കാത്തിരുന്നോളു, 400 സിസി പൾസർ ഉടൻ

ബജാജിന്റെ ജനപ്രീയ ബൈക്കായ പൾസർ സീരീസിലെ കരുത്തുകൂടിയ വകഭേദം പൾസർ 400 സിഎസ് ഉടൻ പുറത്തിറങ്ങും. കമ്പനിയോടടുത്ത കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ പ്രകാരം ഒക്ടോബർ അവസാനത്തോടെ പൾസർ 400 വിപണിയിലെത്തും. വാഹനത്തിന്റെ റോഡ് ടെസ്റ്റുകൾ കമ്പനി നേരത്തെ തുടങ്ങിയിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2014 ഡൽഹി ഓട്ടോ എക്സ്പൊയിൽ അവതരിപ്പിച്ച പൾസർ 400 സിഎസ് കൺസെപ്റ്റ് മോഡലിന്റെ നിർമാണത്തോടെ പ്രീമിയം ബൈക്ക് സെഗ്‌മെന്റിൽ കമ്പനിക്കു കൂടുതൽ വിപണി വിഹിതം ലഭിക്കുമെന്നാണു കരുതുന്നത്.

ക്രൂയിസർ സ്പോർട്സ് ബൈക്ക് എന്ന ടാഗ്‌ലൈനിൽ എത്തുന്ന വാഹനത്തിനു ഡ്യൂക്ക് 390, ആർസി 390 തുടങ്ങിയവയിൽ ഉപയോഗിക്കുന്ന 373.4 സിസി എൻജിനാണുള്ളത്. സിംഗിൾ സിലിണ്ടർ, എയർകൂൾഡ് എൻജിന് 44 ബിഎച്ച്പി കരുത്തുണ്ടാകും. മുന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുകളും പിന്നിൽ എബിഎസുമാണുള്ളത്.

ഡിജിറ്റൽ ഇൻസ്ട്രമെന്റേഷൻ, എൽസിഡി ഡിസ്പ്ലേ യൂണിറ്റ്, അലോയ് വീലുകൾ, സ്പോർടി എക്സോസ്റ്റ്, എൽഇഡി ടെയിൽലാമ്പുകൾ എന്നീ സവിശേഷതകളും പൾസർ 400 സിഎസിലുണ്ടാകും. ഡ്യൂക്ക് 390 യുടെ അതേ എൻജിനാണ് ഉപയോഗിക്കുന്നതെങ്കിലും വില അതിനെക്കാൾ കുറവായിരിക്കും എന്നാണു സൂചന.