‘ബ്രെക്സിറ്റ്’: റെനോ യു കെയിൽ കാർ വില കൂട്ടിയേക്കും

‘ബ്രെക്സിറ്റി’ന്റെ പ്രത്യാഘാതമായി പൗണ്ടിനു നേരിട്ട വിലത്തകർച്ച അതിജീവിക്കാൻ യു കെയിലെ കാർ വില കൂട്ടാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ. യൂറോപ്യൻ യൂണിയനിൽ തുടരുന്നതു സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പിൽ ‘ബ്രെക്സിറ്റ്’ വാദികൾ ഭൂരിപക്ഷം നേടിയതോടൊണു പൗണ്ടിന്റെ വിനിമയ നിരക്കിൽ വിലത്തകർച്ച നേരിടുന്നത്. പ്രതിസന്ധിയെ മറികടക്കാൻ യു കെയിൽ നിന്നു പിൻമാറാനുള്ള സാധ്യത റെനോ ചീഫ് ഫിനാൻഷ്യൽ ഓ ഫിസർ ക്ലോറ്റിൽഡ് ഡെൽബോസ് തള്ളി; എന്നാൽ വിൽപ്പന ഇടിയാനുള്ള സാധ്യത നിലനിൽക്കെ തന്നെ വാഹന വില വർധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നാണു സൂചന. അതേസമയം ബ്രിട്ടിനിലെ കാർ വില വർധിപ്പിക്കാനുള്ള സാധ്യതയെപ്പറ്റി റെനോ വക്താവ് പ്രതികരിച്ചില്ല.

റെനോയെ സംബന്ധിച്ചിടത്തോളം വിൽപ്പനയിൽ ഏഴാം സ്ഥാനത്തുള്ള വിപണിയാണു ബ്രിട്ടൻ. യൂറോപ്പിൽ കമ്പനി കഴിഞ്ഞ വർഷം വിറ്റ വാഹനങ്ങളിൽ എട്ടു ശതമാനത്തോളം(അതായത് 1.30 ലക്ഷം യൂണിറ്റ്) ആയിരുന്നു യു കെയുടെ വിഹിതം. ഹിതപരിശോധനാ ഫലം പുറത്തെത്തിയ പിന്നാലെ ബ്രിട്ടനിലെ കാർ വില വർധിപ്പിക്കുമെന്നു ഫ്രഞ്ച് നിർമാതാക്കളായ പി എസ് എ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ‘ബ്രെക്സിറ്റി’നെ തുടർന്നു കനത്ത തിരിച്ചടി നേരിട്ട വാഹന ഓഹരികളിൽ ഫ്രഞ്ച് നിർമാതാക്കളാണു മുൻനിരയിലുള്ളത്. ബ്രിട്ടനിൽ ആഭ്യന്തര ഉൽപ്പാദനമില്ലാതെ വിപണിയിൽ ഗണ്യമായ വിൽപ്പന നേടുന്നതാണ് ഈ കമ്പനികളുടെ ദൗർബല്യം.

ഉൽപ്പാദന ചെലവ് യൂറോയിലും വിൽപ്പനയിൽ നിന്നുള്ള വരുമാനം പൗണ്ടിലുമാണെന്നതാണ് ഈ കമ്പനികൾ നേരിടുന്ന പ്രധാന പ്രശ്നം. മാത്രമല്ല, ഇക്കൊല്ലം രണ്ടാം പകുതിയിൽ ബ്രിട്ടനിലെ വാഹന വിൽപ്പനയിൽ 10% ഇടിവു നേരിടുമെന്ന പ്രവചനങ്ങളും ഈ കമ്പനികൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. വെള്ളിയാഴ്ച ഹിതപരിശോധനാ ഫലം വന്നതു മുതൽ പ്യുഷൊയുടെ ഓഹരി വിലയിൽ 21.8 ശതമാനവും റെനോയുടെ വിലയിൽ 16.3 ശതമാനവും ഇടിവു സംഭവിച്ചിട്ടുണ്ട്. ഇതേ സമയം സ്റ്റോക്സ് 600 യൂറോപ്പ് ഓട്ടോസ് ആൻഡ് പാർട്സ് സൂചികയിലെ ഇടിവാകട്ടെ 12.5% മാത്രമാണ്.