ഇന്ത്യയിൽ 42.83 ലക്ഷം ഇരുചക്രവാഹനം വിറ്റ് ഹോണ്ട

കഴിഞ്ഞ സാമ്പത്തിക വർഷം ആഭ്യന്തര വിപണിയിൽ 42,83,345 ഇരുചക്രവാഹനങ്ങൾ വിറ്റെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). കയറ്റുമതി ചെയ്ത . 2,00,114 ഇരുചക്രവാഹനങ്ങൾ കൂടിയാവുന്നതോടെ മൊത്തം വിൽപ്പന 44,83,459 യൂണിറ്റിലെത്തുമെന്നും കമ്പനി അറിയിച്ചു. എച്ച് എം എസ് ഐയുടെ കയറ്റുമതി രണ്ടു ലക്ഷം യൂണിറ്റ് പിന്നിടുന്നതും ഇതാദ്യമായാണ്. ഉൽപ്പാദനത്തിലെ കാര്യക്ഷമതയും പരിഷ്കാരങ്ങളും മൂലം സ്ഥാപിത ശേഷിയുടെ 101 ശതമാനത്തോളം ഇരുചക്രവാഹനങ്ങൾ നിർമിക്കാൻ കഴിഞ്ഞതായും കമ്പനി അവകാശപ്പെട്ടു. കമ്പനിക്കു നിലവിൽ ഇന്ത്യയിലുള്ള മൂന്നു നിർമാണശാലകളും പൂർണ ശേഷി വിനിയോഗിക്കുന്നുണ്ടെന്നും എച്ച് എം എസ് ഐ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രകടനം അടിത്തറയാക്കി 2016 — 17ൽ വൻമുന്നേറ്റത്തിനാണു കമ്പനി തയാറെടുക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ഭാവി ലക്ഷ്യമിട്ട് പുതുമയുള്ള പ്രചാരണ തന്ത്രങ്ങളിൽ കമ്പനി മികച്ച നിക്ഷേപം നടത്തിയിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ നടപടികൾ ഫലം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി. ഇന്ത്യയിൽ ഹോണ്ടയുടെ ഏറ്റവും നിർണയാക വർഷമായി 2016 — 17 മാറുമെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്സു പ്രത്യാശിച്ചു. ഇന്ത്യൻ യുവാക്കളോടു സംവദിക്കാൻ ശ്രമിക്കുന്ന കമ്പനി ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള മോഡലുകൾ എത്രയും വേഗം ഭാരത് സ്റ്റേജ് നാല് നിലവാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിലുമാണ്. വിപണന ശൃംഖല വിപുലീകരിച്ചു രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലെ സാന്നിധ്യം ശക്തമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.