Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുകാർ നിർമാണശാല: ബംഗാളിനു സാധ്യതയെന്നു കപാരൊ

Swraj Paul

പുതിയ ചെറുകാറിന്റെ നിർമാണത്തിനായി ശാല സ്ഥാപിക്കുമ്പോൾ പശ്ചിമ ബംഗാളിനു പ്രഥമ പരിഗണന നൽകുമെന്നു പ്രവാസി ഇന്ത്യക്കാരനും പ്രമുഖ വ്യവസായിരുമായ സ്വരാജ് പോൾ പ്രഭു മുഖ്യമന്ത്രി മമത ബാനർജിക്ക് ഉറപ്പു നൽകി. ‘കപാരൊ ടി വണ്ണി’ന്റെ പുത്തൻ വകഭേദത്തിന്റെ നിർമാണഘട്ടത്തിൽ ബംഗാളിനെ പരിഗണിക്കാമെന്നായിരുന്നു ലണ്ടൻ ആസ്ഥാനമായ കപാരൊ ഗ്രൂപ് ചെയർമാനായ സ്വരാജ് പോളിന്റെ വാഗ്ദാനം.

ബംഗാളിനായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നാണു മോഹം. നിലവിൽ ‘കപാരൊ ടി വണ്ണി’നെ അപേക്ഷിച്ചു ചെറുതും വില കുറഞ്ഞതുമായ പുത്തൻ കാറിന്റെ രൂപകൽപ്പനാ നടപടികൾ പുരോഗതിയിലാണ്. കാറിന് എൻജിൻ ലഭ്യമാക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകളും മുന്നേറുന്നുണ്ട്. രൂപകൽപ്പന പൂർത്തിയായി ഈ പുത്തൻ കാർ നിർമാണഘട്ടത്തോടടുക്കുമ്പോൾ ബംഗാളിനാവും പ്രഥമ പരിഗണനയെന്നു സ്വരാജ് പോൾ ലണ്ടനിൽ തന്നെ സന്ദർശിച്ച മമത ബാനർജിയെ അറിയിച്ചു. ഇതു താൻ മാത്രമല്ല മകനും കപാരൊ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അംഗദ് പോളും ബംഗാളിനു നൽകുന്ന ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോംപസിറ്റുകൾ ഉപയോഗിച്ചു ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മക്ലാരൻ രൂപകൽപ്പന ചെയ്ത ‘കപാരൊ ടി വണ്ണി’നാണു നിലവിൽ നിരത്തിലുള്ള ഏറ്റവും വേഗമേറിയ കാർ എന്ന പെരുമ. ഈ കാറിന്റെ ചെറു പതിപ്പാണ് ഇപ്പോൾ കപാരൊ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഉൽപ്പാദനഘട്ടമെത്തുമ്പോൾ പുതിയ കാറിന്റെ നിർമാണം ബംഗാളിൽ നടത്താമെന്നാണു കപാരൊ ബംഗാളിനു നൽകുന്ന വാഗ്ദാനം.

സിംഗൂരിൽ കപാരൊയ്ക്കുണ്ടായ മുൻ അനുഭവവും സ്വരാജ് പോൾ അനുസ്മരിച്ചു. ടാറ്റ മോട്ടോഴ്സിന്റെ ‘നാനോ’യ്ക്കു യന്ത്രഘടകങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണു കപാരൊ സിംഗൂരിൽ ശാല തുറന്നത്. എന്നാൽ ‘നാനോ’ നിർമാണശാല തന്നെ ഗുജറാത്തിലെ സാനന്ദിലേക്കു പറിച്ചു നട്ടതോടെ കപാരൊയും സിംഗൂരിലെ പദ്ധതി ഉപേക്ഷിക്കാൻ നിർബന്ധിതരായി.

വാഹനഘടകശാല സ്ഥാപിക്കാൻ പശ്ചിമ ബംഗാൾ സർക്കാരിൽ നിന്നു കപാരൊ സ്ഥലം വാങ്ങിയിരുന്നു. ഇവിടെ പുതിയ ശാല സ്ഥാപിക്കുകയോ സ്ഥലം വിറ്റൊഴിയുകയോ ചെയ്യാൻ കപാരൊയ്ക്ക് അവസരമുണ്ട്. എന്നാൽ ബംഗാളിൽ തുടർന്നും നിക്ഷേപിക്കാനാണു കമ്പനിക്കു താൽപര്യമെന്നു സ്വരാജ് പോൾ വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.