നേട്ടം ആവർത്തിക്കാൻ പുതുതന്ത്രങ്ങളുമായി ബജാജ്

എട്ട് അവതരണങ്ങളുമായി 2015 പൂർത്തിയാക്കിയ ബജാജ് ഓട്ടോ ലിമിറ്റഡ് ഇക്കൊല്ലം മൂന്നു പുതിയ മോട്ടോർ സൈക്കിളുകൾ പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചു. എൻട്രി, എക്സിക്യൂട്ടീവ്, സ്പോർട്സ് വിഭാഗങ്ങളിൽ സാന്നിധ്യമുള്ള കമ്പനി ഇവയിലെല്ലാം പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. കമ്യൂട്ടർ വിഭാഗത്തിൽ പുത്തൻ ഉണർവു സമ്മാനിച്ച ‘സി ടി 100’ ബൈക്കിന്റെ വില കുറയ്ക്കാനും ബജാജ് ഓട്ടോയ്ക്കു പദ്ധതിയുണ്ട്. 35,000 രൂപയിൽ താഴെ വിലയ്ക്കു ‘സി ടി 100’ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ ശ്രമം.

Bajaj CT 100

കൂടാതെ ‘പ്ലാറ്റിന’യിലൂടെ ലീറ്ററിന് 100 കിലോമീറ്റർ ഇന്ധനക്ഷമത എന്ന നേട്ടം കൈവരിക്കാനും ബജാജ് ഓട്ടോയ്ക്കു പദ്ധതിയുണ്ട്. 2014ൽ ഈ വിഭാഗത്തിൽ 23% വിപണി വിഹിതമുണ്ടായിരുന്നത് കഴിഞ്ഞ വർഷം 45% ആയി ഉയർന്നത് ബജാജിനെ ആഹ്ലാദിപ്പിക്കുന്നുണ്ട്. പുതിയ അവതരണങ്ങളുടെയും വകഭേദങ്ങളുടെയും പിൻബലത്തിൽ വിപണി വിഹിതം കൂടുതൽ മെച്ചപ്പെടുത്താനാണു കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി വില കുറഞ്ഞ ‘സി ടി 100’, പരിഷ്കരിച്ച ‘പ്ലാറ്റിന’, പൂർണമായും പുതിയ എക്സിക്യൂട്ടീവ് ബൈക്ക്, ലക്ഷത്തിലേറെ വിലമതിക്കുന്ന പ്രീമിയം മോട്ടോർ സൈക്കിൾ എന്നിവയൊക്കെ ബജാജ് ഓട്ടോയുടെ പദ്ധതികളിലുണ്ട്.

Bajaj Avenger street 150

എൻട്രി ലവൽ, സ്പോർട്സ് മോട്ടോർ സൈക്കിൾ വിഭാഗങ്ങളിൽ കമ്പനി നേതൃസ്ഥാനം സ്വന്തമാക്കിയതായി ബജാജ് ഓട്ടോ മോട്ടോർ സൈക്കിൾ ബിസിനസ് പ്രസിഡന്റ് എറിക് വാസ് അവകാശപ്പെട്ടു. ഇരു വിഭാഗത്തിലും കൂടിയുള്ള മൊത്തം വിൽപ്പന പരിഗണിക്കുമ്പോൾ ബജാജിന്റെ വിപണി വിഹിതം 53% വരുമെന്നും അദ്ദേഹം അറിയിച്ചു. ‘സി ടി 100’, പുതിയ ‘പ്ലാറ്റിന’ തുടങ്ങിവയുടെ വരവാണ് എൻട്രി ലവൽ വിഭാഗത്തിനു ബജാജിനു നേട്ടമായത്. ‘പൾസർ ആർ എസ് 200’, ‘പൾസർ എ എസ് 200’, ‘പൾസർ 150’, ‘അവഞ്ചർ ക്രൂസ് 220’, ‘അവഞ്ചർ സ്ട്രീറ്റ് 220’, ‘അവഞ്ചർ 150’ തുടങ്ങിയവ സ്പോർട്സ് വിഭാഗത്തിലും കമ്പനിക്കു മികച്ച നേട്ടം സമ്മാനിച്ചെന്ന് അദ്ദേഹം വിലയിരുത്തി.

Bajaj Avenger

എക്സിക്യൂട്ടീവ് വിഭാഗത്തിൽ പുതിയ മോട്ടോർ സൈക്കിൾ അവതരിപ്പിക്കുന്നതിനൊപ്പം സ്പോർട്സ് വിഭാഗത്തിലും പുതിയ അവതരണത്തിനു ബജാജ് തയാറെടുക്കുന്നുണ്ട്; മിക്കവാറും ‘പൾസർ സി എസ് 400’ അല്ലെങ്കിൽ ‘ആർ എസ് 400’ ആവും സ്പോർട് വിഭാഗത്തിലെത്തുകയെന്നു വാസ് സൂചിപ്പിച്ചു. വില കുറയ്ക്കാനായി എൻജിൻ കരുത്ത് കുറഞ്ഞ ‘സി ടി 100’ കമ്യൂട്ടർ ബൈക്കും കമ്പനി പരിഗണിക്കുന്നുണ്ട്.