ബജാജ് ചേതക്ക് തിരിച്ചെത്തുന്നു

Bajaj Chetak

ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിലെ സൂപ്പർ താരമായിരുന്നു ബജാജ് ചേതക്ക്. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആരാധമാക്കി ബജാജ് 1972 ൽ പുറത്തിറക്കിയ സ്കൂട്ടറിന് ഇന്ത്യയിലെ ജനപ്രിയ വാഹനമാകാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇടത്തരക്കാരുടെ പ്രിയ സ്കൂട്ടറായ ചേതക്ക് ലഭിക്കാൻ ബുക്കുചെയ്ത് വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയും ഒരു കാലത്തുണ്ടായിരുന്നു.

എന്നാൽ മൈലേജ് കൂടിയ ബൈക്കുകൾക്കും ഗിയർലെസ് സ്കൂട്ടറുകൾക്കും ലഭിച്ച സ്വീകാര്യത ചേതക്കിനെ കാര്യമായി ബാധിച്ചു. നീണ്ട 34 വർഷത്തെ സേവനം മതിയാക്കി 2006 ലാണ് ചേതക്ക് വിരമിക്കുന്നത്. വിപണിയിൽ നിന്ന് പിൻവലിക്കുമ്പോഴും നിരവധി ആരാധകരാണ് ചേതക്കിനുണ്ടായിരുന്നത്. പിന്നീട് ബൈക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ബജാജ് സ്കൂട്ടർ സെഗ്മെന്റിലേയ്ക്ക് ചേതക്കുമായി തിരിച്ചെത്തുന്നു.

കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പഴയകാല സ്റ്റൈലുമായി സ്കൂട്ടർ തിരിച്ചെത്തുമെന്നു തന്നെയാണ് കരുതുന്നത്. സ്കൂട്ടർ സെഗ്മെന്റിലെ മികച്ച വളർച്ചയാണ് ബജാജിനെ മാറി ചിന്തിക്കാൻ പ്രരിപ്പിച്ചത്. എന്നാൽ പ്രീമിയം സെഗ്മെന്റിലേയ്ക്കായിരിക്കും ചേതക്ക് എത്തുക എന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്‍ജിൻ കപ്പാസിറ്റിയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല. അടുത്ത വർഷം പകുതിയോടെ വിപണിയിലെത്തുമെന്നു കരുതുന്ന സ്കൂട്ടറിന്റെ വില 70000 രൂപ 90000 രൂപ വരെ ആയിരിക്കും.