‘വി’യുടെ വിൽപ്പന 1.60 ലക്ഷത്തിലെത്തിയെന്നു ബജാജ്

ഇതിഹാസമാനങ്ങളുള്ള പടക്കപ്പലായ ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നുള്ള ഉരുക്കിൽ തീർത്ത 150 സി സി ബൈക്കായ ‘വി’യുടെ ഇതുവരെയുള്ള വിൽപ്പന 1.6 ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. മാർച്ചിൽ നിരത്തിലെത്തി ഏഴു മാസത്തിനുള്ളിലാണ് ‘വി’ ഈ ചരിത്രനേട്ടം സ്വന്തമാക്കിയതെന്നും കമ്പനി അറിയിച്ചു. ദേശാഭിമാനം നിത്യവും ആഘോഷിക്കാൻ ആഹ്വാനം ചെയ്യുന്ന പുതിയ പരസ്യം അവതരിപ്പിച്ചതിനൊപ്പം ഓഷ്യൻ ബ്ലൂ നിറത്തിലുള്ള ‘വി’യും കമ്പനി പുറത്തിറക്കി. ഇതോടെ ഹീറോയിക് റെഡ്, എബണി ബ്ലാക്ക്, പേൾ വൈറ്റ്, ഓഷ്യൻ ബ്ലൂ നിറങ്ങളിൽ ‘വി 15’ലഭ്യമാവും. 

‘വി’യിലൂടെ മോട്ടോർ സൈക്കിളുകളല്ല, ദേശാഭിമാനമാണു കമ്പനി ആഘോഷിക്കുന്നതെന്നു ബജാജ് ഓട്ടോ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് — മോട്ടോർ സൈക്കിൾസ്) സുമീത് നാരംഗ് വിശദീകരിച്ചു. വാഹന ഉടമകളിൽ നിന്നും സമാന പ്രതികരണമാണു ലഭിക്കുന്നത്. വിശേഷാവസങ്ങളിൽ മാത്രമല്ല, നിത്യേന ദേശാഭിമാനം അനുഭവിക്കാൻ ‘വി’ എങ്ങനെ സഹായിക്കുമെന്നതാണു പുതിയ പരസ്യ ചിത്രത്തിന്റെ ഇതിവൃത്തമെന്നും നാരംഗ് വെളിപ്പെടുത്തി. മാർച്ചിൽ നിരത്തിലെത്തിയ ‘ബജാജ് വി 15’ ബൈക്കിന്റെ വിൽപ്പന ജൂലൈയോടെ തന്നെ ആദ്യ ലക്ഷം പിന്നിട്ടിരുന്നു. തുടർന്നുള്ള രണ്ടു മാസത്തിനിടെ 60,000 യൂണിറ്റ് കൂടി വിൽക്കാനായത് വൻനേട്ടമാണെന്നാണു ബജാജിന്റെ പക്ഷം. നവരാത്രി — ദിപാവലി ഉത്സവാഘോഷത്തിന്റെ പിൻബലത്തിൽ ഇക്കൊല്ലം തന്നെ ‘വി’ വിൽപ്പന രണ്ടു ലക്ഷം പിന്നിടുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ഒപ്പം ‘വി’യുടെ ജനപ്രീതി പരിഗണിച്ച് ഈ ശ്രേണിയിൽ 2017 — 18ൽ രണ്ടു പുതിയ ബൈക്കുകൾ കൂടി അവതരിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. ‘വിക്രാന്ത്’ എന്ന ഉജ്വല ചരിത്രത്തിന്റെ പങ്ക് ഓരോ ഇന്ത്യക്കാരനിലുമെത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു പോരാളിയായ ‘വി’യെ ബജാജ് പടയ്ക്കിറക്കിയത്. ഹീറോയിക് റെഡ്, എബണി ബ്ലാക്ക്, പേൾ വൈറ്റ്, ഓഷ്യൻ ബ്ലൂ നിറങ്ങളിൽ വിൽപ്പനയ്ക്കെത്തിയ ‘വി’ക്ക് 62,002 രൂപയായിരുന്നു ഡൽഹി ഷോറൂമിൽ വില. ബൈക്കിലെ 149.5 സി സി, നാലു സ്ട്രോക്ക്, എസ് ഒ എച്ച് സി, ഇരട്ട വാൽവ്, എയർ കൂൾഡ്, ഡി ടി എസ് ഐ എൻജിന് 7,500 ആർ പി എമ്മിൽ പരമാവധി 12 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 13 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.