ഹിമാലയന് എതിരാളി വരുന്നു, കെടിഎമ്മിൽ നിന്ന്

KTM 1190 Adventure

റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന ‌ഹിമാലയന് എതിരാളി വരുന്നു. അതും കെ ടി എമ്മിൽ നിന്ന്. അഡ്വഞ്ചർ ടൂറർ ക്യാറ്റഗറിയിലേയ്ക്ക് 411 സിസി എൻജിനുമായി മാർച്ച് 16 വിപണിയിലെത്തുന്ന ഈ ഓഫ്-ഓൺ റോഡർ ബൈക്കിനൊത്ത എതിരാളിയെയാണ് ലോകത്തിലെ മികച്ച ഓഫ്റോഡ് ബൈക്ക് നിർമാതാക്കളിലൊന്നായ കെടിഎം കൊണ്ടു വരുന്നത്.

KTM 1190 Adventure

ബൈക്ക് പുറത്തിറക്കുന്ന വിവരം കമ്പനി ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടില്ലെങ്കിലും രണ്ട് എൻജിൻ വകഭേദങ്ങളുമായി കെടിഎമ്മിന്റെ പുത്തൻ ബൈക്ക് പുറത്തിറങ്ങുമെന്നു തന്നെയാണ് വാഹനലോകത്തു നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. കെടിഎമ്മിന്റെ ഡ്യൂക്ക് 200, 390 തുടങ്ങിയ ബൈക്കുകളിൽ ഉപയോഗിക്കുന്ന 200 സിസി, 375 സിസി എൻജിൻ‌ തന്നെയാണ്‌ ഇൗ ബൈക്കിനും ഉണ്ടാവുകയെന്നാണ് സൂചന.

കെടിഎമ്മും ബജാജും ചേർന്നായിരിക്കും പുതിയ ബൈക്ക് വികസിപ്പിക്കുക. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കൊല്ലം അവസാനത്തോടെ ബൈക്ക് വിപണിയിലെത്തുമെന്നാണ് കരുതുന്നത്. കൂടാതെ ബജാജും കെടിഎമ്മുമായി ചേർന്ന് കൂടുതൽ മോഡലുകൾ വരും കാലങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നുമാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.