പൾസർ 135 വില കുറച്ചു

ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തിലെ വിപണി വിഹിതം വർധിപ്പിക്കാൻ പുണെ ആസ്ഥാനമായ ബജാജ് ഓട്ടോ ഒരുങ്ങുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ടു മാസത്തിനിടെ ഈ വിഭാഗത്തിൽ എതിരാളികളായ ഹീറോ മോട്ടോ കോർപിനെയും ഹോണ്ട മോട്ടോർ സൈക്കിൾ ഇന്ത്യ(എച്ച് എം എസ് ഐ) ലിമിറ്റഡിനെയും പിന്തള്ളാൻ സാധിച്ചതാണു കമ്പനിക്ക് ആത്മവിശ്വാസം പകരുന്നത്. പോരാട്ടം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ‘പൾസർ 135 എൽ എസി’ന്റെ വിലയിൽ 4,000 രൂപയോളം കുറവും ബജാജ് ഓട്ടോ പ്രഖ്യാപിച്ചു. നേരത്തെ ഡൽഹി ഷോറൂമിൽ 62,000 രൂപയോളം വിലയുണ്ടായിരുന്ന ‘പൾസർ 135 എൽ എസ്’ ഇപ്പോൾ 58,002 രൂപയ്ക്കു ലഭ്യമാണ്.

എൻജിൻ ശേഷി 110 സി സിക്കും 150 സി സിക്കുമിടയിലുള്ള ഇടത്തരം വിഭാഗത്തിൽ കഴിഞ്ഞ ഏപ്രിൽ — മേയ് മാസങ്ങളിലായി 5,90,318 മോട്ടോർ സൈക്കിൾ വിറ്റെന്നാണു ‘സയാ’മിന്റെ കണക്ക്. 2015 ഏപ്രിൽ, മേയ് മാസങ്ങളിലായി വിറ്റ 4,35,412 എണ്ണത്തെ അപേക്ഷിച്ച് 35.37% അധികമാണിത്.
കഴിഞ്ഞ വർഷം ഏപ്രിലിലും മേയിലുമായി 94,761 യൂണിറ്റ് വിറ്റ ബജാജ് ഓട്ടോ ഇക്കൊല്ലം ഇതേ കാലത്ത് വിറ്റത് 1,75,190 ബൈക്കുകളാണ്; 84.87% വളർച്ച. അതേസമയം പ്രധാന എതിരാളികളായ ഹീറോ മോട്ടോ കോർപ് കഴിഞ്ഞ ഏപ്രിലിലും മേയിലുമായി 1,58,304 ബൈക്കുകളായിരുന്നു. 2015 ഏപ്രിൽ — മേയ് മാസങ്ങളിലായി കമ്പനി വിറ്റത് 1,28,767 ബൈക്കുകളായിരുന്നു.

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടറാവട്ടെ 1,56,855 ബൈക്കുകളാണു കഴിഞ്ഞ ഏപ്രിലിലും മേയിലുമായി വിറ്റത്. 2015 — 16ന്റെ ആദ്യ രണ്ടു മാസക്കാലത്തു കമ്പനി നേടിയ വിൽപ്പന 1,55,120 യൂണിറ്റായിരുന്നു. ‘ഡിസ്കവർ 125’, ‘പൾസർ 135 എൽ എസ്’, ‘വി 15’ എന്നിവയാണ് ഇടത്തരം വിഭാഗത്തിൽ ബജാജിന്റെ പ്രതിനിധികൾ. ഹീറോ മോട്ടോ കോർപിനായി ‘ഗ്ലാമർ’, ‘സൂപ്പർ സ്പ്ലെൻഡർ’, ‘ഇഗ്നൈറ്റർ’ എന്നിവയും എച്ച് എം എസ് ഐക്കായി ‘സി ബി ഷൈൻ’, ‘സി ബി ഷൈൻ എസ് പി’ എന്നിവയുമാണു വിപണിയിലുള്ളത്. 55,000 — 65,000 രൂപയാണ് ഇടത്തരം വിഭാഗത്തിലെ ബൈക്കുകളുടെ വില നിലവാരം.

നടപ്പു സാമ്പത്തിക വർഷം വാല്യൂ വിഭാഗത്തിൽ വിഹിതം മെച്ചപ്പെടുത്തുകയാണു കമ്പനിയുടെ ലക്ഷ്യമെന്നു ബജാജ് ഓട്ടോ പ്രസിഡന്റ്(ബിസിനസ് ഡവലപ്മെന്റ് ആൻഡ് അഷ്വറൻസ്’ എസ് രവികുമാർ അറിയിച്ചു. ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു പടക്കപ്പലായ ‘ഐ എൻ എസ് വിക്രാന്തി’ന്റെ ലോഹത്തിന്റെ സാന്നിധ്യം അവകാശപ്പെടുന്ന‘വി 15’ അവതരിപ്പിച്ചതെന്നും ബൈക്കിനു വിപണിയിൽ മികച്ച വരവേൽപ്പാണു ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വിഭാഗത്തിൽ ‘വി 15’ പ്രീമിയം നിലവാരം പാലിക്കുന്നെന്ന് ഉറപ്പാക്കാനാണു ‘പൾസർ 135 എൽ എസി’ന്റെ വില പുനഃക്രമീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.