ബെന്റ്ലിയുടെ ഏറ്റവും വലിയ ഷോറൂം ദുബായിൽ

Bentley Mulsanne Speed

അത്യാഡംബര കാർ നിർമാതാക്കളായ ബെന്റ്ലി മോട്ടോഴ്സിന്റെ ലോകത്തിലെ ഏറ്റവും വലിയ ഷോറൂം യു എ ഇയിൽ പ്രവർത്തനം തുടങ്ങി. ദുബായിലെ ഷെയ്ഖ് സായെദ് റോഡിലാണു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ബെന്റ്ലി മോട്ടോഴ്സ് മുക്കാൽ ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഷോറൂം തുറന്നത്. യു എ ഇയിലെ പങ്കാളിയായ അൽ ഹബ്തൂർ മോട്ടോഴ്സുമായി സഹകരിച്ചാണു ‘ബെന്റ്ലി എമിറേറ്റ്സ്’ എന്നു പേരിട്ട ഷോറൂം യാഥാർഥ്യമാവുന്നത്.

Bentley Bentayga

കമ്പനിയുടെ കാഴ്ചപ്പാടും ബ്രാൻഡ് മൂല്യങ്ങളും സംബന്ധിച്ചു യു എ ഇയിലെ ഇടപാടുകാർക്കു വ്യക്തവും സമകാലികവും ധീരവുമായ വ്യാഖ്യാനം നൽകാൻ ലക്ഷ്യമിട്ടാണു ബെന്റ്ലി എമിരേറ്റ്സ് ആരംഭിച്ചിരിക്കുന്നതെന്നു ബെന്റ്ലി മോട്ടോഴ്സ് റീജനൽ ഡയറക്ടർ (മിഡിൽ ഈസ്റ്റ് ആൻഡ് ഏഷ്യ പസഫിക്) സ്റ്റീഫൻ റെയ്നോൾഡ്സ് വിശദീകരിച്ചു. ഉപയോക്താക്കൾക്ക് ഏറ്റവും വ്യക്തിഗതമായ അനുഭവമമാണു ഷോറൂം പ്രദാനം ചെയ്യുക. മേഖലയിലെ പരമ്പരാഗത വാഹന വ്യാപാര ശൈലിയെ പൊളിച്ചെഴുതാൻ പങ്കാളിയായ അൽ ഹബ്തൂർ മോട്ടോഴ്സും നിർണായക സംഭാവന നൽകിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡീലർഷിപ്പിന്റെ കവാടത്തിൽ പ്രകാശം പൊഴിക്കാനും വർണങ്ങളുടെ സമ്പൂർണ ശ്രേണി ആവിഷ്കരിക്കാനുമായി 1.60 ലക്ഷം എൽ ഇ ഡി ബൾബുകളാണു സജ്ജീകരിച്ചിരിക്കുന്നത്. ബെന്റ്ലി കാറുകളുടെ നിറങ്ങൾ തനിമ ചോരാതെ ആവിഷ്കരിക്കുന്നതിനൊപ്പം സവിശേഷ ഗ്രാഫിക്സുകളും കാഴ്ചപ്പൊലിമയും ബെന്റ്ലി വുഡ് വെനീറുമൊക്കെ ഇവിടെ അവതരിപ്പിക്കാനാവും.ആറു നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഷോറൂമിൽ ഇടപാടുകാരുടെ അഭിരുചികൾക്കനുസൃതമായി കാറുകൾ രൂപകൽപ്പന ചെയ്യാനും പരിഷ്കരിക്കാനുമൊക്കെയുള്ള സൗകര്യവും ലഭ്യമാണ്. നൂറിലേറെ വർണ സാധ്യതകളോടെയാണു ബെന്റ്ലിയിൽ നിന്നുള്ള കാറുകളുടെ വരവ്.

മൂന്നു നിലകളിലാണു ബെന്റ്ലി എമിരേറ്റ്സ് ഷോറൂമിൽ കാറുകൾ പ്രദർശിപ്പിക്കുക. ‘കോണ്ടിനെന്റൽ’, ‘ഫ്ളയിങ് സ്പർ’, ‘മുൽസെൻ’, ‘ബെന്റൈഗ’ എന്നിങ്ങനെ ബെന്റ്ലിയുടെ സമ്പൂർണ ശ്രേണി തന്നെ ഷോറൂമിൽ അണിനിരക്കും. കൂടാതെ ഇതാദ്യമായി ഷോറൂമിന്റെ ആറാം നിലയിൽ അലംകൃത റൂഫ് ഗാർഡനും ബെന്റ്ലി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അത്യാധുനിക ആഡംബരങ്ങൾക്കൊപ്പം പരമ്പരാഗത അറബിക് ശൈലിയും സമന്വയിക്കുന്ന വി ഐ പി മജ്ലിസ് സ്വീറ്റും ആറാം നിലയിലുണ്ട്. നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ലോകത്തിലെ തന്നെ ആദ്യ അക്വാ ഗ്രാഫിക് വാട്ടർ കർട്ടനും ബെന്റ്ലി എമിരേറ്റ്സിന്റെ സവിശേഷതയാണ്. കാറിൽ പതിച്ച ചിഹ്നമോ വ്യക്തിയുടെ പേരോ ഈ ജല കർട്ടനിലേക്കു പ്രോജക്ട് ചെയ്താൽ വ്യക്തിയെ തിരിച്ചറിഞ്ഞു സ്വീകരിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.