ ഇപ്പോഴത്തെ വിപണി വിഹിതം 18 ശതമാനത്തോളമാണ്.

കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസത്തിലെ ബൈക്ക് വിൽപ്പനയുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ വിപണി വിഹിതം 18 ശതമാനത്തിലെത്തിയെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(ബിസിനസ് ഡവലപ്മെന്റ് ആൻഡ് അഷ്വറൻസ്) എസ് രവികുമാർ അറിയിച്ചു. വരുംമാസങ്ങളിൽ ഇടത്തരം, സ്പോർട്സ് വിഭാഗങ്ങളിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. ഇതുവഴി 2016 മാർച്ചിനുള്ളിൽ വിപണി വിഹിതം 23% ആയി ഉയർത്താനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി. 2014 — 15ന്റെ നാലാം പാദത്തിൽ മൊത്തം ബൈക്ക് വിൽപ്പന 25,00,024 യൂണിറ്റായിരുന്നു; 3,79,130 യൂണിറ്റ് വിൽപ്പനയോടെ ബജാജ് ഓട്ടോയുടെ വിഹിതം 15 ശതമാനവും.നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്തം ബൈക്ക് വിൽപ്പന 27,10,986 എണ്ണമായിരുന്നു; 4,85,8,18 ബൈക്കുകൾ വിറ്റ് ബജാജ് ഓട്ടോ 18% വിപണി വിഹിതം സ്വന്തമാക്കി.

‘ഡിസ്കവർ’ ശ്രേണി ഇടംപിടിക്കുന്ന ഇടത്തരം വിഭാഗത്തിൽ കമ്പനിയുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ലെന്നാണു ബജാജ് ഓട്ടോയുടെ വിലയിരുത്തൽ. ഈ പോരായ്മ മറികടക്കാൻ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതടക്കമുള്ള തന്ത്രങ്ങളാണു കമ്പനി പരിഗണിക്കുന്നത്.ഇടത്തരം വിഭാഗത്തിൽ 125 സി സി ‘ഡിസ്കവർ’ അവതരിപ്പിച്ചതോടെ മാറ്റത്തിന്റെ സൂചനകൾ പ്രകടമാണെന്നു രവികുമാർ അവകാശപ്പെട്ടു. നില കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണു പുതിയ മോഡൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസത്തിൽ ‘സി ടി 100’, ‘പ്ലാറ്റിന’ മോഡലുകൾ ചേർന്നു രണ്ടര ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചിരുന്നു. ഇതോടെ കമ്യൂട്ടർ വിഭാഗത്തിലെ വിപണി വിഹിതം മുമ്പത്തെ 26 ശതമാനത്തിൽ നിന്ന് 39% ആയി ഉയർത്താൻ കഴിഞ്ഞെന്നും രവികുമാർ അവകാശപ്പെട്ടു. ‘പൾസർ’, ‘അവഞ്ചർ’ ബൈക്കുകൾ ഇടംപിടിക്കുന്ന സ്പോർട്സ് വിഭാഗത്തിൽ നേതൃസ്ഥാനമാണ് ബജാജ് ഓട്ടോ അവകാശപ്പെടുന്നത്; ഏപ്രിൽ — ജൂൺ കാലത്തെ വിൽപ്പനയാവട്ടെ 1.58 ലക്ഷം യൂണിറ്റായിരുന്നു.

‘പൾസർ ആർ എസ് 200’, ‘കെ ടി എം’ ബൈക്കുകൾ അരങ്ങു വാഴുന്ന സൂപ്പർ സ്പോർട്സ് വിഭാഗത്തിൽ 14,000 യൂണിറ്റ് വിൽപ്പനയോടെ 59% വിപണി വിഹിതമാണു ബജാജ് ഓട്ടോ കണക്കാക്കുന്നത്.