‌‌3.4 ലക്ഷം രൂപയ്ക്ക് ‘അടിപൊളി’ ഔഡി

അറുപതു ലക്ഷത്തിന്റെ പോർഷെ 5 ലക്ഷത്തിന്. എണ്‍പതു ലക്ഷത്തിന്റെ ബിഎംഡബ്ല്യു 8 ലക്ഷത്തിനും നാൽപ്പതു ലക്ഷം രൂപയുടെ ഔഡി 3.4 ലക്ഷം രൂപയ്ക്കും. പുതിയ വാഹനം സ്വന്തമാക്കാനുള്ള ലോണിന്റെ ഡൗണ്‍പെയ്മെന്റിന്റെ പരസ്യമാണിതെന്നു കരുതിയാൽ തെറ്റി. ചെന്നൈയിൽ വെള്ളത്തിൽ അകപ്പെട്ട പ്രീമിയം വാഹനങ്ങളുടെ വിലയാണിത്. ലക്ഷങ്ങൾ വില വരുന്ന ഈ വാഹനങ്ങൾ റോ‍ഡ് ടാക്സ് തുകയ്ക്ക് ‍‍സ്വന്തമാക്കാം.

Chennai Volvo Showroom

വെള്ളം കയറി താറുമാറായ ലക്ഷ്വറി കാറുകൾ ഓൺലൈൻ ലേല കമ്പനിയായ കോപാർട്ട് ഇന്ത്യ ലിമിറ്റഡാണ് ലേലത്തിൽ വെയ്ക്കുന്നത്. നൂറിൽ അധികം കാറുകൾ തങ്ങളുടെ ശ്രീ പെരുമ്പത്തൂർ യാർഡിലുണ്ടെന്നാണ് കമ്പനി പറയുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന ലക്ഷ്വറി വെബ്സൈറ്റിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നും എന്നാൽ വാഹനത്തിന്റെ ബാക്കി തകരാറുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും കോപാർട് പറയുന്നുണ്ട്. ഇൻഷ്വറൻസ് കമ്പനികൾ, ഉടമകൾ, വാഹന വിതരണക്കാർ എന്നിവരിൽ നിന്നാണ് വാഹനങ്ങൾ ലേലത്തിന് ലഭിച്ചത് എന്നാണ് കമ്പനി പറയുന്നത്.

BMW

കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ ബിഎംഡബ്ല്യു 3 സീരീസിന് 6 ലക്ഷം രൂപയും 2015 ഔഡി എ4ന് 3.4 ലക്ഷം രൂപയും 2012 പോർഷെ കെയ്നിന് 5 ലക്ഷം രൂപയുമായിരുന്നു അടിസ്ഥാന വില. മൂന്നു മാസം ലേലം നീണ്ടു നില്‍ക്കുമെന്നാണ് കമ്പനി പറയുന്നത്. മറ്റൊരു ലേല കമ്പനിയായ ഓട്ടോമാർട്ടിൽ ഏകദേശം 10,000 കാറുകളാണ് വിൽപ്പനയ്ക്കുള്ളത്.