റഷ്യയിൽ ‘പൾസർ’ വിൽക്കാനൊരുങ്ങി ബജാജ് ഓട്ടോ

പ്രകടനക്ഷമതയേറിയ ‘പൾസർ’ ശ്രേണിയുമായി റഷ്യൻ വിപണിയിൽ പ്രവേശിക്കാൻ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ ഇരുചക്രവാഹന കയറ്റുമതിക്കാരായ ബജാജ് ഓട്ടോ തയാറെടുക്കുന്നു. ഇതോടെ വൻതോതിൽ വിൽപ്പന സാധ്യതയുള്ള മോഡലുമായി റഷ്യൻ വിപണിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യ കമ്പനിയുമാവും ബജാജ് ഓട്ടോ. നിലവിൽ ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് മാത്രമാണ് ഇന്ത്യൻ നിർമിത ‘ബുള്ളറ്റ്’ റഷ്യയിലേക്കു കയറ്റുമതി ചെയ്യുന്നത്.

തുടക്കമെന്ന നിലയിൽ ബജാജ് ഓട്ടോ എതാനും കണ്ടെയ്നർ ‘പൾസർ’ റഷ്യയിലെത്തിച്ചിരുന്നു. മികച്ച വിപണന സാധ്യതയുള്ള വിപണിയാണു റഷ്യയെന്നും രാജ്യവ്യാപകമായി ബൈക്കുകൾ വിതരണം ചെയ്യാൻ നല്ല പ്രാദേശിക പങ്കാളിയെ ലഭിച്ചിട്ടുണ്ടെന്നും ബജാജ് ഓട്ടോ പ്രസിഡന്റ്(ബിസിനസ് ഡവലപ്മെന്റ് ആൻഡ് അഷ്വറൻസ്) എസ് രവികുമാർ അറിയിച്ചു. റഷ്യയിൽ ബജാജ് ബൈക്ക് വിൽപ്പനയ്ക്കും വിൽപ്പനാന്തര സേവനത്തിനുമുള്ള നടപടികൾ പങ്കാളി ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വർഷം 15.20 ലക്ഷം ഇരുചക്രവാഹനങ്ങളാണു ബജാജ് ഓട്ടോ കയറ്റുമതി ചെയ്തത്; 2013 — 14നെ അപേക്ഷിച്ച് 15% അധികമാണിതെന്നും ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം) വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള മൊത്തം ഇരുചക്രവാഹന കയറ്റുമതിയായ 24.50 ലക്ഷം യൂണിറ്റിൽ 62 ശതമാനത്തോളം ബജാജ് ഓട്ടോയുടെ വിഹിതമാണ്. കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്ത് ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹന കയറ്റുമതി മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 6.6% വർധനയോടെ 11.10 ലക്ഷം യൂണിറ്റായി.

ബജാജ് ഓട്ടോ കഴിഞ്ഞാൽ ടി വി എസ് മോട്ടോർ കമ്പനി, ഹീറോ മോട്ടോ കോർപ്, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ തുടങ്ങിയ നിർമാതാക്കളാണു രാജ്യത്തെ പ്രധാന കയറ്റുമതിക്കാർ; ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളും പശ്ചിമേഷ്യയും ആഫ്രിക്ക, ലാറ്റിൻ — മധ്യ അമേരിക്കൻ രാജ്യങ്ങളുമാണു പ്രധാന കയറ്റുമതി വിപണികൾ.

വിദേശ വിപണികളിലെ സാധ്യത മുതലെടുക്കാൻ ഹീറോ മോട്ടോ കോർപ് കൊളംബിയയിൽ പുതിയ നിർമാണശാല സ്ഥാപിച്ചിരുന്നു. 380 ലക്ഷം ഡോളർ(ഏകദേശം 250.67 കോടി രൂപ) ചെലവിൽ സ്ഥാപിച്ച ശാലയ്ക്കു തുടക്കത്തിൽ പ്രതിവർഷം 80,000 യൂണിറ്റ് ഉൽപ്പാദിപ്പിക്കാനാവും; ഭാവിയിൽ വാർഷിക ഉൽപ്പാദനം 1.20 ലക്ഷം യൂണിറ്റ് വരെയായി വർധിപ്പിക്കാനാവും വിധമാണു ശാലയുടെ രൂപകൽപ്പന.

എന്നാൽ നിലവിൽ 55 രാജ്യങ്ങളിലേക്കു കയറ്റുമതി നടത്തുന്ന ബജാജ് ഓട്ടോ തൽക്കാലം വിദേശത്തു നിർമാണശാല പരിഗണിക്കുന്നില്ലെന്നു രവികുമാർ വെളിപ്പെടുത്തി. ഇപ്പോൾ ഇന്ത്യൻ നിർമിത കിറ്റുകൾ എത്തിച്ചു പ്രാദേശികമായി അസംബ്ൾ ചെയ്താണു ബജാജ് വിദേശത്തു ബൈക്ക് വിൽക്കുന്നത്. ആദായകരമായി തുടരുന്നിടത്തോളം ഈ രീതി പിന്തുടരാനാണത്രെ ബജാജിന്റെ പദ്ധതി.

വികസ്വര വിപണികളിൽ ‘ബോക്സറാ’ണു ബജാജ് വിൽക്കുന്നത്. അതേസമയം യൂറോപ്പും ജപ്പാനും പോലുള്ള മുൻനിര വിപണികളിൽ കെ ടി എമ്മിന്റെ പങ്കാളിത്തത്തോടെ നിർമിച്ച ബൈക്കുകളാണു ബജാജിന്റെ വിൽപ്പന. വികസിത വിപണികളിലാവട്ടെ ഇന്ത്യൻ നിർമിത കെ ടി എം ബൈക്കുകളാണു ബജാജിനായി പട നയിക്കുന്നത്.