ബജാജിൽ നിന്നു ‘ഡിസ്കവർ 125’; വില 52,002 രൂപ

Bajaj Discover 125 Black Gold

‘ഡിസ്കവർ’ ശ്രേണിയിൽ പരീക്ഷണം തുടരുന്ന ബജാജ് ഓട്ടോ ലിമിറ്റഡ് പുതിയ 125 സി സി ബൈക്ക് പുറത്തിറക്കി. കാഴ്ചയിൽ മുൻതലമുറ ‘ഡിസ്കവറി’നു സമാനമായ ബൈക്കിനെ വ്യത്യസ്തമാക്കുന്നത് അതിനു കരുത്തേകുന്ന പുത്തൻ 124.6 സി സി എൻജിനാണ്. സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെ ഒറ്റ വകഭേദത്തിൽ മാത്രം വിൽപ്പനയ്ക്കുള്ള ‘ഡിസ്കവർ 125’ ബൈക്കിനു ഡൽഹി ഷോറൂമിൽ 52,002 രൂപയാണു വില.

ബൈക്കിലെ 124.6 സി സി, സിംഗിൾ സിലണ്ടർ, ഇരട്ട വാൽവ്, ഡി ടി എസ് ഐ എക്സോസ്ടെക് എൻജിന് 8,000 ആർ പി എമ്മിൽ പരമാവധി 11 പി എസ് കരുത്തും 5,000 ആർ പി എമ്മിൽ 10.8 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. മണിക്കൂറിൽ 100 കിലോമീറ്ററാണു ബൈക്കിന്റെ പരമാവധി വേഗം; ലീറ്ററിന് 82.4 കിലോമീറ്റർ ഇന്ധനക്ഷമതയും ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്നു. അഞ്ചു സ്പീഡാണു ഗീയർബോക്സ്.

പുതിയ ‘ഡിസ്കവറി’നൊപ്പം നാലു വാൽവ്, ഡി ടി എസ് ഐ എൻജിനുമായെത്തുന്ന ‘ഡിസ്കവർ 125 എം’ വിൽപ്പന തുടരുമെന്ന് ബജാജ് ഓട്ടോ വ്യക്തമാക്കുന്നു. നാലു സ്പീഡ് ട്രാൻസ്മിഷനുള്ള ‘ഡിസ്കവർ 125 എമ്മി’നു പുതിയ ബൈക്കിനെ അപേക്ഷിച്ച് 3,000 രൂപയോളം വിലയും കൂടുതലാണ്. ഈ ബൈക്കിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത ലീറ്ററിന് 76 കിലോമീറ്ററാണ്. 2035 എം എം നീളവും 760 എം എം വീതിയും 1087 എം എം ഉയരവും 1305 എം എം വീൽ ബേസുമുള്ള ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 165 എം എമ്മാണ്. ഭാരം 120.5 കിലോഗ്രാമും.

മുന്നിൽ ടെലിസ്കോപിക് ഫോർക്ക് സസ്പെൻഷൻ, പിന്നിൽ ഗ്യാസ് ഫിൽഡ് നൈട്രോക്സ് ഷോക് അബ്സോബർ, മുന്നിൽ 200 എം എം ഡിസ്ക് ബ്രേക്ക്, അലോയ് വീൽ, ഇലക്ട്രിക് സ്റ്റാർട്ട് എന്നിവയെല്ലാമുള്ള ‘ഡിസ്കവർ 125’ ഡീപ് റെഡ്, ബ്ലൂ ഗ്രാഫിക്സ് സഹിതം ഇബണി ബ്ലാക്ക് നിറത്തിലാണു ലഭ്യമാവുക. ഹോണ്ടയുടെ ‘ഷൈൻ’, യമഹ ‘സല്യൂട്ടൊ’, ഹീറോ ‘സൂപ്പർ സ്പ്ലെൻഡർ’ എന്നിവയോടാവും ‘ഡിസ്കവർ 125’ ഏറ്റുമുട്ടുക.