ബസ്സുകളുമായി ഭാരത് ബെൻസ്

ഭാരത് ബെൻസ് ടൂറിസ്റ്റ് ബസ്

‘ഭാരത് ബെൻസ്’ ശ്രേണിയിലെ സ്റ്റാഫ് ബസ്സുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക് ജർമൻ വാണിജ്യവാഹന നിർമാതാക്കളായ ഡെയ്മ്ലറിന്റെ ഉപസ്ഥാപനമായ ഡെയ്മ്ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ്(ഡി ഐ സി വി) ഔപചാരികമായി തുടക്കമിട്ടു. ആദ്യ ബസ്സുകൾ മുംബൈയിലെ ഭാഗീരഥി ട്രാൻസ്പോർട്, ബുഥെല്ലോ ട്രാവൽസ്, ആരോൺ ടൂർസ് എന്നീ കമ്പനികൾക്കു കൈമാറി. കമ്പനി പ്രതിനിധികളായ മനോഹർ സക്പാൽ, റിലൻ ബുഥെല്ലൊ, ആൽഡ്രിൻ ലൂയിസ് എന്നിവർക്ക് ഡെയ്മ്ലർ ബസസ് ഇന്ത്യ മാനേജിങ് ഡയറക്ടർ മാർകസ് വില്ലിങ്ങറാണു പുത്തൻ ‘ഭാരത് ബെൻസ്’ ബസ്സുകളുടെ താക്കോൽ കൈമാറിയത്. 39 സീറ്റും ഒൻപതു ടൺ ഗ്രേസ് വെഹിക്കിൾ വെയ്റ്റുമുള്ള സ്റ്റാഫ് ബസ്സുകളാണ് ഈ ശ്രേണിയിൽ ആദ്യം നിരത്തിലെത്തുന്നത്.

ഭാരത് ബെൻസ് സ്കൂൾ ബസ്

ഈ വിഭാഗത്തിൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സ്റ്റാഫ് ബസ്സുകളുടെ സവിശേഷതയായി ഡി ഐ സി വി അവതരിപ്പിക്കുന്നത്. കമ്പനിക്കു പേറ്റന്റുള്ള ‘അലുമിനിക്’ പ്രൊഫൈലോടെ ഏറോഡൈനാമിക് ശൈലിയിൽ നിർമിച്ച ‘ഭാരത് ബെൻസ്’ ബസ്സുകൾക്ക് ഘടനാപരമായ കരുത്തിനൊപ്പം ഉയർന്ന ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. മുന്നിൽ എൻജിനുള്ള ഈ ബസ്സുകളുടെ സവിശേഷതയായി ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്), മുന്നിലും പിന്നിലും ആന്റി റോൾ ബാർ, അഗ്നിബാധയെ ചെറുക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണം, തന്ത്രപ്രധാന സ്ഥാനങ്ങളിൽ ഘടിപ്പിച്ച വാതിൽ എന്നിവയും ഡി ഐ സി വി നിരത്തുന്നു.

അയർലൻഡ് ആസ്ഥാനമായ റൈറ്റ്ബസ് ഇന്റർനാഷനലിന്റെ പങ്കാളിത്തത്തോടെ, 425 കോടി രൂപ ചെലവിലാണ് ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് സ്ഥാപിച്ച ബസ് നിർമാണശാലയിൽ നിന്നാണു ‘ഭാരത് ബെൻസ്’ ശ്രേണിയുടെ വരവ്. ഇതിനു പുറമെ ആഡംബര വിഭാഗത്തിൽ മത്സരിക്കുന്ന മെഴ്സീഡിസ് ബെൻസ് ശ്രേണിയിലെ ബസ്സുകളുടെ നിർമാണവും ഇതേ ശാലയിലേക്കു മാറ്റിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പ്രതിവർഷം 1,500 ബസ്സുകൾ നിർമിക്കാവുന്ന പ്ലാന്റിന്റെ ശേഷി ഭാവിയിൽ 4,000 യൂണിറ്റ് വരെയായി ഉയർത്താനാവും.

ഭാരത് ബെൻസ് സ്റ്റാഫ് ബസ്

ഒരഗടത്ത് 4,400 കോടി രൂപ ചെലവിൽ ഡി ഐ സി വി സ്ഥാപിച്ച നിർമാണശാലയിൽ 27.91 ഏക്കർ സ്ഥലത്താണു ബസ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഒൻപതിനും പതിനാറിനും പുറമെ16 ടണ്ണിലേറെ ഗ്രോസ് വെഹിക്കിൾ വെയ്റ്റ്(ജി വി ഡബ്ല്യു) ഉള്ള ബസ്സുകളും ഈ ശാലയിൽ നിർമിക്കും. ഹ്രസ്വ ദൂര യാത്രകൾക്കായി, മുന്നിൽ ഘടിപ്പിച്ച എൻജിനുള്ള ബസ്സുകൾ ഉൾപ്പെടുന്നതാണു ഡി ഐ സി വി അവതരിപ്പിച്ച ഭാരത് ബെൻസ് ശ്രേണി. സ്കൂൾ, സ്റ്റാഫ്, ടൂറിസ്റ്റ് ബസ് വിഭാഗങ്ങളെയാണ് ഈ ശ്രേണിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ദീർഘദൂര ആഡംബര യാത്രയ്ക്കായി മെഴ്സീഡിസ് ബെൻസ് ശ്രേണിയിലെ ബസ്സുകളും കമ്പനി നിർമിക്കും. പിന്നിൽ ഘടിപ്പിച്ച എൻജിനും മികച്ച യാത്രാസുഖവുമൊക്കെയാവും മെഴ്സീഡിസ് ബെൻസ് ബസ്സുകളിൽ ഡി ഐ സി വി ലഭ്യമാക്കുക. ഈ ബസ്സുകൾക്കുള്ള എൻജിനും ട്രാൻസ്മിഷനും ഇറക്കുമതി ചെയ്യുക ബ്രസീസിൽ നിന്നാണ്.

അടിസ്ഥാന സൗകര്യ മേഖലയിലെ മുന്നേറ്റവും സ്മാർട് സിറ്റി പദ്ധതികളുടെ ആവിഷ്കാരവുമൊക്കെ പരിഗണിക്കുമ്പോൾ ഇന്ത്യൻ വിപണിയിൽ മികച്ച സാധ്യതയാണു കമ്പനി കാണുന്നതെന്നു മാർകസ് വില്ലിങ്ങർ അഭിപ്രായപ്പെട്ടു. നഗരങ്ങളിലെ ഗതാഗതത്തിരക്ക് കൂടുന്നതിനാൽ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ ധാരാളം സമയം യാത്രയ്ക്കായി ചെലവഴിക്കുന്നുണ്ട്. അവർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രയാണു ‘ഭാരത് ബെൻസ്’ ശ്രേണിയിലെ സ്റ്റാഫ് ബസ്സിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു.