നാനോ: വിപണന തന്ത്രം പിഴച്ചെന്നു രത്തൻ ടാറ്റ

Ratan Tata

ചെറുകാറായ ‘നാനോ’യെ വില കുറഞ്ഞ രീതിയിൽ വിപണനം ചെയ്തതു തെറ്റായി പോയെന്നു ടാറ്റ സൺസ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റ. ബ്രാൻഡിങ്ങിൽ വരുത്തിയ ഈ പിഴവാണു വിപണന സാധ്യതയെറെയുണ്ടായിട്ടും ‘നാനോ’ പ്രതീക്ഷിച്ച വിജയം നേടാതെ പോയതിനു കാരണമെന്നും അദ്ദേഹം വിലയിരുത്തി.കാഞ്ചീപുരം ജില്ലയിലെ ഗ്രേറ്റ് ലേക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ബിരുദദാന ചടങ്ങിൽ വിദ്യാർഥികളുടെ ചോദ്യത്തിനുള്ള മറുപടിയിലാണു ടാറ്റ ‘നാനോ’യുടെ പരാജയകാരണം വിശദീകരിച്ചത്.

താങ്ങാവുന്ന വിലയ്ക്കു ലഭിക്കുന്ന കാർ എന്നതിനു പകരം വില കുറഞ്ഞ കാർ എന്ന തരത്തിലായിരുന്നു ‘നാനോ’യുടെ വിപണനമെന്നു ടാറ്റ ചൂണ്ടിക്കാട്ടി. എന്നാൽ വില കുറഞ്ഞ കാർ വാങ്ങാൻ പലരും വിമുഖത കാട്ടിയത് ‘നാനോ’യ്ക്കു കനത്ത തിരിച്ചടിയുമായി.

സ്വന്തം കാറിനെ സമൂഹത്തിലെ പദവിയുമായി ചേർത്തു വായിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ‘നാനോ’യെ വില കുറഞ്ഞ കാറായി പരിചയപ്പെടുത്തിയതു വീഴ്ചയാണെന്നു ബ്രാൻഡിങ് രംഗത്തെ പ്രമുഖർ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.

‘നാനോ’യുടെ ബ്രാൻഡിങ് തന്ത്രം ശരിയായില്ലെന്നു ടാറ്റ ഗ്രൂപ് ചെയർമാനായിരുന്ന രത്തൻ ടാറ്റ പിന്നീട് മാധ്യമ പ്രവർത്തകരോടും വെളിപ്പെടുത്തി. ശരാശരി 25 — 26 വയസ്സുള്ളവരുടെ സംഘമാണ് ‘നാനോ’ യാഥാർഥ്യമാക്കിയത്; അതുകൊണ്ടുതന്നെ കാർ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നാണു തന്റെ വിലയിരുത്തൽ.എന്നാൽ കാർ വിൽപ്പനയ്ക്കെത്താൻ ഒരു വർഷം വൈകിയതു ‘നാനോ’യ്ക്കു തിരിച്ചടിയായി. ഈ കാലത്തിനിടയിലാണ് കാറിനെപ്പറ്റി ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചതെന്നും ടാറ്റ അഭിപ്രായപ്പെട്ടു.

ഏതായാലും വില കുറഞ്ഞ കാർ എന്ന ചീത്തപ്പേര് ഒഴിവാക്കി പുത്തൻ പ്രതിച്ഛായ ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്സ് ഇപ്പോൾ ‘ജെൻഎക്സ് നാനോ’ അവതരിപ്പിച്ചിട്ടുണ്ട്. 2009ൽ നിരത്തിലെത്തിയപ്പോൾ ലോകത്തിന്റെ ശ്രദ്ധ കവർന്ന ‘നാനോ’യെ പുനഃരുജ്ജീവിപ്പിക്കാൻ ശക്തമായ ഇടപെടൽ നടന്നതിന്റെ ലക്ഷണങ്ങളും പുതിയ കാറിൽ പ്രകടമാണ്. നിലവിലുള്ള കാറിലെ അപര്യാപ്തതകളെല്ലാം പരിഹരിച്ചും സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെയാണു ‘ജെൻഎക്സ് നാനോ’ എത്തുന്നത്. തുറക്കാവുന്ന ബൂട്ട്, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ, ബ്ലൂടൂത്തും മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാവുന്ന ഓഡിയോ സംവിധാനം എന്നിവയെല്ലാം പുതിയ ‘നാനോ’യിലുണ്ട്.