കാറോട്ടത്തിൽ കരുത്തരായി മലയാളികൾ

യൂനുസ് ഇല്യാസും പോൾ തോമസും

മൈക്കൽ ഷൂമാക്കറെയും നരേൻ കാർത്തികേയനെയുമൊക്കെ ആരാധിച്ചിരുന്ന കാർ റാലി പ്രേമികൾക്കൊരു സന്തോഷ വർത്തമാനം. കാറോട്ടത്തിന്റെ ത്രസിപ്പിക്കുന്ന മൽസര ഭൂമികയിൽ ഒരു കൊല്ലത്തുകാരന്റെ പേരു കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. ക്വയിലോൺ മോട്ടോർ സ്പോർട്ട്സ് ക്ലബ്ബിന്റെ മങ്ങാട് സ്വദേശിയും ടികെഎം കുടുംബാംഗവുമായ യൂനുസ് ഇല്യാസ്. അതിവേഗവും അസാമാന്യ ഡ്രൈവിങ് പാടവവും കൊണ്ട് ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റാറുള്ള കാറോട്ട മൽസരത്തിൽ തുടക്കകാരനാണ് ഈ ഇരുപത്തൊന്നുകാരൻ. എങ്കിലും മറ്റൊരു മലയാളിക്കും അവകാശപ്പെടാനാവാത്ത നേട്ടമാണു യൂനുസ് ഇല്യാസ് നേടിയിരിക്കുന്നത്. ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ റാലി ചാംപ്യൻഷിപ് 2015ൽ സെക്കൻഡ് റണ്ണർഅപ് ആയത് ഇല്യാസിന്റെ ടീമാണ്. എറണാകുളം സ്വദേശിയായ അഗ്നിശമന സേന ഉദ്യോഗസ്ഥൻ പോൾ തോമസായിരുന്നു യൂനുസ് ഇല്യാസിന്റെ മൽസര പങ്കാളി.

ഇന്ത്യൻ റാലി ചാംപ്യൻഷിപ്പിലെ 2000 സിസി കാറ്റഗറിയിൽ തൊട്ടടുത്ത എതിരാളിയേക്കാൾ 50 മിനിറ്റിന്റെ വ്യക്തമായ ലീഡായിരുന്നു യൂനുസ് ഇല്യാസിന്റെ ടീമിനുണ്ടായിരുന്നത്. ഇല്യാസ് തമിഴ്നാട്ടിൽ സേലത്ത് വിനായക മിഷൻ കോളജിൽ അവസാനവർഷ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദ വിദ്യാർഥിയാണ്. കാറോട്ടത്തിന് ഒട്ടേറെ ആരാധകരുള്ള കൊല്ലത്തിന്റെ പ്രതിനിധി എന്ന നിലയിൽ ആദരിക്കപ്പെടുന്നതിൽ അഭിമാനം തോന്നുന്നുവെന്നായിരുന്നു നേട്ടത്തിനു ശേഷം യൂനുസ് ഇല്യാസിന്റെ പ്രതികരണം. ഒരു പ്രധാനപ്പെട്ട ചാംപ്യൻഷിപ്പിൽ ടീമായി മൽസരിച്ചു വളരെയധികം പരിചയമില്ലെങ്കിലും കാണികളുടെയും വിദഗ്ധരുടെയുമൊക്കെ മുക്തകണ്ഠ പ്രശംസ തന്നെ ഈ ടീമിനു കിട്ടി. അത്രയ്ക്കും ആധികാരികമായിരുന്നു ഇവരുടെ പ്രകടനം.

കഴിഞ്ഞ വർഷം മുതലാണു കാറോട്ട കമ്പക്കാരനായ യൂനുസ് ഇന്ത്യൻ റാലിയിൽ മൽസരത്തിന് ഇറങ്ങിയത്. എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇന്ത്യൻ റാലിയിൽ തന്റെ സാന്നിധ്യം അറിയിക്കാൻ ഈ ചെറുപ്പക്കാരനായി. വരും വർഷങ്ങളിലെ ഇന്ത്യൻ റാലിയിൽ മൽസരാർഥികളാകാൻ തയ്യാറെടുക്കുന്നവരോടു യൂനുസ് ഇല്യാസിനെ ചൂണ്ടിക്കാട്ടി ഈ രംഗത്തെ വിദഗ്ധർ ‘കരുതിയിരുന്നോളൂ ഈ ചെറുപ്പക്കാരനെ’ എന്നു പറയുന്നുവെങ്കിൽ തീർച്ച, കാത്തിരിക്കാം കാർ റാലിയുടെ ഭൂപടത്തിൽ ഇനി കൊല്ലത്തിന്റെ പേരും ചേർത്തു വയ്ക്കാം.. മങ്ങാട്ടുകാരൻ മുഹമ്മദ് ഇല്യാസിന്റെ മകൻ യൂനുസ് ഇല്യാസിലൂടെ.