ബജാജ് ഡോമിനർ, ബുള്ളറ്റിന്റെ യഥാർത്ഥ എതിരാളി

റോയൽ എൻഫീൽഡിന്റെ ബൈക്കുകളോട് മത്സരിക്കാനാണ് ബജാജ് ഡോമിനർ 400 പുറത്തിറക്കിയത്. പുറത്തിറങ്ങി രണ്ടാം മാസം കൊണ്ടുതന്നെ വിപണിയിൽ മികച്ച പ്രകടനമാണ് ബൈക്ക് കാഴ്ച്ചവെയ്ക്കുന്നത്. ജനുവരിയfൽ ഡോമിനറിന്റെ 3000 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. മാർച്ചില്‍ 6000 യൂണിറ്റ് വിൽപ്പനയാണ് ലക്ഷ്യം െവയ്ക്കുന്നത്. സമീപ ഭാവിയിൽ വിൽപ്പനയിൽ തന്നെ റോയൽ എൻഫീൽഡിന്റെ ബൈക്കുകൾക്ക് ഭീഷണി സൃഷ്ടിക്കാൻ ഡോമിനറിനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നത്.

ബജാജ് തങ്ങളുടെ ശ്രേണിയിലെ ഏറ്റവും എൻജിൻ ശേഷി കൂടിയ ബൈക്കായ ഡോമിനർ 400നെ പുറത്തിറക്കിയത് കഴിഞ്ഞ ഡിസംബറിലാണ്. 1.39 ലക്ഷം രൂപയാണ് ബൈക്കിന്റെ കേരളാ എക്സ്ഷോറൂം വില. എബിഎസിന്റെ സുരക്ഷയോടു കൂടിയ മോഡലിന് 1.53 ലക്ഷം രൂപയുമാണ് വില. റോയൽ എൻഫീൽഡ് ബൈക്കുകളുമായാണ് ഡോമിനർ മത്സരിക്കുക എന്നാണ് ബൈക്ക് പുറത്തിറക്കിക്കൊണ്ട് ബജാജ് പ്രഖ്യാപിച്ചിരുന്നു. കരുത്തിൽ മികവു കാട്ടുക എന്നർഥം വരുന്ന സ്പാനിഷ് വാക്കിൽ നിന്നാണു ബജാജ് ഓട്ടോ ‘ഡോമിനർ’ എന്ന പേരു കണ്ടെത്തിയത്. ഇന്ത്യൻ മോട്ടോർ സൈക്കിൾ വ്യവസായത്തിൽ തന്നെ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ മോഡലാണു ‘ഡോമിനര്‍ 400’ എന്നാണ് ബജാജ് അവകാശപ്പെടുന്നത്.

ബജാജിന്റെ ഓസ്ട്രിയൻ പങ്കാളികളായ കെടിഎമ്മിന്റെ ഡ്യൂക്ക് 390, ആർസി 390 തുടങ്ങിയ ബൈക്കുകളിൽ ഉപയോഗിക്കുന്ന എൻജിനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഉപയോഗിക്കുന്നത്. 373.3 സിസി കപ്പാസിറ്റിയുള്ള എൻജിൻ 8000 ആർപിഎമ്മിൽ 35 ബിഎച്ച്പി കരുത്തും 6500 ആർപിഎമ്മിൽ 35 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സിനു കൂടെ സ്ലിപ്പർ ക്ലച്ചും നൽകിയിട്ടുണ്ട്.

ഡ്യുക്കാറ്റി ഡയാവൽ, പൾസർ എൻഎസ് 200 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഡോമിനർ നിർമിച്ചിരിക്കുന്നത്. ഓട്ടോ ഹൈഡ് ലാമ്പോടുകൂടിയ എൽഇഡി ഹെ‍ഡ്‌ലൈറ്റ്, ഡിജിറ്റർ മീറ്റർ കൺസോൾ തുടങ്ങിയവ ബൈക്കിന്റെ പ്രത്യേകതകളാണ്. മുന്നിൽ ടെലിസ്കോപ്പിക്ക് സസ്പെൻഷനും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് ഉപയോഗിക്കുന്നത്. 182 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 8.23 സെക്കന്റുകൾ മാത്രം വേണ്ടിവരുന്ന ഡോമിനറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 148 കിലോമീറ്ററാണ്.