മിറ്റ്സുബിഷി ചെർമാനായി കാർലോസ് ഘോസ്ൻ

Carlos- Ghosn

നിസ്സാൻ മോട്ടോർ കമ്പനിയുടെയും റെനോ എസ് എയുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ കാർലോസ് ഘോസ്നു മൂന്നാമത്തെ ശമ്പളം ലഭിക്കാൻ വഴിയൊരുങ്ങി. ജാപ്പനീസ് നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷന്റെ നിയന്ത്രണം നിസ്സാൻ സ്വന്തമാക്കിയതോടെയാണ് ഫ്രഞ്ചുകാരനായ ഘോസ്ൻ ആ കമ്പനിയുടെയും ചെയർമാൻ സ്ഥാനം കൈവന്നത്. കൂടാതെ മിറ്റ്സുബിഷി ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ പ്രതിഫലം മൂന്നിരട്ടിയാക്കി വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

മിറ്റ്സുബിഷിയിൽ കമ്പനിക്കകത്തുനിന്നും പുറത്തുനിന്നുമായി നിലവിലുള്ള 11 ഡയറക്ടർമാർക്കുമായി മൊത്തം 300 കോടി യെൻ(ഏകദേശം 176.06 കോടി രൂപ) വാർഷിക പ്രതിഫലം നൽകാനുള്ള നിർദേശമാണ് ഓഹരി ഉടമകൾ അംഗീകരിച്ചത്. ഇതിൽ 200 കോടി യെൻ ശമ്പളമായും ഒരു കോടി യെൻ ഓഹരികളായുമാണു നൽകുക.ഒപ്പം മിറ്റ്സുബിഷിയുടെ ടോപ് മാനേജ്മെന്റ് പുനഃസംഘടിപ്പിക്കാനുള്ള നിർദേശത്തിനും ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു. കൂടെ 11 അംഗ ബോർഡിന്റെ മേധാവിയായി ഘോസ്ന്റെ നിയമനത്തിനും അംഗീകാരമായി. ഇന്ധനക്ഷമതയിൽ കൃത്രിമം കാട്ടി പ്രതിസന്ധിയിലായ മിറ്റ്സുബിഷിയുടെ 34% ഓഹരികളും നിയന്ത്രണവും കഴിഞ്ഞ ഒക്ടോബറിലാണു നിസ്സാനു കൈവന്നത്.

ജാപ്പനീസ് വാഹന നിർമാതാക്കളിൽ ആറാം സ്ഥാനത്താണു മിറ്റ്സുബിഷി. അതിനിടെ ആഭ്യന്തര വിപണിയിൽ വിൽക്കുന്ന മോഡലുകളുടെ ഇന്ധനക്ഷമത പെരുപ്പിച്ചു കാട്ടി പ്രവർത്തനം നഷ്ടത്തിലേക്കു നീങ്ങുന്ന മിറ്റ്സുബിഷിയുടെ നേതൃനിരയിലുള്ളവരുടെ പ്രതിഫലം വർധിപ്പിക്കുന്നതിനെ ഓഹരി ഉടമകളുടെ പ്രത്യേക യോഗത്തിൽ ചിലർ എതിർത്തു. എന്നാൽ തിരിച്ചുവരവിനു ശ്രമിക്കുന്നെന്ന പേരിൽ പ്രതിഫലം കുറയ്ക്കുന്നത് ഉചിതമല്ലെന്ന നിലപാടിലായിരുന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ഒസാമു മസാകൊ. കമ്പനിയുടെ മാനേജ്മെന്റ് കാര്യക്ഷമമാക്കാനും പ്രതിഭയുള്ളവരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് എക്സിക്യൂട്ടീവുകൾക്കുള്ള വേതനം ഉയർത്തുന്നതെന്നും മിറ്റ്സുബിഷി വ്യക്തമാക്കി.