ഡ്രൈവറില്ലാത്ത കാർ: ബോഷിന്റെ പരീക്ഷണം ജപ്പാനിലേക്കും

ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണം ജപ്പാനിലേക്കും വ്യാപിപ്പിക്കുമെന്ന് ഓട്ടമോട്ടീവ് സൊല്യൂഷൻസ് കമ്പനിയായ ബോഷ്. നേരത്തെ ജന്മനാടായ ജർമനിയിലും യു എസിലും ബോഷ് ഇത്തരം കാറുകൾ പരീക്ഷിച്ചിരുന്നു. ഓട്ടമേറ്റഡ് കാർ മാതൃകകൾ ഉപയോഗിച്ച് ബോഷ് ഇപ്പോൾ തന്നെ ജപ്പാനിലെ പൊതുനിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. ഇതിനു പുറമെ തോചിഗി, കനഗാവ പ്രിഫെക്ചറുകളിലെ തൊഹൊകു, തൊമെയ് നഗരങ്ങൾക്കു സമീപത്തെ എക്സ്പ്രസ്വേകളിലും ഷിയൊബരയിലും മെമൻബെറ്റ്സുവിലും കമ്പനിക്കുള്ള പ്രൂവിങ് ഗ്രൗണ്ടുകളിലും കൂടി ഡ്രൈവറില്ലാത്ത കാർ ഉപയോഗിച്ചു പരീക്ഷണഓട്ടം നടത്താനാണു ബോഷിന്റെ നീക്കം. ഫ്രീവേകളിലും സമാന റോഡുകളിലും സ്വന്തം നിലയിൽ ഓടാൻ പ്രാപ്തിയുള്ള കാറുകൾ 2020നുള്ളിൽ വികസിപ്പക്കാനാണു ബോഷ് ലക്ഷ്യമിട്ടിരിക്കുന്നത്.

വാഹനങ്ങൾ ഇടതുവശം ചേർന്ന് ഓടുന്നതും ഗതാഗത സാഹചര്യങ്ങൾ സങ്കീർണമാണെന്നതുമൊക്കെ പരിഗണിക്കുമ്പോൾ ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ വികസനത്തെ സഹായിക്കുന്ന വിലയേറിയ അനുഭവപാഠങ്ങളാണു ജപ്പാനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നു റോബർട്ട് ബോഷ് ജി എം ബി എച്ച് ബോർഡ് ഓഫ് മാനേജ്മെന്റ് അംഗമായ ഡോ ഡിർക് ഹൊഹെയ്സെൽ അഭിപ്രായപ്പെട്ടു. ജർമനിയിലെ എ 81 ഫ്രീവേ, യു എസിലെ ഇന്റർസ്റ്റേറ്റ് 280 എന്നിവയിൽ 2013 മുതൽ തന്നെ ബോഷ് ഡ്രൈവറില്ലാത്ത കാറുകൾ പരീക്ഷിക്കുന്നുണ്ട്. ഇതുവരെ അപകടമൊന്നും സംഭവിക്കാതെ 10,000 കിലോമീറ്ററോളം പരീക്ഷണ ഓട്ടം പൂർത്തിയാക്കാൻ എൻജിനീയർമാർക്കു കഴിഞ്ഞിട്ടുണ്ടെന്നും ബോഷ് വെളിപ്പെടുത്തുന്നു. ആഗോളതലത്തിലാവട്ടെ ബോഷ് സ്ഥാപനങ്ങളിലെ രണ്ടായിരത്തി അഞ്ഞൂറോളം എൻജിനീയർമാരാണ് ഓട്ടമേറ്റഡ് ഡ്രൈവിങ് സാധ്യതകളുടെ വിപുലീകരണത്തിനും ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളുടെ വികസനത്തിനുമുള്ള ഗവേഷണങ്ങളിൽ മുഴുകിയിരിക്കുന്നത്.