2,800 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി സിയറ്റ് ടയേഴ്സ്

ആർ പി ജി ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ സിയറ്റ് ടയേഴ്സ് അടുത്ത അഞ്ചു വർഷത്തിനിടെ 2,800 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. 2021 — 22നുള്ളിൽ ഉൽപ്പാദന ശേഷി ഗണ്യമായി വർധിപ്പിക്കാനുള്ള പദ്ധതിക്കു വെള്ളിയാഴ്ച ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം അംഗീകാരം നൽകി. പ്രതിവർഷം 10 ലക്ഷം ട്രക്ക് — ബസ് റേഡിയൽ ടയറുകളും 1.7 കോടി ഇരുചക്രവാഹന ടയറുകളും 60 ലക്ഷം കാർ റേഡിയലുകളും ഉൽപ്പാദിപ്പിക്കാനാണു സിയറ്റ് ടയേഴ്സ് ലക്ഷ്യമിടുന്നത്. വികസന പദ്ധതികൾക്ക് ആവശ്യമായ പണം കടമെടുത്തും ഓഹരി വിൽപ്പനയിലൂടെയുമാവും കമ്പനി കണ്ടെത്തുക.

ഇരുചക്രവാഹന, കാർ റേഡിയൽ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വിൽപ്പന വളർച്ച കൈവരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നു സിയറ്റ് മാനേജിങ് ഡയറക്ടർ അനന്ത് ഗോയങ്ക വിശദീകരിച്ചു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള വികസനപദ്ധതികൾക്കായാണ് അടുത്ത അഞ്ചു വർഷത്തിനിടെ 2,800 കോടി രൂപ നിക്ഷേപിക്കുക. ഒപ്പം ട്രക്ക് വിഭാഗത്തിൽ റേഡിയൽ ടയറുകളോടു പ്രിയമേറുന്നതു പ്രയോജനപ്പെടുത്താനും സിയറ്റിനു പദ്ധതിയുണ്ട്. ഈ സാധ്യത പരിഗണിച്ചാണ് ട്രക്ക് — ബസ് റേഡിയൽ ഉൽപ്പാദനശേഷി 10 ലക്ഷം യൂണിറ്റായി ഉയർത്തുന്നത്. ഇരുചക്രവാഹന, യാത്രാവാഹന ടയർ വിപണികളിൽ നേതൃസ്ഥാനമാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ഗോയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

കമ്പനി ചീഫ് ഫിനാൻസ് ഓഫിസറായി കുമാർ സുബ്യ്യയെ നിയമിച്ച നടപടിക്കും സിയറ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകാരം നൽകി. മനോജ് ജയ്സ്വാളിന്റെ പകരക്കാരനായി ജനുവരി 16നാണു നിലവിൽ മറ്റീരിയൽ ആൻഡ് ഔട്ട്സോഴ്സിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായ സുബ്വയ്യ ചുമതലയേൽക്കുക. ഹിന്ദുസ്ഥാൻ യൂണിലീവറിനൊപ്പം രണ്ടു ദശാബ്ദത്തോളമായി ഇന്ത്യയിലും വിദേശത്തും ധനകാര്യ, സാമ്പത്തിക വിഭാഗങ്ങളിലായി വിവിധ തസ്തികകൾ വഹിച്ച സുബ്വയ്യ 2015 ഫെബ്രുവരിയിലാണ് സിയറ്റിൽ ചേർന്നത്.