ബോണ്ട് കാറിന് 9.66 കോടി രൂപ

Aston Martin DB10

പുതിയ ചിത്രമായ ‘സ്പെക്ടറി’ൽ ജയിംസ് ബോണ്ടിന്റെ യാത്രകൾക്കായി ആസ്റ്റൻ മാർട്ടിൻ പ്രത്യേകം രൂപകൽപ്പന ചെയ്ത കാർ ലേലത്തിനെത്തുന്നു. ലണ്ടനിലെ ക്രിസ്റ്റീസ് ഓക്ഷൻ ഹൗസാണ് അടുത്ത 18ന് ഈ ‘ഡി ബി 10’ ലേലം ചെയ്യുക. ബ്ലൂറേ, ഡി വി ഡി, ഡിജിറ്റൽ എച്ച് ഡി സംവിധാനങ്ങളിൽ ‘സ്പെക്ടർ’ പ്രദർശനത്തിനെത്തുന്നത് ആഘോഷിക്കാനാണു കാർ ലേലം ചെയ്യുന്നത്. വമ്പൻ പണക്കാർക്കു മാത്രമാവും ലേലത്തിൽ പങ്കെടുക്കാനും കാർ സ്വന്തമാക്കാനും അവസരം ലഭിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 10 ലക്ഷം പൗണ്ട്(ഏകദേശം 9.66 കോടി രൂപ) അടിസ്ഥാനവില നിശ്ചയിച്ചാണു ക്രിസ്റ്റീസ് ബോണ്ടിന്റെ കാർ ലേലത്തിനു വയ്ക്കുന്നത്. എന്നാൽ മത്സരം കനത്താൽ ഇതിന്റെ പല മടങ്ങ് വില നൽകി ഏതെങ്കിലും ബോണ്ട് ആരാധകൻ ഈ കാർ സ്വന്തമാക്കിയാലും അത്ഭുതപ്പെടാനില്ല.

Aston Martin DB10

ലേലത്തിൽ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കാനാണു തീരുമാനം എന്നതും കാറിന്റെ വില നിർണയത്തെ സ്വാധീനിച്ചേക്കാം. വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് (അതിരില്ലാത്ത ഡോക്ടർമാർ) എന്ന സംഘടനയ്ക്കാണ് ലേലത്തിൽ നിന്നു ലഭിക്കുന്ന തുക കൈമാറുക. ആസ്റ്റൻ മാർട്ടിനിലെ ഡിസൈനർമാരും എൻജിനീയർമാരും ക്രാഫ്റ്റ്സ്മാൻമാരുമൊക്കെ അടങ്ങുന്ന സംഘം കൈ കൊണ്ടു നിർമിച്ചു എന്നതാണു ബോണ്ടിന്റെ പുത്തൻ കാറിനെ ഏറ്റവും സവിശേഷമാക്കുന്നത്. ‘സ്പെക്ടർ’ ചിത്രീകരണത്തിനായി 10 ‘ഡി ബി 10’ മാത്രമാണു കമ്പനി നിർമിച്ചത്. ഇതിൽ നിന്നു സ്വകാര്യ ഉടമസ്ഥതയിൽ നൽകാവുന്ന ഏക കാറാണ് 18നു ലേലത്തിനെത്തുന്നത്; പോരെങ്കിൽ ചിത്രത്തിനായി പരിഷ്കാരമൊന്നും വരുത്താതെ തയാറാക്കിയ രണ്ടു ‘ഷോ’ കാറുകളിൽ ഒന്നുമാണിത്.

Aston Martin DB10

അതുപോലെ ‘സ്പെക്ടറി’ന്റെ വേൾഡ് പ്രീമിയർ നടന്ന വേദിയിലും ഈ ‘ഡി ബി 10’ പ്രദർശിപ്പിച്ചിരുന്നു. എന്നു മാത്രമല്ല, ചിത്രത്തിൽ ജയിംസ് ബോണ്ടിനായി ജീവനേകിയ ഡാനിയൽ ക്രെയ്ഗിന്റെ കയ്യൊപ്പും ഈ കാറിലുണ്ട്. അങ്ങനെ എല്ലാം കൊണ്ടും ആസ്റ്റൻ മാർട്ടിൻ സൃഷ്ടിച്ച ഏറ്റവും അപൂർവ ‘ഡി ബി’ എന്ന വിശേഷണം പേറുന്ന കാർ ലേലത്തിനു മുന്നോടിയായി ലണ്ടനിലെ ഹാരോഡ്സിലാണു പ്രദർശിപ്പിച്ചിരിക്കുന്നത്.ആസ്റ്റൻ മാർട്ടിന്റെ ‘വി എയ്റ്റ് വാന്റേജ് എസി’ൽ നിന്നാണു ‘സ്പെക്ടറി’ലെ ‘ഡി ബി 10’ ഷാസിയും 4.7 ലീറ്റർ, 430 ബി എച്ച് പി, വി എയ്റ്റ് എൻജിനുമൊക്കെ കടമെടുത്തത്. ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള കാറിന് മണിക്കൂറിൽ പരമാവധി 306 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാവും.

Aston Martin DB10

കാർബൺ ഫൈബർ ബോഡിയോടെ എത്തുന്ന ‘ഡി ബി ടെന്നി’ൽ ആഡംബര സമൃദ്ധമായ അകത്തളവും ലതർ സീറ്റുകളും അലുമിനിയം അക്സന്റുകളുമൊക്കെ ആസ്റ്റൻ മാർട്ടിൻ ഒരുക്കിയിട്ടുണ്ട്.സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്തില്ലെങ്കിലും ബോണ്ടിന്റെ കാറുമായി നിരത്തിലിറങ്ങാമെന്ന പ്രതീക്ഷ വേണ്ട. കാരണം കലക്ടേഴ്സ് ഐറ്റം എന്ന നിലയിൽ മാത്രമാണ് ഈ ‘ഡി ബി 10’ കാറിന്റെ ലേലം; അല്ലാതെ പൊതുനിരത്തിൽ കാറുമായി ഇറങ്ങാൻ അനുമതിയുണ്ടാവില്ല.