ബ്രിജ്സ്റ്റോൺ ഇരുചക്രവാഹന ടയർ ഇന്ത്യയിലും

പുത്തൻ ബ്രാൻഡായ ‘ന്യൂറണ്ണു’മായി ജാപ്പനീസ് ടയർ നിർമാതാക്കളായ ബ്രിജ്സ്റ്റോൺ ഇന്ത്യൻ ഇരുചക്രവാഹന ടയർ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. എം ആർ എഫിനും സിയറ്റിനും അപ്പോളൊ ടയേഴ്സിനും ജെ കെ ടയേഴ്സിനും പുറമെ അടുത്തയിടെ ഈ വിപണിയിലെത്തിയ ബി കെ ടി ടയേഴ്സും ഈ രംഗത്ത് ബ്രിജ്സ്റ്റോണിന് എതിരാളികളാണ്. ഇതുവരെ പാസഞ്ചർ ടയർ റേഡിയൽ, ട്രക്ക്, ബസ്, ഓഫ് റോഡ് ടയർ വിഭാഗങ്ങളിലായിരുന്നു ഇന്ത്യയിൽ ബ്രിജ്സ്റ്റോണിനു സാന്നിധ്യം. ‘ന്യൂറൺ’ കൂടിയെത്തിയതോടെ വിപണന സാധ്യതയേറിയ ഇരുചക്രവാഹന ടയർ വിപണിയിലും കമ്പനി സജീവമാകും.

ആഗോളതലത്തിൽ ഇരുചക്രവാഹന ടയർ നിർമാതാവെന്ന നിലയിലും കമ്പനിക്കു ശ്രദ്ധേയ സാന്നിധ്യമുമ്ടെന്നു ബ്രിജ്സ്റ്റോൺ ഇന്ത്യ മാനേജിങ് ഡയറക്ടർ കസുഹികൊ മിമുര അഭിപ്രായപ്പെട്ടു. ലോകത്തിലെ പ്രധാന മോട്ടോർ സൈക്കിൾ നിർമാതാക്കൾക്കെല്ലാം കമ്പനി ടയർ നിർമിച്ചു നൽകുന്നുണ്ട്. പോരെങ്കിൽ ഇടക്കാലത്ത് മോട്ടോ ജി പി ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ടീമുകൾക്ക് പ്രകടനക്ഷമതയേറിയ ടയറുകൾ ലഭ്യമാക്കാൻ നിയോഗിക്കപ്പെട്ട ഏക നിർമാതാവും ബ്രിജ്സ്റ്റോൺ ആയിരുന്നു. ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാനും പുതിയ വിഭാഗങ്ങളിൽ ബ്രിജ്സ്റ്റോൺ എത്തിക്കാനുമുള്ള ശ്രമങ്ങളിൽ ‘ന്യൂറണി’ന്റെ അവതരണം സുപ്രധാനമാണെന്നു മിമുര അഭിപ്രായപ്പെട്ടു. ഈ വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമാവാനും മികച്ച വളർച്ച കൈവരിക്കാനും കമ്പനിക്കു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

വിൽപ്പന മാത്രം അടിസ്ഥാനമാക്കിയാൽ ഇന്ത്യയിലെ ഏറ്റവും വലിയ ടയർ വിപണിയാണ് ഇരുചക്രവാഹന വിഭാഗത്തിന്റേത്. മൊത്തം 15 കോടിയോളം ഇരുചക്രവാഹനങ്ങളുള്ള ഇന്ത്യയിൽ ഈ വിഭാഗത്തിലെ ടയറുകളുടെ വിൽപ്പനയിൽ പ്രതിവർഷം ശരാശരി 8.5% വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്നാണു കണക്ക്. അഞ്ചു വ്യത്യസ്ത വലിപ്പത്തിലുള്ള ടയറുകളാണു ‘ന്യൂറൺ’ ശ്രേണിയിൽ ബ്രിജ്സ്റ്റോൺ അവതരിപ്പിക്കുക; ഇരുചക്രവാഹന വിപണിയിലെ 70% ആവശ്യത്തിനുമുള്ള ടയറുകൾ ‘ന്യൂറണ്ണി’ൽ ലഭ്യമാവുമെന്നു കമ്പനി വ്യക്തമാക്കുന്നു. ഈ മാസം തന്നെ രാജ്യമങ്ങുമുള്ള ബ്രിജ്സ്റ്റോൺ സ്റ്റോറുകളിൽ ‘ന്യൂറൺ’ ശ്രേണി വിൽപ്പനയ്ക്കെത്തുമെന്നും കമ്പനി അറിയിച്ചു.