ബുഗാട്ടിയുടെ ഉല്ലാസനൗക വില 14.50 കോടി രൂപ

ആഡംബരത്തിലെ അവസാനവാക്കെന്ന വിശേഷണത്തോടെ പുത്തൻ ഉല്ലാസനൗക അവതരിപ്പിക്കാൻ ഈ രംഗത്തെ മുൻനിരക്കാരായ പാമർ ജോൺസണും ഫോക്സ്‌വാഗൻ ഗ്രൂപ്പിൽ പെട്ട ബുഗാട്ടിയും ഒന്നിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗമേറിയ കാറിന്റെ നിർമാതാക്കളായ ബുഗാട്ടിയും ഉല്ലാസനൗക നിർമാണ രംഗത്തെ പ്രമുഖരായ പാമർ ജോൺസണും ചേർന്നു കാഴ്ചവയ്ക്കുന്ന അത്യാഡംബര ഉല്ലാസനൗകകൾക്കു പേര് ‘നിനിയറ്റ്’ എന്നാവും.കാർബൺ ഫൈബറിന്റെ ധാരാളിത്തത്തിനൊപ്പം മറ്റ് അത്യാധുനിക സാമഗ്രികളും ഉപയോഗിച്ചു നിർമിച്ച നൗകകളുടെ രൂപൽപ്പനയിലാണു ഫ്രഞ്ച് കാർ നിർമാതാക്കളായ ബുഗാട്ടിയുടെ സഹകരണം. 1930കളിൽ കമ്പനി സ്ഥാപകൻ ഏറ്റോർ ബുഗാട്ടി റേസിങ് ബോട്ടുകളും യോട്ടുകളും നിർമിച്ചിരുന്നതാണ് ഈ രംഗത്തു ബുഗാട്ടിക്കുള്ള മികവ്.

‘നിനിയെറ്റ്’ എന്ന പേരും ബുഗാട്ടി കുടുംബത്തിൽ നിന്നു കണ്ടെത്തിയതാണ്; ബുഗാട്ടിയുടെ മകളായ ലിഡിയയുടെ ചെല്ലപ്പെരായിരുന്നു ‘നിനിയെറ്റ്’. കൂടാതെ ബുഗാട്ടിയുടെ പ്രിയ ഉല്ലാസനൗകയുടെ പേരും ഇതുതന്നെയായിരുന്നു. 42 അടി നീളമുള്ള ‘പി ജെ 41’, 63 അടി നീളമുള്ള ‘പി ജെ 63’, 88 അടി നീളമുള്ള ‘പി ജെ 88’ എന്നിവ ഉൾപ്പെടുന്നതാവും പുതിയ ‘നിനിയെറ്റ്’ ശ്രേണി. ആഡംബരസമ്പന്നമായ അനുഭവം പ്രദാനം ചെയ്യുന്നതിൽ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള രണ്ടു ബ്രാൻഡുകളുടെ സമന്വയമാണ് ‘നിനിയെറ്റ്’ എന്ന് ബുഗാട്ടി ഓട്ടമൊബീൽസ് ബോർഡ് ഓഫ് മാനേജമെന്റിൽ വിൽപന, വിപണന ചുമതലയുള്ള അംഗം ഡോ സ്റ്റെഫാൻ ബ്രംഗ്സ് അഭിപ്രായപ്പെട്ടു. ഭാരംകുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചുള്ള രൂപകൽപ്പനയിൽ വിദഗ്ധരായ ബുഗാട്ടിയും പാമറുമാണ് ഈ സംയുക്ത സംരംഭത്തിലൂടെ ഒന്നിക്കുന്നത്. ബുഗാട്ടി രൂപകൽപ്പനയുടെ പിൻബലത്തിൽ സൗന്ദര്യവും ആഡംബരവും തുളുമ്പുന്ന ഉല്ലാസനൗകയാണു യാഥാർഥ്യമായത്. കാർബൺ ഫൈബറിലും ടൈറ്റാനിയത്തിലും വിലമതിക്കാനാവാത്ത തടിയിലുമായി കാലാതീത ശിൽപമാണു പാമർ ജോൺസൺ സാക്ഷാത്കരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബുഗാട്ടിയുടെ ആപ്തവാക്യമായ ‘ആർട്ട്, ഫോം ആൻഡ് ടെക്നിക്’ ആണു ‘നിനിയെറ്റി’ലും ഇടംപിടിക്കുന്നത്. പാമർ ജോൺസന്റെ സൂപ്പർ സ്പോർട് ശ്രേണിയിൽ നിന്നാണു ‘നിനിയെറ്റി’ന്റെ കാർബൺ ഫൈബർ ചട്ടക്കൂട് രൂപമെടുക്കുന്നത്; രൂപകൽപ്പനാ ഭാഷയ്ക്കുള്ള കടപ്പാടാവട്ടെ ബുഗാട്ടിയുടെ ‘ടൈപ് 57 സി അറ്റലാന്റെ’, ‘ടൈപ് 41 റോയാൽ’ തുടങ്ങിയവയോടാണ്. രൂപകൽപ്പനയിലെ വിസ്മയത്തിനപ്പുറം അവിശ്വസനീയ വേഗവും ‘നിനിയെറ്റി’ന്റെ സവിശേഷതയാണ്. മണിക്കൂറിൽ 38 നോട്ട്(70 കിലോമീറ്റർ) വരെയാണ് ഈ ഉല്ലാസനൗകയുടെ പരമാവധി വേഗം.

മോഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കുകയെന്ന ദൗത്യത്തിന്റെ സാക്ഷാത്കാരമാണു ‘നിനിയെറ്റ്’ എന്നു പാമർ ജോൺസൺ ഉടമ ടിമുർ മുഹമ്മദ് അവകാശപ്പെട്ടു. കാഴ്ചയ്ക്കും അനുഭവത്തിനുമപ്പുറമുള്ള അവിശ്വസനീയ അനുഭൂതി പ്രദാനം ചെയ്യുന്നതിലാണു പാമർ ജോൺസന്റെയും ബുഗാട്ടിയുടെയും മികവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇത്തരം അവിശ്വസനീയ അനുഭൂതിയിലൂടെയാണ് ഇരുകമ്പനികളും കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നത്. അത്യാഡംബര ഉല്ലാസനൗകകളിലെ പുതിയ മോഡൽ ശ്രേണിക്ക് ബുഗാട്ടിയുടെ പേരും രൂപകൽപ്പനാ മികവും ഉപയോഗിക്കാൻ കഴിയുന്നതിലുള്ള അഭിമാനവും അദ്ദേഹം പങ്കുവച്ചു. ‘നിനിയറ്റി’ലെ ചെറു നൗകയായ ‘പി ജെ 42’ സ്വന്തമാക്കാൻ 20 ലക്ഷം യൂറോ(ഏകദേശം 14.50 കോടി രൂപ) മുടക്കണം. ഇടത്തരം നൗകയായ ‘പി ജെ 63’ അടിസ്ഥാന വകഭേദത്തിന് വില 32.50 ലക്ഷം യൂറോ(23.56 കോടിയോളം രൂപ) ആണ്. ഓർഡർ അടിസ്ഥാനത്തിൽ മാത്രം നിർമിച്ചു നൽകുന്ന ‘നിനിയെറ്റ്’ ഉല്ലാസനൗകകളുടെ പണി പൂർത്തിയാവാൻ 12 മാസത്തോളമെടുക്കുമെന്നു കണക്ക്.