അജിങ്ക്യ രഹാനെയുടെ ബാറ്റിലും ഇനി സിയറ്റ് ലോഗോ

പ്രമുഖ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ ബാറ്റിന്റെ സ്പോൺസർമാരായി പ്രമുഖ ടയർ നിർമാതാക്കളായ സിയറ്റ് രംഗത്ത്. നാു വർഷത്തേക്കാണു രഹാനെയും സിയറ്റുമായുള്ള ബാറ്റ് സ്പോൺസർഷിപ് കരാർ. ടെസ്റ്റ്, വൺഡേ, ട്വന്റി 20 തുടങ്ങി എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിലും സിയറ്റിന്റെ പരസ്യം പതിച്ച ബാറ്റുമായിട്ടാവും ഇനി മുതൽ വലങ്കയ്യൻ ബാറ്റ്സ്മാനായ അജിങ്ക്യ രഹാനെ ക്രീസിലെത്തുക. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകൻ കൂടിയാണു രഹാനെ(28). ക്രിക്കറ്റുമായുള്ള ബന്ധം ശക്തമാക്കാൻ നിരന്തര ശ്രമമാണു കമ്പനി നടത്തുന്നതെന്നു സിയറ്റ് മാനേജിങ് ഡയറക്ടർ അനന്ത് ഗോയങ്ക വിശദീകരിച്ചു. അതുകൊണ്ടുതന്നെ യുവതാരമായ അജിങ്ക്യ രഹാനെയെ സിയറ്റ് പ്രചാകരരുടെ ശ്രേണിയിൽ ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ട്.

നിലവിലുള്ള താരങ്ങൾക്കൊപ്പം രഹാനെ കൂടിയെത്തുന്നതോടെ ക്രീസിൽ സിയറ്റിന്റെ നില കൂടുതൽ ശക്തമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ക്രിക്കറ്റുമായി ആഴത്തിൽ വേരുകളുള്ള സിയറ്റിന്റെ പങ്കാളിയാവുന്നതിൽ ആഹ്ലാദമുണ്ടെന്നായിരുന്നു രഹാനെയുടെ പ്രതികരണം. കമ്പനിയുമായുള്ള സഹകരണം സാർഥകമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അജിങ്ക്യ രഹാനെയ്ക്കു പുറമെ ഇന്ത്യൻ ടീമിലെ ബാറ്റ്സ്മൻമാരായ രോഹിത് ശർമായുമായും സുരേഷ് റെയ്നയുമായും സിയറ്റ് നേരത്തെ ബാറ്റ് സ്പോൺസർഷിപ് കരാർ ഒപ്പുവച്ചിരുന്നു. യുവതാരം ഇഷാൻ കിഷനുമായും കമ്പനിക്കു സമാന കരാറുണ്ട്. ശർമയും റെയ്നയുമാവട്ടെ സിയറ്റുമായി മൂന്നു വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.

ബ്രാൻഡെന്ന നിലയിൽ ക്രിക്കറ്റുമായി എപ്പോഴും ബന്ധം പുലർത്താൻ ശ്രമിച്ചിട്ടുള്ള കമ്പനിയാണു സിയറ്റ്. കളിക്കാരുടെയും ടീമുകളുടെയും പ്രകടനം ആധികാരമായി അപഗ്രഥിക്കാനുള്ള ആദ്യ സംരഭമായ സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവതരിപ്പിച്ച കമ്പനി ‘സിയറ്റ് ക്രിക്കറ്റ് ഗീയർ’ എന്ന പേരിൽ കളിക്കളത്തിൽ ഉപയോഗിക്കാനുള്ള സാധനസാമഗ്രികളും വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ട്രാറ്റജിക് ടൈം ഔട്ടിന്റെ പ്രായോജകരാണു സിയറ്റ്. കൂടാതെ സിയറ്റ് ക്രിക്കറ്റ് റേറ്റിങ്ങിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ ബ്രെറ്റ് ലീയെയും കമ്പനി നിയോഗിച്ചിട്ടുണ്ട്.