ബജാജ് ‘സി ടി 100 ബി’ പുറത്തിറക്കി

Bajaj CT 100 B

ഓട്ടോ എക്സ്പോയുടെ കോലാഹലങ്ങൾക്കിടയിൽ ബജാജ് ഓട്ടോ ലിമിറ്റഡ് ‘സി ടി 100’ എന്ന എൻട്രി ലവൽ ബൈക്കിന്റെ പുതുവകേദം പുറത്തിറക്കി. ‘സി ടി 100 ബി’ എന്നു പേരിട്ട ബൈക്കിന് 30,990 രൂപയാണു ഡൽഹിയിലെ ഷോറൂം വില. ചെലവ് അമിതമാണെന്ന കാരണം പറഞ്ഞ് ഓട്ടോ എക്സ്പോയിൽ പങ്കെടുക്കാതിരിക്കുന്നതിനിടയിലാണു ബജാജ് ഓട്ടോ എൻട്രി ലവൽ വിഭാഗത്തിൽ പുതിയ ബൈക്ക് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നാലോ അഞ്ചോ ദിവസം നീളുന്ന ഓട്ടോ എക്സ്പോയിൽ പങ്കെടുക്കാൻ 10 — 15 കോടി രൂപ ചെലവ് വരുമെന്നു ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ് ഓർമിപ്പിച്ചു. ഈ പ്രദർശനത്തിനായി ഒരിക്കലും യാഥാർഥ്യമാവില്ലെന്ന ബോധ്യമുണ്ടെങ്കിലും ജനക്കൂട്ടത്തെ ആകർഷിക്കാൻ പോന്ന ചില ആശയങ്ങൾ സാക്ഷാത്കരിക്കുന്നതിലാവും കമ്പനിയുടെ ഗവേഷണ, വികസന വിഭാഗത്തിന്റെ ശ്രദ്ധയും അധ്വാനവും. അതിസമ്പന്നരായ കാർ നിർമാതാക്കൾക്ക് ഓട്ടോ എക്സ്പോ ചേരുമെന്നും ചെറിയ നിർമാതാക്കളായ ബജാജിന് ഈ ആർഭാടം താങ്ങാനാവില്ലെന്നുമായിരുന്നു രാജീവ് ബജാജിന്റെ വിലയിരുത്തൽ.

ഏതായാലും സാമ്പത്തിക പരിമിതികൾ മൂലം സെക്കൻഡ് ഹാൻഡ് ബൈക്ക് തേടിപ്പോകുന്നവരെ ലക്ഷ്യമിട്ടാണ് ‘സി ടി 100 ബി’യുടെ വരവെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് (മോട്ടോർ സൈക്കിൾസ് ബിസിനസ്) എറിക് വാസ് അറിയിച്ചു. തികച്ചും ന്യായമായ ലഭിക്കുമെന്നതിനാൽ മേലിൽ ആർക്കും ‘സി ടി 100 ബി’ വാങ്ങി പുത്തൻ ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ സുഖവും സന്തോഷവും ആസ്വദിക്കാം. നിലവിലുള്ള ‘സി ടി 100’ ബൈക്കിന്റെ എൻജിനിൽ ചില്ലറ പരിഷ്കാരങ്ങൾ വരുത്തിയാണ് ബജാജ് ‘സി ടി 100 ബി’ സാക്ഷാത്കരിച്ചത്. രണ്ടു വർഷ വാറന്റിയോടെ ലഭിക്കുന്ന ബൈക്കിന് ലീറ്ററിന് 99.1 കിലോമീറ്ററാണു ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. വലിപ്പമേറിയ, വൃത്താകൃതിയുള്ള ഹെഡ്ലാംപ്, ഘനമുള്ളതും യാത്രാസുഖം പകരുന്നതുമായ സീറ്റ്, പൗഡർ കോട്ടിങ് സഹിതമുള്ള വലിയ റിയർ ഗ്രാബ് റെയിൽ എന്നിവയും ബൈക്കിലുണ്ട്.

ദിവസങ്ങൾക്കു മുമ്പാണു ബജാജ് ഓട്ടോ പുതിയ 150 സി സി മോട്ടോർ സൈക്കിളായ ‘വി’ അനാവരണം ചെയ്തത്. ഇതിഹാസമാനങ്ങളുള്ള പടക്കപ്പലായ ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നുള്ള ഉരുക്ക് ഉപയോഗിച്ചു നിർമിച്ച ബൈക്കിന്റെ ഔപചാരികമായ അരങ്ങേറ്റം ഒരു മാസത്തിനുള്ളിലാവുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. റിപബ്ലിക് ദിനത്തിലാണു ബജാജ് ‘വി’യുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടത്. ഒപ്പം നാവികസേനയുടെ അഭിമാനവും ആദ്യ വിമാനവാഹിനിക്കപ്പലുമായിരുന്ന ‘ഐ എൻ എസ് വിക്രാന്ത്’ പൊളിച്ചപ്പോൾ ലഭിച്ച ഉരുക്ക് ഉപയോഗിച്ചു ബൈക്ക് നിർമിച്ച കഥയും അന്നു ബജാജ് ഓട്ടോ പങ്കുവച്ചിരുന്നു.