ഗുജറാത്ത്: കാറുകളുടെ ടോൾ ബാധ്യത സർക്കാർ ഏറ്റെടുത്തു

Representative Image

രാജ്യത്തിന്റെ 70—ാം സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ചു ഗുജറാത്ത് സർക്കാർ സംസ്ഥാനത്തെ ദേശീയപാതകളിലെ ടോളിൽ നിന്നു ചെറുകിട വാഹനങ്ങളെ ഒഴിവാക്കി. 12 സംസ്ഥാന പാതകളിലെ 27 ബൂത്തുകളിൽ ടോൾ അടയ്ക്കുന്നതിൽ നിന്നാണു ചെറുവാഹനങ്ങൾക്ക് ഇളവ് അനുവദിച്ചതെന്നു സംസ്ഥാന ഊർജ, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ അറിയിച്ചു.ഗുജറാത്തിലെ സംസ്ഥാന, ദേശീയ പാതകളിലെ ടോൾ പിരിവിൽ നിന്നാണ് സ്വാതന്ത്രദിനം മുതൽ ത്രിചക്ര വാഹനങ്ങളെയും കാറുകളെയും ഒഴിവാക്കുമെന്നു മുൻമുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലാണു പ്രഖ്യാപിച്ചത്്. സ്വകാര്യ കാറുകളെ മാത്രമാണു ടോൾ പിരിവിൽ നിന്ന് ഒഴിവാക്കുകയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ടാക്സികളും മറ്റു വാണിജ്യ വാഹനങ്ങളും മുമ്പത്തെ പോലെ ടോൾ അടയ്ക്കേണ്ടിവരും.

സ്വകാര്യ കാറുകൾക്കും ജീപ്പുകൾക്കും പുറമെ പൊതുമേഖലയിലെ ഗുജറാത്ത് സംസ്ഥാന റോഡ് ട്രാൻസ്പോർട് കോർപറേഷൻ(ജി എസ് ആർ ടി സി) ബസ്സുകളെയും ടോൾ പിരിവിൽ നിന്ന് ഒഴിവാക്കിയതായി മന്ത്രി ജഡേജ വെളിപ്പെടുത്തി. വഡോദര — ഹാലോൽ സംസ്ഥാന പാത ടോൾ വിമുക്തമാക്കിയതിന്റെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. സംസ്ഥാനത്തെ 12 ദേശീയപാതകളിലൂടെ നിത്യേന 86,000 ചെറു വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണു കണക്ക്. ഈ വാഹനങ്ങളുടെ ടോൾ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ടോളിൽ ഇളവ് അനുവദിച്ചതിലൂടെ സംസ്ഥാനത്തിന് പ്രതിവർഷം 150 കോടി രൂപയുടെ അധിക ബാധ്യത നേരിടേണ്ടി വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
ടോൾ പിരിവിൽ ഇളവ് നിലവിൽ വന്നതോടെ ജി എസ് ആർ ടി സിക്ക് പ്രതിവർഷം 20 കോടി രൂപയുടെ ലാഭമുണ്ടാകും.

ഇളവിന്റെ ആനുകൂല്യം കോർപറേഷൻ യാത്രക്കാർക്കു കൈമാറുമെന്നും ജഡേജ വ്യക്തമാക്കി. അഹമ്മദബാദ് — മെഹ്സാന, വഡോദര — ഹാലോൽ, അഹമ്മദബാദ് — വീരംഗാം — മാലിയ, ഹാലോൽ — ഗോധ്ര — ശംലാജി, രാജ്കോട് — ജാംനഗർ — വാഡിനർ, ഹിമ്മത്നഗർ ബൈപാസ്, കിം — മാണ്ഡ്വി, ഭുജ് — നഖതരാന, കപഡ്വഞ്ച് — മൊദാസ, ദീസ — ഗുണ്ട്രി, വഡോദര — ഛായപൂർ, വഡോദര — ബാമ്ന്സോർ ദേശീയപാതകളിലെ ടോൾ പിരിവിൽ നിന്നാണ് ചെറുകിട വാഹനങ്ങളെ പൂർണമായും ഒഴിവാക്കിയത്.