ബ്രെസയ്ക്ക് കരുത്തുകൂടിയ പെട്രോൾ എൻജിൻ

കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിലേയ്ക്ക് തരംഗമായാണ് വിറ്റാര എത്തിയത്. സെഗ്‍‍മെന്റിലെ മറ്റു വാഹനങ്ങൾക്ക് ഭീഷണിയൊരുക്കിയ ബ്രെസയ്ക്ക് ഡീസൽ എൻജിൻ മാത്രമേ കമ്പനി നല്‍കിയിട്ടുള്ളു എന്നതായിരുന്നു പെട്രോൾ കാർപ്രേമികളുടെ പ്രധാന പരാതി. എന്നാലിപ്പോൾ പരാതികൾക്ക് പരിഹാരമായി പെട്രോൾ എൻജിനുമായി ബ്രെസയ്ക്ക് എത്തുന്നു. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പെട്രോൾ ബ്രെസ ഉടൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

ബലേനോ ആർ എസിന്റെ ഒരു ലിറ്റർ ബൂസ്റ്റർ ജെറ്റ് ടർബൊ പെട്രോൾ എൻജിനായിരിക്കും ബ്രെസയുടെ പെട്രോൾ വകഭേദത്തിനുണ്ടാകുക. 110 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കുമുണ്ടാകും. നിലവിൽ .1.3 ലിറ്റർ ഡീസൽ എൻജിനാണ് ബ്രെസയിൽ ഉപയോഗിക്കുന്നത്. 90 ബിഎച്ച്പി കരുത്തും 200 എന്‍എം ടോർക്കുമുണ്ട് 1.3 ലിറ്റർ എൻജിന്. മാരുതി സുസൂക്കി ഇന്ത്യയില്‍ വച്ച് പൂര്‍ണ്ണമായും വികസിപ്പിച്ച ആദ്യ മോഡലായ ബ്രെസയ്ക്ക് 3,995 മിമീ ആണ് നീളം. വീല്‍ബേസ് 2,500 മിമീ. ബൂട്ട് സ്പേസ് 328 ലീറ്റർ. ഗ്രൗണ്ട് ക്ലിയറന്‍സ് 198 മിമീ. 16 ഇഞ്ചാണ് അലോയ് വീലിന്റെ വലുപ്പം

എൽഡിഐ, എൽഡിഐ ഓപ്ഷണൽ, വിഡിഐ, വിഡിഐ ഓപ്ഷണൽ, ഇസഡ് ഡിഐ, ഇസഡ് ഡി ഐ ഓപ്ഷണൽ തുടങ്ങി ആറ് വകഭേദങ്ങളിലായാണ് വാഹനം പുറത്തിറങ്ങുക. അടിസ്ഥാന വകഭേദമായ എൽഡിഐയിൽ പവർസ്റ്റിയറിങ്, മാനുവൽ എസി, ടിൽറ്റ് സ്റ്റിയറിങ്ങ്, ഫോൾഡർ റിയർ സീറ്റ്, ഡ്രൈവർസൈഡ് എയർബാഗ്, കിലെസ് എൻട്രി തുടങ്ങിയവയുണ്ടാകും.

ഉയർന്ന വകഭേദത്തിൽ എബിഎസ് ഈബിഡി, മാരുതി സ്മാർട്പ്ലേ എൻഫോർടൈന്‍മെന്റ് സിസ്റ്റം, പുഷ്ബട്ടൻ സ്റ്റാർട്ട്, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പ്, റെയിൻ സെൻസറിങ് വൈപ്പറുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഫോർഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര ടിയുവി 300 പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ നെക്സൺ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും ബ്രെസ ഏറ്റുമുട്ടുക. 7.27 ലക്ഷം രൂപ മുതൽ 9.84 ലക്ഷം രൂപ വരെയാണ് വില.